കെഎസ്‌എഫ്‌ഇയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്:പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം!
തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ഇതിനായി പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി കാരണം പ്രവാസികളില്‍ വലിയൊരു ശതമാനമാണ് സംസ്ഥാനത്തേക്ക് മടങ്ങി എത്തിയിരിക്കുന്നത്. കെഎസ്‌എഫ്‌ഇ ആരംഭിക്കുന്ന പുതിയ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ മടങ്ങി എത്തിയ പ്രവാസികള്‍ക്കാണ് മുന്‍ഗണന നല്‍കുക എന്നും ധനമന്ത്രി അറിയിച്ചു.
3000 ബിസിനസ് പ്രമോട്ടര്‍മാരെയാണ് കെഎസ്‌എഫ്‌ഇയില്‍ നിയമിക്കുക. കെഎസ്‌എഫ്‌ഇ ചിട്ടികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും. ഓണ്‍ലൈന്‍ അധിഷ്ഠിത ചിട്ടികള്‍ ആരംഭിക്കാനും കെഎസ്‌എഫ്‌ഇക്ക് പദ്ധതിയുണ്ട്.ട്രഷറിയില്‍ 8000 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രവാസി ചിട്ടി വഴി കിഫ്ബി ബോണ്ടുകളിലുളള നിക്ഷേപം ഉയര്‍ത്തും. 2021-22 വര്‍ഷത്തില്‍ 1000 കോടി രൂപയായാണ് നിക്ഷേപം ഉയരും
പ്രവാസികള്‍ക്കായുളള ആശ്വാസ സഹായങ്ങളും ധനമന്ത്രി ടിഎം തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമത്തിന് വേണ്ടി ബജറ്റില്‍ നല്ലൊരു തുക വകയിരുത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങി എത്തുന്ന പ്രവാസികളുടെ പെന്‍ഷന്‍ 3000 രൂപയായും വിദേശത്തുളളവരുടെ പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. ക്ഷേമനിധി അംശാദായം വിദേശത്ത് ഉളളവര്‍ക്ക് 350 രൂപയായും നാട്ടില്‍ തിരിച്ച് എത്തിയവര്‍ക്ക് 200 രൂപയായും ഉയര്‍ത്തി. 9 കോടി രൂപയാണ് പ്രവാസി ക്ഷേമനിധിക്ക് അനുവദിച്ചിരിക്കുന്നത്. പ്രവാസികള്‍ക്കായി ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനായി 100 കോടി രൂപയും വകയിരുത്തി.