കൊറോണ നിയന്ത്രിക്കാന്‍ ഗൂഗിള്‍ സര്‍ക്കാരിന് ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഡാറ്റ നല്‍കുന്നു  

കോവിഡ് -19 ലോകത്താകമാനം ഭീതി പരത്തുകയാണ്. ഇന്ത്യയിൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൌൺ ഉൾപ്പെടെ പല നടപടികളും കൈക്കൊള്ളുന്നുണ്ട്. ഇപ്പോഴിതാ രോഗബാധ ഉള്ള ആളുകൾ സഞ്ചരിക്കുന്നത് അറിയാനായി ഗൂഗിൾ ഉപയോക്താക്കളടെ ലൊക്കേഷൻ ഡാറ്റ സർക്കാരിന് കൈമാറാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ്-19 യുടെ വ്യാപനം തടയുന്നതിനായാണ് ആളുകളുടെ ലൊക്കേഷൻ വിവരങ്ങൾ സർക്കാരുകൾക്ക് കൈമാറുന്നതെന്ന് ഗൂഗിൾ അറിയിച്ചു. ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നറിയാനും ഈ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. 131 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ലൊക്കേഷൻ റിപ്പോർട്ടുകൾ ഒരു പ്രത്യേക വെബ്‌സൈറ്റിൽ ലഭ്യമാക്കുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

പ്രത്യേക വിധത്തിലുള്ള ചാർട്ട് രീതിയിലായിരിക്കും പുതിയ വെബ്സൈറ്റിൽ ഡാറ്റ നൽകുക. അതിൽ ജിയോഗ്രഫി അടിസ്ഥാനമാക്കിയുള്ള ട്രന്റുകൾ ഉണ്ടാകും. പാർക്കുകൾ, ഷോപ്പുകൾ, വീടുകൾ, ജോലിസ്ഥലങ്ങൾ എന്നിവപോലുള്ള സ്ഥലങ്ങളിലേക്ക് ആളുകൾ എത്തുന്നതിലുണ്ടായ വർദ്ധനവോ കുറവുകളോ ഇതിൽ രേഖപ്പെടുത്തും. ആളുകളുടെ കൃത്യമായ എണ്ണമല്ല പകരം ശതനമാനക്കണക്കിലാണ് ഇത് ലഭിക്കുക. കോവിഡ് -19 പാൻഡെമികിനെ കൈകാര്യം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളിൽ ഈ റിപ്പോർട്ട് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു.

അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്ന കടകളും മറ്റും തുറന്ന് പ്രവർത്തിക്കേണ്ട സമയങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും ഡെലിവറി സേവനങ്ങൾ നിശ്ചയിക്കുന്നതിനും അവശ്യ യാത്രകളുമായി ബന്ധപ്പെട്ട നിലവിലെ രീതികൾ മാറ്റുന്നതിനോ ഗൂഗിൾ നൽകുന്ന ഡാറ്റ സർക്കാരുകളെ സഹായിക്കും. ഗൂഗിൾ മാപ്സ് ട്രാഫിക് ജാം കണ്ടെത്തുന്നത് പോലെ തന്നെ ആളുകളുടെ സഞ്ചാരങ്ങളും ആൾക്കൂട്ടങ്ങളും കണ്ടെത്താനും ഈ ഡാറ്റയിലൂടെ സാധിക്കും.

ഗൂഗിൾ സർക്കാരുകൾക്ക് ലഭ്യമാക്കുന്ന ഡാറ്റ അനോണമസ് ഡാറ്റയായിരിക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ലൊക്കേഷൻ, കോൺ‌ടാക്റ്റുകൾ, മൂവ്മെന്റ്സ് പോലുള്ള വ്യക്തിപരമായി തിരിച്ചറിയാൻ‌ കഴിയുന്ന വിവരങ്ങൾ‌ സർക്കാരിനോ മറ്റേതെങ്കിലും അധികൃതർക്കോ നൽകില്ലെന്ന് ഗൂഗിൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

റോ ഡാറ്റയിലേക്ക് “ആർട്ടിഫിഷ്യൽ നോയിസ്” ചേർക്കുന്ന ഒരു സ്റ്റാറ്റിസ്റ്റിക്കൽ സാങ്കേതികതയും റിപ്പോർട്ടുകളിൽ ഉപയോഗിക്കും. ഇത് ഉപയോക്താക്കളെ തിരിച്ചറിയുന്നതിന് തടസമായി പ്രവർത്തിക്കും. ഒരു ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമായി 50,000 ത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്ത വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി ചൈന, സിംഗപ്പൂർ, ഇസ്രായേൽ അടക്കമുള്ള സർക്കാരുകൾ അവരുടെ ജനങ്ങളുടെ നീക്കങ്ങൾ ഇലക്ട്രോണിക് മോണിറ്ററിങ്ങിന് വിധേയമാക്കുന്നുണ്ട്.

യൂറോപ്പിലും അമേരിക്കയിലും, ടെക്നോളജി സ്ഥാപനങ്ങൾ വൈറസ് പടരുന്നത് കണ്ടെത്തുന്നതിനായി ആളെ തിരിച്ചറിയാത്ത വിധത്തിലുള്ള സ്മാർട്ട്ഫോൺ ഡാറ്റ ഷെയർ ചെയ്യുന്നുണ്ട്. സ്വകാര്യതയ്ക്ക് പ്രാധാന്യം ഏറെ നൽകുന്ന ജർമ്മനി പോലും രോഗം പടരുന്നത് നിയന്ത്രിക്കാൻ ഒരു സ്മാർട്ട്ഫോൺ അപ്ലിക്കേഷൻ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്.

സ്വേച്ഛാധിപത്യ സ്വഭാവമുള്ള സർക്കാരുകൾ കൊറോണ വൈറസിന്റെ ആ സാഹചര്യം മുതലെടുത്ത് സ്വതന്ത്രമായി സംസാരിക്കുന്നവരെ അടിച്ചമർത്തുന്നതിനും നിരീക്ഷണം വർദ്ധിപ്പിക്കുന്നതിനും മുൻകൈ എടുക്കുന്നുവെന്ന് ആക്ടിവിറ്റുകൾ ആരോപിക്കുന്നു. ലിബറൽ ഡെമോക്രസികളുള്ള രാജ്യങ്ങളിൽ ഇത്തരത്തിൽ ഡാറ്റ ഉപയോഗിക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്നാണ് ചിലരുടെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team