കോവിഡിലും പതറാതെ കേരള സ്റ്റാർട്പ്പുകൾ!  

കൊച്ചി: കൊവിഡ് കാലത്തും നിക്ഷേപം വാരിക്കൂട്ടി കേരളത്തിലെ സ്‌റ്റാര്‍ട്ടപ്പുകള്‍. 2020ല്‍ ആഗസ്‌റ്റുവരെയുള്ള കാലയളവില്‍ കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച വിവിധ പദ്ധതികളുടെ കരുത്തില്‍ ഏഞ്ചല്‍ ഇന്‍വെസ്‌റ്റര്‍മാരില്‍ നിന്നുള്‍പ്പെടെ 329 കോടി രൂപയാണ് സ്‌റ്റാര്‍ട്ടപ്പുകള്‍ നേടിയത്.

ഫിന്‍ടെക്, എഡ്ടെക്, എന്റര്‍പ്രൈസ് ആപ്ളിക്കേഷന്‍സ്, ഊ‌ര്‍ജം, കണ്‍സ്യൂമര്‍ടെക്, ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് വെല്‍നെസ്, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഒഫ് തിംഗ്‌സ്, റീട്ടെയില്‍ ടെക് വിഭാഗങ്ങളിലെ സ്‌റ്റാര്‍ട്ടപ്പുകളാണ് പ്രധാനമായും നിക്ഷേപം നേടിയത്.സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി സംവദിക്കാന്‍ ജൂണിലും ആഗസ്‌റ്റിലും ‘ബിഗ് ‌ഡെമോ ഡേ” വിര്‍ച്വല്‍ വിപണന പരിപാടി സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ചിരുന്നു. ഒട്ടേറെ സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതുവഴി നിക്ഷേപവും പുതു ബിസിനസുകളും ലഭിച്ചു. ആദ്യ ഡെമോ ഡേയിലൂടെ മാത്രം 25 കമ്ബനികള്‍ക്ക് പുതു ബിസിനസ് ലഭിച്ചു.

രണ്ടു കമ്ബനികള്‍ ഓസ്‌ട്രേലിയയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചുവെന്ന് കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥ് പറഞ്ഞു. ഇവര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനാനുമതിയും ലഭിച്ചു. സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് ബാങ്കുകളില്‍ നിന്ന് പ്രവര്‍ത്തനമൂലധന വായ്‌പ ലഭ്യമാക്കുന്ന പദ്ധതിയും സ്‌റ്റാര്‍ട്ടപ്പ് മിഷനുണ്ട്.

“കൊവിഡിലും മികച്ച നിക്ഷേപം ലഭിക്കുന്നത് കൂടുതല്‍ ആത്മവിശ്വാസവും പകരുന്ന നേട്ടമാണ്. ഇതോടൊപ്പം,​ തുടര്‍ച്ചയായി സ്‌റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ഒന്നാമതെത്തിയത് കൂടുതല്‍പേരെ സംരംഭക ലോകത്തേക്ക് ആകര്‍ഷിക്കാനും സഹായിക്കും” – സജി ഗോപിനാഥ്,സി.ഇ.ഒ., കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍.

രാജ്യത്തെ ഏറ്റവും മികച്ച സ്‌റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനമികവ് കാഴ്‌ചവച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും കേരളത്തിന് ഒന്നാംസ്ഥാനം. കര്‍ണാടകയുമായി കേരളം ഒന്നാംസ്ഥാനം പങ്കിട്ടു.

22 സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളുമാണ് റാങ്കിംഗിനായി മത്സരിച്ചതെന്ന് കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡി.പി.ഐ.ഐ.ടി) വ്യക്തമാക്കി. ഗുജറാത്ത് ‘ബെസ്‌റ്റ് പെര്‍ഫോമര്‍” പുരസ്‌കാരം നേടി. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒന്നാമത് ആന്‍ഡമാന്‍ നിക്കോബാര്‍ ആണ്. സ്‌റ്റാര്‍പ്പുകള്‍ക്ക് ലഭിക്കുന്ന പിന്തുണ, പ്രവര്‍ത്തനാന്തരീക്ഷം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് റാങ്കിംഗ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team