കുരുമുളകിന് വീണ്ടും വിലകൂടി!
കുരുമുളകിന് വീണ്ടും വിലകൂടി. ഉത്തരേന്ത്യയില്‍ നിന്നുള്ള ആവശ്യം വര്‍ധിച്ചതോടെ വരവ് കൂടിയിട്ടും വില ഉയര്‍ന്നു. ക്വിന്റലിന് 100 രൂപ കൂടി. ഇറക്കുമതി തുടരുകയാണ്. വിയറ്റ്‌നാമില്‍ നിന്ന് കഴിഞ്ഞ മാസം 400 ടണ്‍ കുരുമുളക് ഇറക്കുമതി ചെയ്‌തു. കഴിഞ്ഞ പത്തുമാസത്തെ ഇറക്കുമതി തോത് ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയത് 2741 ടണ്‍ കുരുമുളക്.
കിലോയ്‌ക്ക് 500 രൂപ മിനിമം ഇറക്കുമതി നികുതി കൊടുത്താണ് ഇന്ത്യയിലെ വന്‍കിട കമ്ബനികള്‍ ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ ഇറക്കുമതി നടത്തിയത്. ശ്രീലങ്കയില്‍ ഒരു ടണ്‍ കുരുമുളകിന് 3500 ഡോളറാണ് നിരക്ക്.
ഇന്ത്യയുടെ നിരക്ക് ഒരു ടണ്‍ കുരുമുളകിന് 5000 ഡോളര്‍.ശ്രീലങ്കയില്‍ നിന്ന് ഒരു ടണ്‍ കുരുമുളക് ഇറക്കുമതി കൊടുത്ത് ഇന്ത്യയില്‍ എത്തുമ്ബോള്‍ 7000 ഡോളര്‍ വിലവരും. 3500 ഡോളര്‍ അധികം നല്‍കി ഇറക്കുമതി ചെയ്യുമ്ബോള്‍ കള്ളപ്പണം വെളുപ്പിക്കുകയാണെന്നാണ് കയറ്റുമതിക്കാരുടെ ആരോപണം.
ഇന്ത്യന്‍ കണ്ടെയ്‌നര്‍ ഡിപ്പോ വഴിയാണ് യാതൊരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി തുടരുന്നത്. 2741 ടണ്‍ കുരുമുളക് ഇറക്കുമതി നടന്നപ്പോള്‍ എഴുപതരക്കോടി രൂപയാണ് വെളുപ്പിച്ചത്. ഉത്തരേന്ത്യയില്‍ കുരുമുളകിന് ആവശ്യക്കാര്‍ കൂടിയതോടെ വിയറ്റ്‌നാമില്‍ നിന്നുള്ള ഇറക്കുമതി മുളക് ഡല്‍ഹി തുഗ്‌ളക്കാബാദ് തുടങ്ങി മാര്‍ക്കറ്റുകളില്‍ കൊച്ചി വിലയേക്കാള്‍ കിലോക്ക് 10 രൂപ കുറച്ച് വില്‍പന തുടങ്ങി.
രാജ്യാന്തര വിപണിയില്‍ വിയറ്റ്‌നാം 2800 ല്‍ നിന്ന് 2900-3000 ഡോളറായി വില ഉയര്‍ത്തി. ശ്രീലങ്ക 3500, ഇന്തോനേഷ്യ 3000, ബ്രസീല്‍ 2800 ഡോളറില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. വാരാന്ത്യവില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് ക്വിന്റലിന് 33000, ഗാര്‍ബിള്‍ഡ് മുളക് 35000 രൂപ.