കേരളത്തിന്റെ ലിഥിയം ബാറ്ററി; വാഹനബാറ്ററി ഗവേഷണരംഗത്ത് കേരളത്തിന്റെ കൈയൊപ്പ്  

കേരളം സ്വന്തമായി വികസിപ്പിച്ച ലിഥിയം ബാറ്ററിയുടെ ആദ്യരൂപമായി. കേരളത്തിലെ മൂന്നു സാങ്കേതികസ്ഥാപനങ്ങൾ ചേർന്ന കൺസോർഷ്യമാണ് ഇതിനുപിന്നിൽ. കെ-ഡിസ്കിന്റെ നേതൃത്വത്തിലാണ് കൺസോർഷ്യം ഇലക്ട്രിക് വാഹനബാറ്ററിക്കുള്ള തദ്ദേശീയ സാങ്കേതികവിദ്യക്ക് രൂപംകൊടുത്തത്. തിരുവനന്തപുരത്തെ ടൈറ്റാനിയം കമ്പനി അസംസ്കൃതവസ്തുവായ ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് (എൽ.ടി.ഒ.) നൽകും. വി.എസ്.എസ്.സി. അതിൽനിന്ന് ഇലക്ട്രോഡുകൾ നിർമിക്കും.വാഹനങ്ങളുടെ ബാറ്ററിക്കുവേണ്ട പവർ ഇലക്ട്രോണിക് സംവിധാനങ്ങൾ സി ഡാക് വികസിപ്പിക്കും.

ഇവരെല്ലാം ചേർന്ന കൺസോർഷ്യം വികസിപ്പിച്ച ലിഥിയം ബാറ്ററിയുടെ ആദ്യരൂപം കഴിഞ്ഞദിവസം മുഖ്യമന്ത്രി പുറത്തിറക്കി. കുറഞ്ഞചെലവിൽ കൂടുതൽ ശേഷിയുള്ളതും സുരക്ഷിതവുമായ വാഹനബാറ്ററിക്കുവേണ്ടിയുള്ള ഗവേഷണം ലോകമെമ്പാടും നടക്കുമ്പോൾ കേരളത്തിന്റെ ഈ രംഗത്തുള്ള ചെറിയ കാൽവെപ്പാണ് കെ ഡിസ്കിന്റെ നേതൃത്വത്തിൽ നടക്കുന്നത്.2.3 വോൾട്ടിന്റെ 20 എ.എച്ച്. (ആംപിയർ അവർ) ബാറ്ററിയാണ് അടുത്തിടെ പുറത്തിറക്കിയത്. അതിവേഗചാർജ് ചെയ്യൽ സൗകര്യമുള്ള ബാറ്ററികൂടിയാണിത്.

ടൈറ്റാനിയം കമ്പനിയിൽനിന്ന് ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് യഥേഷ്ടം ലഭ്യമാവുമെന്നു തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സംരംഭത്തിന് തയ്യാറെടുത്തതെന്ന് കെ ഡിസ്കിന്റെ ഇലക്ട്രിക് വെഹിക്കിൾ ഡിവിഷൻ കൺസൽട്ടന്റ് അശോക് കുമാർ എ. ‘ചൈനയിൽനിന്നാണ് ബാറ്ററിയുടെ ഘടകങ്ങളെല്ലാം ഇറക്കുമതിചെയ്യുന്നത്. ടൈറ്റാനിയം കമ്പനിയിൽ ഉപോത്പന്നമായി ലഭിക്കുന്ന ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡിൽനിന്ന് ലിഥിയം ഇലക്ട്രോഡുകൾ നിർമിക്കാനാവുമോ എന്നാണ് നോക്കിയത്” -അശോക് കുമാർ പറഞ്ഞു.

ബാറ്ററി മാനേജ്മെന്റ് സംവിധാനം നിർമിക്കുന്ന സി ഡാക്കിനുപുറമേ സാങ്കേതികരംഗത്തെ ഗവേഷണത്തിനായി തിരുവനന്തപുരം എൻജിനിയറിങ് കോളേജിനുകീഴിൽ സർക്കാർ ആരംഭിച്ച ട്രസ്റ്റ് (ട്രിവാൻഡ്രം എൻജിനിയറിങ് സയൻസ് റിസർച്ച്) പാർക്കും ഇലക്ട്രിക് വെഹിക്കിൾ കൺസോർഷ്യത്തിന്റെ ഭാഗമാണ്. ചെറിയ പരിഷ്കാരങ്ങൾകൂടി നടത്തേണ്ടതുണ്ടെന്നും അതുകഴിഞ്ഞാൽ വാണിജ്യ ഉത്പാദനത്തിനായി സാങ്കേതികവിദ്യ സ്ഥാപനങ്ങൾക്ക് കൈമാറുമെന്നും അശോക് കുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team