കോഴിക്കോട് ജില്ലയിൽ കൊവിഡ് ജാഗ്രത ഐഡി നിർബന്ധമാക്കി.”  

കോഴിക്കോട് : കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് കോഴിക്കോട് ജില്ലയിൽ കൊവിഡ് ജാഗ്രത ഐഡി നിർബന്ധമാക്കി. കൊവിഡ് സംബന്ധമായ എല്ലാ പ്രക്രിയകളും കൊവിഡ് 19 ജാഗ്രത പോർട്ടൽ മുഖേനയാക്കുന്നതിൻ്റെയും ചികിത്സ പ്രക്രിയ ലളിതമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. പോസിറ്റീവ് ആകുന്ന പക്ഷം രോഗിയുടെ വിവരം ആരോഗ്യപ്രവർത്തകർ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യും. 

രോഗിയുടെ മൊബൈലിൽ എസ്എംഎസ് ആയി ജാഗ്രത ഐഡി ലഭിക്കും. ഈ ഐഡി തുടർ ചികിത്സയ്ക്കായി ഉപയോഗിക്കാം. ടെസ്റ്റ് പോസിറ്റീവ് ആകുന്നത് മുതൽ അതത് തദ്ദേശ സ്ഥാപനത്തിന് സർവയലൻസ് ലിസ്റ്റിൽ വിവരങ്ങൾ ലഭ്യമാകും. ഇവരെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടതിനു ശേഷം ഹോം ഐസൊലേഷൻ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, കൊവിഡ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സ തീരുമാനിക്കും.

ദിവസേനയുള്ള മോണിറ്ററിംഗ്, ടെലി കൺസൾട്ടേഷൻ എന്നിവയ്ക്കും പോർട്ടലിൽ സൗകര്യമുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ ബന്ധപ്പെട്ട ചികിത്സാ കേന്ദ്രത്തിലേക്ക് റഫർ ചെയ്യാം.  ഇതിനുള്ള റഫർ ലെറ്റർ ജാഗ്രത പോർട്ടലിൽ നിന്നും സ്വമേധയാ  ആശുപത്രിയിലേക്ക് അയയ്ക്കപ്പെടും. ഇത് ആശുപത്രിയിൽ രോഗികളുടെ പ്രവേശനം ലളിതമാക്കും. 

രോഗി അഡ്മിറ്റ് ആയാൽ അവരുടെ വിവരങ്ങൾ രേഖപ്പെടുത്താനും രോഗം ഭേദമായാൽ ഡിസ്ചാർജ് രേഖപ്പെടുത്താനും സാധിക്കും. ഇതിനായി ജാഗ്രത ഐഡി ഉപയോഗിക്കാം. പോസിറ്റീവ് ആകുന്ന എല്ലാ രോഗികളും തങ്ങളുടെ ചുമതലയുള്ള ആരോഗ്യ പ്രവർത്തകരിൽ നിന്ന് ജാഗ്രത ഐഡി വാങ്ങി സൂക്ഷിക്കണം. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഇൻഷുറൻസ് ലഭ്യമാകുന്നതിനും കൊവിഡ് ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നതിനും ഇനിമുതൽ ഈ ജാഗ്രത ഐ ഡി നിർബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team