കൊച്ചി മെട്രോ സര്‍വീസ് നീട്ടി.  

കൊച്ചി മെട്രോ സര്‍വീസ് നീട്ടി. ഇനി മുതല്‍ അവസാന ട്രെയിന്‍ രാത്രി 10 മണിക്കാവും പുറപ്പെടുക. യാത്രക്കാരുടെ വര്‍ദ്ധനവും യാത്രക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.രാത്രി 9മണിക്കും 10മണിക്കും ഇടയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ 20മിനിറ്റ് ആയിരിക്കും. നേരത്തെ, രാത്രി 9 മണിക്കായിരുന്നു അവസാന സര്‍വീസ് ആരംഭിച്ചിരുന്നത്.അതേസമയം, കൊച്ചി മേയര്‍ അഡ്വ.എം. അനില്‍ കുമാര്‍ കൊച്ചി മെട്രോ കോര്‍പ്പറേറ്റ് ഓഫീസ് സന്ദര്‍ശിച്ചു.

കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍, ഡയറക്ടര്‍മാര്‍, ഹെഡ് ഓഫ് തെ ഡിപ്പാര്‍ട്മെന്റ് എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തി. കെഎംആര്‍എല്ലിന്റെ വിവിധ പദ്ധതികളായ ഫേസ് 1 വിപുലീകരണം, ഫേസ് 2 വാട്ടര്‍ മെട്രോ, ഐ യു ആര്‍ ഡബ്ല്യു ടി എസ്, എന്‍എംടി എന്നിവയുടെ വിശദമായ വിവരങ്ങള്‍ കൊച്ചി മെട്രോ എം ഡി നല്‍കി.

മേയര്‍ തന്റെ സംതൃപ്തി പ്രകടിപ്പിക്കുകയും, എല്ലാ പദ്ധതികളിലും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. നഗരത്തിന്റെ പുരോഗതിക്കായി നടപ്പാക്കുന്ന പദ്ധതികള്‍ പുതുക്കുന്നതിനും നിലനിര്‍ത്തുന്നതിനും കോര്‍പ്പറേഷന്‍ അധികാരികള്‍ കെഎംആര്‍എല്ലുമായി പ്രതിമാസ യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്.

ഐ.യു.ആര്‍.ഡബ്ല്യു.ടി.എസ്., വാട്ടര്‍ മെട്രോ പദ്ധതികള്‍ ത്വരിതപ്പെടുത്താനും പുരോഗതി ഉയര്‍ത്തിക്കാട്ടാനും പ്രോജക്‌ട് എത്രയും വേഗം പൊതു ജനത്തിന് ലഭ്യമാക്കാനും മേയര്‍ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍, ഈ മാസം അവസാനം കെഎംആര്‍എല്‍ ഉദ്യോഗസ്ഥനോടൊപ്പം വാട്ടര്‍ മെട്രോ ജെട്ടികളുടെയും വാട്ടര്‍ മെട്രോ ബോട്ടിന്റെയും സൈറ്റുകള്‍ മേയറും കൗണ്‍സിലര്‍മാരും സന്ദര്‍ശിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team