കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി
കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കോട്ടയം മെഡിക്കൽ കോളേജിൽ 200 കിടക്കകളുള്ള പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നബാർഡിന്റെ ധനസഹായത്തോടെ 36.42 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. ഹൃദ്രോഗ ചികിത്സക്കായി പ്രത്യേക ബ്ലോക്ക് വരുന്നത് കാർഡിയോളജി, കാർഡിയോ തൊറാക്‌സിക്ക് വിഭാഗങ്ങളുടെ വികാസത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 42.69 കോടി മുടക്കി നിർമ്മാണം പൂർത്തീകരിച്ച പുതിയ വാർഡുകളും ഐസിയുവും, നെഗറ്റീവ് പ്രഷർ ഐസിയു, മെഡിക്കൽ വിദ്യാർത്ഥിനികൾക്കുള്ള ഹോസ്റ്റൽ, പിജി വിദ്യാർത്ഥികൾക്കായി നിർമിച്ച റസിഡന്റ് ക്വാർട്ടേഴ്സ്, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനവും പുതുതായി ആരംഭിക്കുന്ന രണ്ട് പദ്ധതികളുടെ നിർമാണോദ്ഘാടനവുമാണ് നടന്നത്.
134.45 കോടി രൂപയുടെ സർജിക്കൽ ബ്ലോക്ക്, മൂന്ന് കോടിയുടെ മെഡിക്കൽ ആന്റ് സർജിക്കൽ സ്റ്റോർ എന്നിവയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വഴിയാണ് തുക അനുവദിച്ചത്. മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ മാസ്റ്റർപ്ലാനിൽ ഉൾപ്പെട്ടതാണ് സർജിക്കൽ ബ്ലോക്ക്. 564 കോടി രൂപ മുതൽമുടക്കുള്ള ഈ ബ്ലോക്കിന്റെ ആദ്യഘട്ട നിർമാണത്തിനാണ് കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകിയത്.
രണ്ടുവർഷം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ആശുപത്രിയിലേക്കാവശ്യമായ മരുന്നുകളും മറ്റു സാധനങ്ങളും സൂക്ഷിച്ചുവെയ്ക്കാനായി വാക്ക്-ഇൻ-കൂളർ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണ് മെഡിക്കൽ ആന്റ് സർജിക്കൽ സ്റ്റോർ കെട്ടിടം നിർമിക്കുന്നത്.
അമ്പതാണ്ടുകളായി മധ്യകേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ നട്ടെല്ലായ സ്ഥാപനം സേവന വഴികളിലൂടെയും അക്കാദമിക് നിലവാരത്തിലൂടെയും വ്യത്യസ്തത പുലർത്തുന്ന ഒന്നാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കോവിഡിന്റെ ആരംഭ കാലത്ത്, കേരളം ഭയന്നുനിന്ന സമയത്ത് തൊണ്ണൂറ്റിമൂന്നും എൺപത്തിയെട്ടും വയസുള്ള വൃദ്ധദമ്പതികളെ പ്രത്യേക പരിചരണം നൽകി ചികിത്സിച്ച് ഭേദമാക്കിയതു വഴി ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസുയർത്തിയാതായും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആദ്യമായി സർക്കാർ തലത്തിൽ ടെസ്റ്റ് ട്യൂബ് ശിശു പിറന്ന ആശുപത്രി, സംസ്ഥാനത്ത് ഏറ്റവുമധികം ട്രോമ സർജറികൾ നടത്തുന്ന അസ്ഥിരോഗ വിഭാഗം, 37 ഡയാലിസിസ് മെഷീനുകളുള്ള ഏറ്റവും വലിയ ഡയാലിസിസ് സെന്റർ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനിക രീതിയിൽ സജ്ജീകരിച്ച അത്യാഹിത വിഭാഗം, കേരളത്തിൽ ഏറ്റവും അധികം മൈക്രോ വാസ്‌കുലാർ സർജറി നടത്തുന്ന പ്ലാസ്റ്റിക് സർജറി വിഭാഗം തുടങ്ങി നിരവധി പൊൻതൂവലുകളുള്ള ഒരു സ്ഥാപനമാണിത്.
ഹൃദയമാറ്റ ശസ്ത്രക്രിയരംഗത്തും ദേശീയതലത്തിൽ അറിയപ്പെടുന്ന സ്ഥാപനമാണിത്. സർക്കാർ മേഖലയിൽ ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്ത മറ്റൊരു സ്ഥാപനമില്ല. ഇന്ത്യയിൽ ഏറ്റവും അധികം പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന വിഭാഗവും ഇവിടെയാണ്. അതുകൊണ്ടുതന്നെ കാർഡിയോളജി വിഭാഗത്തെ ശക്തിപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ വലിയ പരിഗണനയാണ് നൽകുന്നത്.
ഈ സൗകര്യങ്ങളെല്ലാം ഉപയോഗിച്ച് നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് മികച്ച സേവനം നൽകുന്ന കാര്യത്തിലാകണം ശ്രദ്ധയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന് അഭിമാനസ്തംഭമായി മാറുകയാണ് കോട്ടയം മെഡിക്കൽ കോളേജെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.