ഓണ്‍ലൈന്‍ വ്യാപാര കുത്തകകളെ ചെറുക്കാന്‍ വ്യാപാരികളും ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക്!
കോഴിക്കോട്: ഓണ്‍ലൈന്‍ വ്യാപാര കുത്തകകളെ ചെറുക്കാന്‍ വ്യാപാരികളും ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക്.വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് വി-ഭവന് (V-Bhavan) ഇ-കോമേഴ്സ് ആപ് അവതരിപ്പിക്കുന്നത്.സെപ്റ്റംബര്‍ 15 മുതല്‍ ആപ് പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉത്തരവാദിത്തത്തോടെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യം.കേരളത്തിലെ ഏത് സ്ഥാപനത്തിനും രജിസ്റ്റര്‍ ചെയ്ത് ആപ്പില്‍ അംഗത്വം എടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1001 പേര്‍ക്ക് ആദ്യമാസം സൗജന്യമായും തുടര്‍ന്നുള്ള മാസങ്ങളില്‍ 125 രൂപ ഫീസടച്ചും അംഗത്വം എടുക്കാമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.മേഖലാടിസ്ഥാനത്തിലും കേളത്തിലെ ഏത് ജില്ലയില്‍നിന്നും ആപ്പിലൂടെ സാധനങ്ങള്‍ വാങ്ങാനാകും. കൊറിയര്‍ സര്‍വിസ് വഴി 24 മണിക്കൂറിനകം ഉപഭോക്താക്കള്‍ക്ക് എത്തിക്കും. കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്ക്രാച്ച് കാര്‍ഡിലൂടെ ഡിസ്കൗണ്ട് ലഭ്യമാക്കും. ആപ്പിെന്റ ലോഗോ പ്രകാശനവും നിര്‍വഹിച്ചു.വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍, കെ. സേതുമാധവന്, എം. ഷാഹുല്‍ ഹമീദ്, വി. സുനില്‍കുമാര്‍, കെ.പി. അബ്ദുറസാഖ്, ഷഫീഖ് പട്ടാട്ട് എന്നിവര്‍ പങ്കെടുത്തു.