# കേരളം ഇനി വിലയേറിയ ബ്രാൻഡ്!!!  

മാധ്യമപ്രവർത്തകൻ ബൈജു ബാപ്പുട്ടി എഴുതുന്നു.
സാമ്പത്തിക ഞെരുക്കത്തി’ന്റെയും പുനർനിർമാണത്തിന്റെയും കോറോണാനന്തര കാലത്ത് ‘അതിജീവിച്ച സ്റ്റേറ്റ് ‘ എന്ന ടാഗ് ലൈനിലാകും കേരളം അറിയപ്പെടുക.

കോവിഡ് പ്രതിരോധത്തിൽ ഇറ്റലി, സ്പെയിൻ, യു എസ് തുടങ്ങിയ രാജ്യങ്ങൾ പരാജയപ്പെട്ടപ്പോൾ പുഷ്പം പോലെ പ്രതിരോധം തീർത്ത കേരളത്തിന്റെ ക്രൈസിസ് മാനേജ്മെന്റും അഡ്മിനിസ്ട്രേറ്റീവ് സ്കിലും ലോകം ശ്രദ്ധിച്ചു തുടങ്ങി. നിപ്പ, ഓഖി, പ്രളയം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ഇതു ലോകം കണ്ടു. കോവിഡ് പ്രതിരോധത്തിനായുള്ള ഹോസ്പിറ്റലും ചെലവ് കുറഞ്ഞ വെന്റിലേറ്ററും തുടങ്ങി ജനകീയാടിസ്ഥാനത്തിലുള്ള മാസ്ക് നിർമാണം വരെ ഇതിനുദാഹരണമാണ്.
പൊതുമേഖലയ്ക്ക് കീഴിൽ വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണ സംവിധാനം തുടങ്ങിയവ ലോകത്തിന് കൗതുകമാകും.

കുടുംബശ്രീ എന്ന പേരിൽ സ്ത്രീകളെ അണിനിരത്തിയുള്ള അടിസ്ഥാന തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുന്ന രീതി തുടങ്ങിയവ പoന വിധേയമാകും. അങ്ങിനെ നിക്ഷേപ സൗഹൃദമല്ലാത്ത സംസ്ഥാനം എന്ന ദുഷ്പേര് കേരളം കൈയൊഴിയും. നിക്ഷേപകർ കേരളത്തെ ലക്ഷ്യം വയ്ക്കും. കേരളത്തിന് പുതിയ സാധ്യതകൾ തുറയ്ക്കും!.

ഇനിയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം കേരളം പ്രയോജനപ്പെടുത്താൻ പോകുന്നത്.
ഇന്ന് ഭരണാധികാരികൾക്കും നാട്ടുകാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്ന പ്രവാസികളുടെ തിരിച്ച് വരവ് തെന്നെയെടുക്കാം. നെഗറ്റീവ് അപ്രോച്ചാണ് പലരും ഇക്കാര്യത്തിൽ പുലർത്തുന്നത്. എന്നാൽ ചെറുകിട യോ വൻകിടയോ ആയ പ്രവാസികൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നതായി കരുതുക. ഇത്രയും കാലം അവർ അധ്വാനിച്ച് സ്വരുക്കൂട്ടിയ വക എവിടെയാവും നിക്ഷേപിക്കുക? സംശയമില്ല കേരളത്തിൽ. ഏതു മേഖലയിലാകും അതെന്ന് മാത്രമാണ് പിന്നെ ആലോചിക്കാനുള്ളൂ. അവസരമാണ് കണ്ടെത്തലിലേക്ക് നയിക്കുക.

പ്രവാസികൾക്കായി സർക്കാർ ബോണ്ടിറക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ മേഖലകൾ താനെ തുറന്ന് വരും. ടൂറിസം അവയിൽ ഗണ്യമായ ഒരു പങ്ക് വഹിക്കാനാണ് സാധ്യത. കേരളം ഗ്ലോബലായി നേടിയെടുക്കുന്ന സൽപേരും നമ്മുടെ ടൂറിസം സാധ്യതകളും പ്രവാസി നിക്ഷേപവും ചേരുന്നതോടെ ഈ മേഖല സൂപ്പർ ഹിറ്റിലേക്ക് കുതിക്കും.

ചെറിയ പലിശയ്ക്ക് സർക്കാർ തന്നെ പ്രവാസികൾക്കായി കടപത്രങ്ങൾ ഇറക്കിയാൽ സർക്കാരിനു കോടികൾ സ്വരൂപിക്കാനാകും. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് ഇതിനു കഴിയില്ലെന്നതാണ് തടസം. എങ്കിലും കോവിഡ് റീ ബിൽഡിംഗിനായി ഈ ആവശ്യത്തിനായി കേന്ദ്രത്തിൽ സമർദ്ദം ശക്തമാക്കാവുന്നതാണ്. ഇത് യാഥാർഥ്യമായാൽ സംസ്ഥാനത്തിന് വായ്പയ്ക്കായി വിദേശ ബാങ്കുകളെ സമീപിക്കേണ്ടിയും വരില്ല.
വിദേശരാജ്യങ്ങളും അവിടങ്ങളിലെ രീതിയും അറിയുന്ന പ്രവാസികൾക്ക് ഇന്റർനെറ്റ് അതിസ്ഥിത ബിസിനസുകളും വിജയിപ്പിക്കാനാകും.

ഓൺലൈൻ വിദ്യാഭ്യാസം മുതൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം വരെ ഇതിലുൾപ്പെടും.
നാം കോവിഡ് ഭീതിയെ മറികടക്കുന്നതോടെ ഏറ്റവും ശ്രദ്ധേയമാകുന്ന മേഖലയായിരിക്കും ആരോഗ്യ മേഖല. മെഡിസിൻ, നഴ്സിംഗ് മേഖലയ്ക്ക് വിലയേറും. നമ്മുടെ ഡോക്ടർമാരും നഴ്സുമാരുമാണ് ഇന്നത്തെ നമ്മുടെ അംബാസിഡർമാർ. അവരുടെ പ്രവർത്തന മികവ് കൊണ്ടാണ് ഇതു സാധിച്ചത്. ഇത്തരം ലോകോത്തര മേന്മയുള്ള ഡോക്ടർമാരെയും നഴ്സുമാരെയും സൃഷ്ടിച്ചെടുക്കാൻ നമ്മുടെ മെഡിക്കൽ കോളജുകളെ ഇനിയും അപ്ഡേറ്റ് ചെയ്യണം. ഇതിനായി വൻതോതിൽ നിക്ഷേപം നടത്താൻ വിദേശത്തു നിന്നടക്കം നിക്ഷേപം കേരളത്തിനു പ്രതീക്ഷിക്കാം. കേരളത്തിൽ നിന്നുള്ള നഴ്സുമാരും ഡോക്ടർമാരും ഫാർമസ്യൂട്ടിക്കൽ രംഗത്തെ വിദഗ്ധരും സൃഷ്ടിച്ച സൽപേര് ഇത്തരം മെഡിക്കൽ കോളജുകൾക്ക് ബ്രാൻഡ് ചെയ്യാനാകും.

കേരളം പരീക്ഷിച്ച് തുടങ്ങിയ മെഡിക്കൽ ടൂറിസവും ഇതോടനുബന്ധിച്ച് വികസിപ്പിക്കാനാകും. വിദേശികളെ ലോകത്തിലെ ഏറ്റവും ചുരുങ്ങിയ ചെലവിൽ കേരളത്തിലെത്തിച്ച് ചികിത്തിക്കുന്ന മെഡിക്കൽ ടൂറിസം ഇതു വഴി ആഗോള തലത്തിൽ വളർച്ച പ്രാപിക്കും.

നിർമാണ മേഖലയ്ക്കും പ്രതീക്ഷയ്ക്കാണ് വക. സ്ഥലമെടുത്ത് വീട് നിർമിക്കുകയെന്നത് സാധാരണക്കാർക്ക് തുടർന്നും അപ്രാപ്യമായി തുടരും . ഇവിടെയാണ് നിർമാണ മേഖലയ്ക്ക് ഇടപ്പെടാനാകുക. പത്തിനും ഇരുപതിനുമിടയ്ക്ക് ചെലവ് വരുന്ന അപ്പാർട്ട്മെന്റ് / ക്വാർട്ടേഴ്സുകൾക്ക് ആവശ്യക്കാരേറും. ഇതര സംസ്ഥാന തൊഴിലാളികൾക്കും കുടുബമായി പാർക്കാൻ ഇത്തരം ഫ്ളാറ്റുകൾ ഉപകരിക്കും. അതിനാൽ റെന്റൽ റിട്ടേൺസ് പ്രതീക്ഷയിൽ ഈ മേഖലയിലേക്കും നിക്ഷേപം വരും.

കോവിഡിനു ശേഷമുള്ള അവസ്ഥ ഇങ്ങിനെ പ്രതീക്ഷ നിറഞ്ഞതാണെങ്കിലും അതിനെ പ്രതിലോമപരമായി വിലയിരുത്തുകയും ഭയപ്പെടുകയുമാണ് ശരാശരി മലയാളികളെല്ലാം. അതിനു പകരം പ്രതീക്ഷാ നിർഭരമായ ചിത്രം രൂപപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. അതിനു അധികാരികളുടെയും നിക്ഷേപകരുടെയും കൂട്ടായ പ്രയത്നമാണ് സർവ മേഖലയിലും നടക്കേണ്ടത്. മാത്രമല്ല ഈ ബ്രാൻഡിംഗ് ഘട്ടങ്ങളിലെ ഏറ്റവും പ്രധാനമായ മറ്റൊരു ഘടകം നമ്മൾ ഓരോ മലയാളികളുമാണ്. നമ്മൾ നമ്മളെത്തന്നെ താഴ്ത്തിക്കെട്ടാതെ തല ഉയർത്തിപ്പിടിച്ചു കൊണ്ട് ഭാവി നമ്മുടേതാണെന്നും നമ്മൾ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചു തിരിച്ചു വരുമെന്നും ഉറക്കെപ്പറയണം. ഇത് എല്ലാവർക്കും ഊർജ്ജവും, ഇന്നത്തെ അവസരങ്ങളെ ശരിയാം വിധം വിനിയോഗിക്കാനുള്ള ശക്തിയും അതു നൽകും.

അങ്ങനെ നാളത്തെ വിലയേറിയ മികച്ച ബ്രാൻഡായി കേരളം മാറാൻ പോവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team