കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 5ന് ഉദ്ഘാടനം ചെയ്യും!
ദില്ലി: കൊച്ചി-മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അഞ്ചിന് ഉദ്ഘാടനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴി 11 മണിക്കാകും ഉദ്ഘാടനം. വ്യവസായങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമുള്ള പ്രകൃതി വാതകം കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ പുതിയ പൈപ്പ് ലൈന്‍ വരുന്നതോടെ സാധ്യമാകുമെന്നാണ് അധികൃതരുടെ വിശദീകരണം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണടാക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കേരള, കര്‍ണാടക ഗവര്‍ണര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.കൊച്ചിയില്‍ നിന്ന് മംഗളൂരുവിലേക്ക് ഓരോ ദിവസവും 12 ദശലക്ഷം മെട്രിക് സ്റ്റാന്റേഡ് ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകം എത്തിക്കാന്‍ ഗെയില്‍ പൈപ്പ് ലൈന്‍ വഴി സാധിക്കുമെന്നാണ് കരുതുന്നത്.450 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെയാണ് മംഗളൂരുവില്‍ പൈപ്പ് ലൈന്‍ എത്തുന്നത്. 3000 കോടിയുടെ പദ്ധതിയായിരുന്നു പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍. കേരളത്തില്‍ പ്രകൃതി വാതകം തടസമില്ലാതെ വിതരണം ചെയ്യാന്‍ ഇനി സാധിക്കുമെന്ന് ഗെയില്‍ ഡയറക്ടര്‍ എംവി അയ്യര്‍ പറയുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ വളരെ ശ്രമകരമായ ദൗത്യമായിരുന്നു. ജനം തിങ്ങിപ്പാര്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടു. എന്നാല്‍ നഷ്ടപരിഹാരം നല്‍കിയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയും ബലം പ്രയോഗിച്ചുമെല്ലാമാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. 2009ലാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പദ്ധതി തുടങ്ങിയത്. 2014ല്‍ പൂര്‍ത്തിയാകുന്നതായിരുന്നു പദ്ധതി. 2195 കോടി രൂപയാണ് അന്ന് കണക്കാക്കിയത്. എന്നാല്‍ പ്രതിഷേധം മൂലം പദ്ധതി വൈകുകയായിരുന്നു.