കാസർകോട് ടാറ്റാ കോവിഡ് ആശുപത്രി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിച്ച കോവിഡ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.
കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജില്‍ സര്‍ക്കാര്‍ അനുവദിച്ച 5.50 ഏക്കര്‍ ഭൂമിയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്
കോവിഡ് മഹാമാരിയുടെ കാലത്ത് നാടിന്റെ ആവശ്യമറിഞ്ഞ് ചികിത്സാ സൗകര്യമൊരുക്കാനായി ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കിയ കോവിഡ് ആശുപത്രി പൊതു-സ്വകാര്യ പങ്കാളിത്തം ഗുണകരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനുള്ള ഉദാത്തമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാസര്‍കോട് ചെമ്മനാട് പഞ്ചായത്തില്‍ ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച കോവിഡ് ആശുപത്രി സമുച്ചയ കൈമാറ്റ ഉദ്ഘാടനം നിര്‍വഹിച്ചു വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യസമയത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. ഇതിനെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ തന്നെ ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റി.
മികച്ച പ്രവര്‍ത്തനമാണ് ജനറല്‍ ആശുപത്രി കാഴ്ച വെച്ചത്. കൂടാതെ നാല് ദിവസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളോടെ 200 കിടക്കകള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിക്കാനും സര്‍ക്കാരിന് സാധിച്ചു. പ്രവര്‍ത്തന സജ്ജമാക്കാനായി മെഡിക്കല്‍ കോളേജിന് മാത്രം 273 തസ്തികകള്‍ക്കുള്ള നിയമന നടപടിക്ക് തുടക്കം കുറിച്ചു.
കോവിഡ് മഹാമാരിയുടെ ഓരോ ഘട്ടത്തിലും ജില്ലയില്‍ അതീവ ശ്രദ്ധയോടെയാണ് ഇടപെട്ടത്. അതിന്റെ ഫലമായി കോവിഡിനെ വരുതിയിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റ മൂര്‍ധന്യഘട്ടത്തിലാണ് കോവിഡ് പ്രതിരോധത്തിനായി ടാറ്റാ ട്രസ്റ്റും ടാറ്റാ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 500 കോടി നല്‍കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ട്വീറ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് ടാറ്റാ ഗ്രൂപ്പ് പ്രതിനിധികള്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയും ആശുപത്രി നിര്‍മിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തത്.
കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആശുപത്രി ജില്ലയില്‍ തന്നെ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആശുപത്രിക്കായി സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് ടാറ്റാ ഗ്രൂപ്പിന് നല്‍കിയത്. ആവശ്യമായ അഞ്ചേക്കര്‍ ഭൂമി ആഴ്ചകള്‍ക്കുള്ളിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കി കൈമാറിയത്. സമയബന്ധിതമായി ഏറ്റവും വേഗത്തില്‍ തന്നെ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് ആശുപത്രി സമുച്ചയം നിര്‍മിച്ച് നല്‍കിയത്.
കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയോട് സഹകരിക്കാന്‍ താല്പര്യം കാണിച്ച് ടാറ്റാ ഗ്രൂപ്പിനോടും ചെയര്‍മാന്‍ രത്തന്‍ ടാറ്റയോടും സര്‍ക്കാരിനുള്ള നന്ദി രേഖപ്പെടുത്തുന്നു. ബിസിനസ് എതിക്‌സ് പുലര്‍ത്തുന്നതില്‍ ഏറ്റവും നല്ല മാതൃകയാണ് ടാറ്റ ഗ്രൂപ്പ് കാഴ്ച വെക്കുന്നത്. ലോകത്താദ്യമായി കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ടാറ്റയാണ്. അതാണ് ലോകം പിന്നീട് അനുകരിക്കാന്‍ തുടങ്ങിയതും രാജ്യം നിയമമാക്കിയതും. 60 കോടി രൂപ ചെലവഴിച്ചാണ് കോവിഡ് ആശുപത്രി നിര്‍മിച്ചത്.
മികച്ച ആരോഗ്യസ്ഥാപനനങ്ങള്‍ ലഭ്യമല്ലാത്ത കാസര്‍കോടിനും കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കും ഈ മഹത്തായ സ്ഥാപനം മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.