കോവിഡിലും നേട്ടം കൊയ്ത് LIC!
ചെന്നൈ: കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍.ഐ.സി കുറിച്ചത് മികച്ച നേട്ടം. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസക്കാലത്ത് (ഏപ്രില്‍ – സെപ്‌തംബര്‍) ആദ്യവര്‍ഷ പ്രീമീയം വരുമാനമായി 25,000 കോടിയിലധികം രൂപയാണ് നേടിയത്.
ജീവന്‍ശാന്തി പ്ലാൻ മുഖേന നടപ്പുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 11,456.41 കോടി രൂപ പുതു പ്രീമിയം ഇനത്തില്‍ ലഭിച്ചു. യൂലിപ് ബിസിനസിലും മികച്ച വര്‍ദ്ധനയുണ്ട്. ഈവര്‍ഷം സെപ്‌തംബര്‍ വരെയുള്ള കണക്കുപ്രകാരം 128.63 കോടി രൂപ വരുന്ന 16,844 പോളിസികളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ സമാനകാലയളവില്‍ ഇത് 12,940 പോളിസികളായിരുന്നു.
പെന്‍ഷന്‍ ആന്‍ഡ് ഗ്രൂപ്പ് സ്‌കീമുകളിലൂടെ 62,112.27 കോടി രൂപയും സമാഹരിച്ചു. മൊത്തം പോളിസികളുടെ എണ്ണത്തില്‍ 67.82 ശതമാനവും ആദ്യവര്‍ഷ പ്രീമിയങ്ങളില്‍ 70.57 ശതമാനവുമാണ് എല്‍.ഐ.സിയുടെ വിപണി വിഹിതം. നടപ്പുവര്‍ഷം സെപ്‌തംബര്‍ വരെ 48,000 കോടി രൂപ മതിക്കുന്ന 82 ലക്ഷം ക്ലെയിമുകള്‍ എല്‍.ഐ.സി തീര്‍പ്പാക്കി.51,000 കോടി രൂപയുടെ ബോണസും പോളിസി ഉടമകള്‍ക്കായി എല്‍.ഐ.സി പ്രഖ്യാപിച്ചു. കടപ്പത്രം, ഓഹരി വിപണി എന്നിവയില്‍ എല്‍.ഐ.സിയുടെ നിക്ഷേപം 2.44 ലക്ഷം കോടി രൂപയില്‍ നിന്ന് 2.60 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മൂലധന വിപണിയില്‍ നിന്ന് ഇതിനകം ഈവര്‍ഷം 15,000 കോടി രൂപ നേടിയെന്നും എല്‍.ഐ.സി വ്യക്തമാക്കി.