കോവിഡ് കാലത്ത് കരുതലുമായി കെ. എഫ്.സി. ഉണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വായ്പകള്‍ എടുത്തിട്ടുള്ളവര്‍ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. സംരംഭകരും കച്ചവടക്കാരും ഉള്‍പ്പെടെയുള്ളവര്‍ ലോണുകള്‍ക്ക് മോറട്ടോറിയവും പലിശ നിരക്കില്‍ കുറവും ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. നൂറുകണക്കിന് അപേക്ഷകളും ഫോണ്‍ കോളുകളുമാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ താഴെപ്പറയുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
മൊറട്ടോറിയവും വായ്പാ ക്രമീകരണവും
കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും എടുത്തിട്ടുള്ള ചെറുകിട സംരംഭകരുടെ വായ്പകള്‍ക്ക് ബഡ്ജറ്റില്‍ പറഞ്ഞതനുസരിച്ച് ഒരു വര്‍ഷത്തെ മോറട്ടോറിയം അനുവദിക്കും. മുതല്‍ തുകയ്ക്കാണ് അവധി. ഇത്തരം സംരംഭങ്ങളുടെ വായ്പകള്‍ റിസര്‍വ് ബാങ്ക് (RBI) മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി നിഷ്‌ക്രിയ ആസ്തി ആകാതെ പുനഃക്രമീകരണം ചെയ്തു നല്‍കും. സെപ്റ്റംബര്‍ 30 വരെ ഇടപാടുകാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. 2021 മാര്‍ച്ച് 31ന് വരെ തിരിച്ചടവ് കൃത്യമായിരുന്ന വായ്പകള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതിനായി ചാര്‍ജുകളോ അധിക പലിശയോ ഈടാക്കുന്നതല്ല.
കെ എഫ് സി സംരംഭങ്ങള്‍ക്ക് 20% അധിക വായ്പ
കെ എഫ് സി യില്‍ നിന്നും വായ്പ എടുത്ത് 2020 മാര്‍ച്ച് 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയ സംരംഭങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം വായ്പയുടെ 20 ശതമാനം അധിക വായ്പ നല്‍കിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ടൂറിസം മേഖലയും ചെറുകിട വ്യവസായങ്ങളും വീണ്ടും പ്രതിസന്ധിയിലായി. സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നത് പോലെ ഇത്തരം സംരംഭകര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയ 20 ശതമാനത്തിനു പുറമെ 20 ശതമാനം കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. അതായത് 40 ശതമാനം അധിക വായ്പ. കേന്ദ്ര സര്‍ക്കാര്‍ പദ്ധിതിക്കു സമാനമായി ആണ് കെ എഫ് സി ഇത് ആവിഷ്‌കരിച്ചിട്ടുള്ളത്.
ബാങ്കുകള്‍ നല്‍കുന്ന വായ്പക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഗ്യാരന്റി ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ സൗകര്യം കെ എഫ് സി ക്കു ലഭ്യമല്ല. അത് കൊണ്ട് കെ എഫ് സി സ്വന്തം നിലക്കാണ് ഈ പദ്ധതി രൂപീകരിച്ചത്. ബാങ്കുകള്‍ വായ്പയില്‍ ബാക്കി നില്‍ക്കുന്ന തുകയുടെ 20% മാത്രം വായ്പ നല്‍കുമ്പോള്‍ കെ എഫ് സി വിതരണം ചെയ്ത തുകയുടെ 20% വരെ നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് ഇതിനാല്‍ കൂടുതല്‍ വായ്പ ലഭിക്കാനുള്ള സൗകര്യം ഉണ്ട്.
കേന്ദ്ര പദ്ധതിയില്‍ ടൂറിസം മേഖലക്ക് മാത്രം വായ്പ അനുവദിക്കുമ്പോള്‍ കെ എഫ് സി ചെറുകിട സംരംഭങ്ങളെയും ആരോഗ്യമേഖലയും കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പദ്ധതിയില്‍ മുതല്‍ തിരിച്ചടവിനു 24 മാസത്തെ സാവകാശം നല്‍കും. എന്നാല്‍ ഈ കാലയളവിലും പലിശ അടക്കേണ്ടതിനാല്‍, വായ്പയില്‍ നിന്നും ഇത് തിരിച്ചടക്കുവാനുള്ള സൗകര്യവും ഈ പദ്ധതിയിലുണ്ട്.
കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യവസായങ്ങള്‍ക്കുള്ള സഹായം.
കോവിഡ് രോഗവ്യാപനം തടയാനും രോഗികള്‍ക്ക് ആശ്വാസം നല്‍കുവാനും സഹായിക്കുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്കായി ഉദാര വ്യവസ്ഥയില്‍ വായ്പ നല്‍കുമെന്ന് സംസ്ഥാന ബഡ്ജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്തരം സംരംഭങ്ങള്‍ക്കായി കെ എഫ് സി പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഓക്‌സിജന്‍ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട യൂണിറ്റുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സി മീറ്ററുകള്‍, ഗ്ലോവ്‌സ്, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള യൂണിറ്റുകള്‍, ഹോസ്പിറ്റലുകള്‍, ലാബുകള്‍ തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ മേഖലകള്‍ക്കും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.
50 ലക്ഷം വരെയുള്ള വായ്പകള്‍ മുഖ്യ മന്ത്രിയുടെ സംരംഭകത്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7% പലിശയിലാണ് നല്‍കുന്നത്. 5 വര്‍ഷമായിരിക്കും വായ്പാ കാലാവധി. കൂടുതല്‍ തുകയുടെ ലോണുകളില്‍ 50 ലക്ഷം വരെ 7 ശതമാനത്തിലും അതിനു മുകളില്‍ റേറ്റിംഗ് അടിസ്ഥാനമാക്കിയും ആണ് പലിശ ഈടാക്കുന്നത്. 10 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്. പദ്ധതിയുടെ ആകെ ചിലവിന്റെ 90% വരെ വായ്പ ലഭിക്കും.
പലിശ നിരക്ക് കുറച്ചു
ചെറുകിട വ്യവസായങ്ങള്‍, ആരോഗ്യപരിപാലനം, ടൂറിസം എന്നി വിഭാഗങ്ങള്‍ക്കുള്ള പലിശയില്‍ കെ എഫ് സി വന്‍ ഇളവ് വരുത്തി. കുറഞ്ഞ പലിശ 9.5 ശതമാനത്തില്‍ നിന്ന് 8 ശതമാനമായാണ് കുറച്ചത്. ഉയര്‍ന്ന പലിശ 12 ശതമാനത്തില്‍ നിന്നും 10.5 ശതമാനമായി കുറഞ്ഞു. റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് പലിശ നിര്‍ണയിക്കുന്നത്.
സാധാരണ ഗതിയില്‍ അതാതു സംരംഭകരുടെ വായ്പയുടെ റീസെറ്റ് തീയതി മുതലാണ് (വായ്പ എടുത്ത മാസം) പുതുക്കിയ പലിശ നല്‍കുന്നത്. എന്നാല്‍ ഇത്തവണ കുറഞ്ഞ പലിശയുടെ ആനുകൂല്യം 2021 ജൂലൈ 1 മുതല്‍ എല്ലാ ഇടപാടുകാര്‍ക്കും ലഭിക്കുന്നതാണ്. മാത്രമല്ല കഴിഞ്ഞ വര്‍ഷം പോളിസി മാറ്റങ്ങളെ തുടര്‍ന്ന് ഈടാക്കിയ അധിക പലിശ ഇടപാടുകാര്‍ക്ക് തിരികെ നല്‍കും
കെ എഫ് സി നയങ്ങള്‍ മാറ്റുന്നു
ധനമന്ത്രി സംസ്ഥാന ബഡ്ജറ്റില്‍ കെ എഫ് സി യുടെ വായ്പ ആസ്തി 4700 കോടിയില്‍ നിന്ന് 5 വര്‍ഷം കൊണ്ട് 10000 കോടി ആയി ഉയര്‍ത്തുമെന്നും ഈ സാമ്പത്തിക വര്‍ഷം 4500 കോടിയുടെ വായ്പകള്‍ അനുവദിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുവാനായി കെ എഫ് സി യുടെ വായ്പാ നയത്തില്‍ താഴെ പറയുന്ന അടിസ്ഥാന മാറ്റങ്ങള്‍ നടപ്പിലാക്കും.
ജാമ്യ വസ്തുകള്‍ക്ക് കമ്പോള നിലവാരം അനുസരിച്ചുള്ള മതിപ്പു വില ബാങ്കുകള്‍ ചെയ്യുന്നത് പോലെ അംഗീകൃത വാല്യൂവേര്‍മാരുടെ സേവനം വഴി നിശ്ചയിക്കും.
വായ്പ അനുവദിക്കുന്നതിന് കെ എഫ് സി ജില്ലാ മാനേജര്‍മാരുടെ അധികാരം 50 ലക്ഷത്തില്‍ നിന്നും 2 കോടിയായി ഉയര്‍ത്തി.
ചെറുകിട സംരംഭകരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വായ്പകളുടെ അനുമതിയും വിതരണവും ഊര്‍ജ്ജിതമാക്കുവാനായി ഹെഡ് ഓഫീസില്‍ പ്രത്യേക സെല്‍ രൂപീകരിക്കും. ഈ മാറ്റങ്ങള്‍ വഴി വായ്പകള്‍ കൂടുതല്‍ വേഗത്തില്‍ നല്കുവാനാകും.