കോവിഡ് കാലത്ത് ഏലം ഏറ്റുവാങ്ങിയത് കനത്ത നിരാശ!
തിരുവനന്തപുരം: രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണെന്ന പെരുമയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് കൊവിഡ് കാലത്ത് മികച്ച ഡിമാന്‍ഡ് കിട്ടിയെങ്കിലും ഏലം ഏറ്റുവാങ്ങിയത് കനത്ത നിരാശ. കൊവിഡില്‍ 50 ശതമാനമാണ് ഏലം വിലയിടിഞ്ഞത്. അതേസമയം, തേയില നല്ല മുന്നേറ്റമുണ്ടാക്കി.
ഗുലാത്തി ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘കേരള എക്കണോമിയില്‍” മുന്‍ ഡയറക്‌ടര്‍ ഡോ.ഡി. നാരായണയും സ്വതന്ത്ര ഗവേഷക ഷഗിഷ്‌ണയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ആകെ കൃഷിഭൂമിയില്‍ 12 ശതമാനവും കുരുമുളക്, ഏലം, തേയില, കാപ്പി എന്നിവയാണ്. വയനാട്ടിലെ ആകെ കൃഷിയുടെ 80 ശതമാനവും ഇവയാണ്; ഇടുക്കിയിലെ കൃഷിയില്‍ ഇത് 55 ശതമാനം വരും.
വന്‍തോതില്‍ ചാഞ്ചാടാറുണ്ടെങ്കിലും കുരുമുളകിന്റെ വാര്‍ഷിക വിലക്കയറ്റം 30 ശതമാനമാണ്. ഏലത്തിന് 2016-17, 2018-19 വര്‍ഷങ്ങളില്‍ 50 ശതമാനവും 2019-20ല്‍ 100 ശതമാനവും വില ഉയര്‍ന്നെങ്കിലും കൊവിഡില്‍ തിരിച്ചടിയുണ്ടായി. കാപ്പിക്ക് 2010-11 മുതല്‍ 2014-15 വരെ 60 ശതമാനം വില ഉയര്‍ന്നു; തുടര്‍ന്ന് രണ്ടുവര്‍ഷം വില താഴേക്കിറങ്ങി. ഇപ്പോള്‍ വില സ്ഥിരതയുണ്ട്.
തേയിലയ്ക്ക് 2010 മുതല്‍ എട്ടുവര്‍ഷം കൊണ്ടാണ് വില ഇരട്ടിച്ചതെങ്കില്‍, കൊവിഡ് കാലത്ത് എട്ടുമാസംകൊണ്ട് വില ഇരട്ടിയോളം ഉയര്‍ന്നു.