കുടുംബശ്രീ വഴി പുതുതായി സംസ്ഥാനത്ത് ആരംഭിച്ചത് 4,0000 സംരംഭങ്ങള്‍.  

തിരുവനന്തപുരം: കുടുംബശ്രീ വഴി പുതുതായി സംസ്ഥാനത്ത് ആരംഭിച്ചത് 4,0000 സംരംഭങ്ങള്‍. നിലവില്‍ മൂന്ന് ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി 45 ലക്ഷം വനിതാ അംഗങ്ങളാണ് കുടുംബശ്രീയിലുളളത്. പട്ടിണിയില്ലാതാക്കാന്‍ കേരളം ആരംഭിച്ച ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷനാണ് കുടുംബശ്രീ. കുടുംബങ്ങളുടെ ഉന്നതിയും സ്ത്രീകളുടെ പുരോഗതിയും സമൂഹത്തിന്റെ അഭിവൃദ്ധിയും ലക്ഷ്യംവച്ചാണ് കുടുംബശ്രീയിലൂടെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ നാലര വര്‍ഷം വളര്‍ച്ചയുടെ പടവുകളിലേക്കാണ് കുടുംബശ്രീ സംഘടനാ സംവിധാനത്തെ ഉയര്‍ത്തിയത്. 2015-16 ല്‍ 75 കോടി രൂപയോളമുണ്ടായ കുടുംബശ്രീയുടെ ബജറ്റ് വിഹിതം 2021-22 ലെ ബജറ്റില്‍ എത്തുമ്ബോള്‍ 260 കോടിയിലേക്കാണ് ഉയര്‍ന്നത്.കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള തുക കൂടി കണക്കാക്കുമ്ബോള്‍ 1749 കോടി രൂപയാണ് കുടുംബശ്രീക്കുള്ള ആകെ ബജറ്റ് വിഹിതം. കുടുംബശ്രീക്കുള്ള സാമ്ബത്തിക വിഹിതം വര്‍ദ്ധിപ്പിച്ച്‌ സ്ത്രീ ശാക്തീകരണത്തിനും സാമൂഹ്യ പുരോഗതിക്കും ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.കുടുംബശ്രീ ഏറ്റവും കാര്യക്ഷമമായ ഉപജീവന മിഷനായി വളര്‍ന്നു എന്നതാണ് ഈ കാലയളവിലെ പ്രത്യേകത. നാല്‍പതിനായിരത്തോളം സംരംഭങ്ങളിലൂടെയാണ് വനിതകള്‍ക്ക് സ്വയം തൊഴില്‍ അവസരം ഒരുക്കിയത്. എഴുപതിനായിരത്തോളം സംഘകൃഷി ഗ്രൂപ്പുകളിലൂടെ കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കുടുംബശ്രീക്ക് സാധിച്ചു. കൊച്ചിന്‍ മെട്രോയുടെ നടത്തിപ്പ് മുതല്‍ മാലിന്യനിര്‍മാര്‍ജ്ജനം വരെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കുന്നത്. പ്രാദേശിക തലത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ചുക്കാന്‍ പിടിക്കുന്ന ഹരിതകര്‍മ്മ സേനയില്‍ 25000 ത്തിലധികം വനിതകളാണ് പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കുടുംബശ്രീയിലൂടെ ഉപജീവന പദ്ധതികള്‍ നടപ്പാക്കാന്‍ ഒരോ വര്‍ഷവും 50 കോടി രൂപയില്‍ അധികമുള്ള പ്രത്യേക ഉപജീവന പാക്കേജും സര്‍ക്കാര്‍ അനുവദിച്ചു. ഇതുകൂടാതെ റീബില്‍ഡ് കേരളയുടെ ഭാഗമായി 250 കോടിയുടെ പ്രത്യേക പാക്കേജും അനുവദിച്ചു. സാമൂഹ്യ ക്ഷേമം ലക്ഷ്യമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കിയത്. ഒന്നര ലക്ഷത്തിലധികം അഗതി കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അഗതി രഹിത കേരളം പദ്ധതിയും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി 150 ഓളം പുതിയ ബഡ്‌സ് സ്‌കൂളുകളും സ്ഥാപിച്ചു. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കായി സ്‌നേഹിത കോളിംഗ് ബെല്‍ പദ്ധതി ആവിഷ്‌കരിച്ചു.സ്ത്രീകള്‍ക്കുള്ള വണ്‍ സ്‌റ്റൊപ്പ് സെന്ററായി എല്ലാ ജില്ലയിലും സ്‌നേഹിത തുടങ്ങി. ഇതോടൊപ്പം 700 തദ്ദേശ സ്ഥാപനങ്ങളില്‍ ജെന്റര്‍ റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിച്ചും കുടുംബശ്രീ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. കേരളത്തിനു പുറമെ ഇരുപതോളം സംസ്ഥാനങ്ങളില്‍ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നതിലേക്ക് മികവ് ഉയര്‍ത്താന്‍ കുടുംബശ്രീക്ക് കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ സാധിച്ചു. ഉഗാണ്ട, അസര്‍ബൈജാന്‍, താജിക്കിസ്ഥാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ അന്താരാഷ്ട്ര തലത്തലുള്ള പരിശീലങ്ങള്‍ നടത്താനും കുടുംബശ്രീക്ക് അവസരം ലഭിച്ചു. സ്ത്രീ ശാക്തീകരണത്തിലും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും പുതിയ മാതൃക സൃഷ്ടിച്ച കുടുംബശ്രീ ഇന്ന് രാജ്യത്തിനകത്തും പുറത്തും പ്രശംസിക്കപ്പെടുന്ന രീതിയില്‍ മാറിക്കഴിഞ്ഞു എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team