കോവിഡ് നിയന്ത്രണം ശക്തിപ്പെടുത്തി രാജ്യം: പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി അബുദാബി! ഇനി പ്രവാസികൾ ശ്രദ്ധിക്കേണ്ടതെന്ത്?
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ്-19 കേസുകൾ ഉയർന്ന തോതിലാണ്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം തുടരുന്നതിനൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക കൂടിയാണ് രാജ്യങ്ങൾ. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങൾ ആരംഭിച്ചു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയും പൊതുസമൂഹത്തിന് സ്വീകാര്യമാകുന്ന നയങ്ങൾ പ്രഖ്യാപിച്ചുമാണ് രാജ്യങ്ങൾ മുന്നോട്ട് പോകുന്നത്. കൊവിഡ് പ്രതിസന്ധി അതിജീവിക്കാനുള്ള ശ്രമങ്ങൾ ഗൾഫ് രാജ്യങ്ങൾ ആരംഭിച്ച് കഴിഞ്ഞു. മടങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വിസ നിയമങ്ങളിലടക്കം ഇളവുകൾ നൽകിയിട്ടുണ്ട്. പ്രവാസികൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ ക്വാറൻ്റൈൻ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് അബുദാബി ഭരണകൂടം.
മാർഗ്ഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് അധികൃതർ
കൊവിഡ് സാഹചര്യത്തിൽ മടങ്ങിയെത്തുന്നവർ സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാം ആണെന്ന ചോദ്യം ശക്തമായതോടെ സെപ്‌റ്റംബർ 17ന് അബുദാബി മീഡിയ ഓഫീസ് വ്യക്തമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി. അബുദാബി വഴി യുഎഇയിൽ എത്തുന്ന യാത്രക്കാർക്ക് നിർബന്ധമായും ഈ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ പറയുന്നു. അബുദാബി മീഡിയ ഓഫീസ് പുറത്തുവിട്ട കൊവിഡ് മാർഗനിർദേശങ്ങളും ചട്ടങ്ങളും എല്ലാ പ്രവാസികളും പാലിക്കണം.
വിമാന മാർഗ്ഗം എത്തുന്നവർ എന്തു ചെയ്യണം
മടങ്ങിയെത്തുന്നവർ ക്വാറൻ്റൈനിൽ കഴിയണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് വിവരങ്ങൾ നൽകണം. തുടർന്ന് കൊവിഡ് ബാധയുണ്ടോ എന്നറിയാൻ പിസിആർ പരിശോധനയ്‌ക്ക് വിധേയരാകുകയും വേണം. 12ആം ദിവസമാണ് പരിശോധന നടത്തേണ്ടത്. കൊവിഡ് നെഗറ്റീവ് ഫലം ലഭ്യമായായാൽ 14ആം ദിവസം ക്വാറൻ്റൈൻ കാലാവധി മതിയാക്കാം. എമിറേറ്റ്‌സിലെ ഒരു വിമാനത്താവളത്തിൽ എത്തി റോഡ് മാർഗം അബുദാബിയിലേക്ക് എത്തുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ വ്യത്യസ്‌തമാണ്.
റോഡുമാർഗ്ഗം അബുദാബിയിൽ എത്തിയാൽ
യുഎഇയിൽ എത്തി ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിൽ കുറച്ച് തമസിച്ച ശേഷം അബുദാബിയിലേക്ക് റോഡ് മാർഗം എത്തുകയാണെങ്കിൽ അതിർത്തിയിൽ പിസിആർ പരിശോധനയ്‌ക്ക് വിധേയമാകണം. തുടർന്ന് എവിടെയാണോ ക്വാറൻ്റൈനിൽ കഴിയാൻ ഉദ്ദേശിക്കുന്നത്, ആ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് കൈമാറണം. എമിറേറ്റ്‌സിലെ ഏതെങ്കിലും രാജ്യത്ത് രണ്ട് ദിവസം ചെലവഴിച്ച ശേഷമാണ് അബുദാബിയിൽ എത്തുന്നതെങ്കിൽ 12 ദിവസം ക്വാറൻ്റൈനിൽ കഴിഞ്ഞാൽ മതിയാകും. 12ആം ദിവസമാകും പിസിആർ നടത്തുക. ഫലം അനുകൂലമാണെങ്കിൽ 14 ദിവസം പൂർത്തിയാകുമ്പോൾ ക്വാറൻ്റൈൻ അവസാനിക്കും. യുഎഇയിൽ എത്തിയതിനുശേഷം ഏതെങ്കിലും എമിറേറ്റ്‌സിൽ 14 ദിവസത്തിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ ക്വാറൻ്റൈനിൽ കഴിയേണ്ടതില്ല. അംഗീകൃത അതിർത്തികളിലൂടെ വേണം അബുദാബിയിലെത്താൻ.
ക്വാറൻ്റൈനിൽ കഴിയുന്ന സ്ഥലം പരിശോധിക്കാം
ക്വാറൻ്റൈനിൽ കഴിയേണ്ട സ്ഥലം ആരോഗ്യ അധികൃതർ വിലയിരുത്തും. വീടുകളിലോ ഹോട്ടലുകളിലോ ആണെങ്കിൽ പോലും കൃത്യമായ പരിശോധനകൾ ഉണ്ടാകും. അധികൃതർ നിർദേശിക്കുന്ന സ്ഥലത്താകാം ക്വാറൻ്റൈനിൽ കഴിയേണ്ടി വരുക. ഒറ്റയ്‌ക്കാണ് താമസമെങ്കിൽ വീട്ടിൽ തുടരാം. കുടുംബത്തിനൊപ്പം നിൽക്കാൻ അനുവദിക്കില്ല. അങ്ങനെയെങ്കിൽ ഹോട്ടൽ പോലെയുള്ള സൗകര്യങ്ങൾ അധികൃതർ നിർദേശിക്കും. കുടുംബത്തിനൊപ്പമോ കൂട്ടമായോ എത്തുന്നവർക്ക് ഒരുമിച്ച് ക്വാറൻ്റൈനിൽ കഴിയാം. ക്വറൻ്റൈൻ കേന്ദ്രങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ മറ്റ് ഇടങ്ങൾ അനുവദിക്കുന്നതായിരിക്കും.
വിമാനത്താവളത്തിലൂടെ അബുദാബിയിൽ എത്തിയാൽ
വിമാനമാർഗം അബുദാബിയിൽ എത്തുന്നവർഎല്ലാ അന്താരാഷ്‌ട്ര യാത്രക്കാർക്കും 14 ദിവസം ക്വാറൻ്റൈൻ നിർബന്ധമാണ്. പുറപ്പെടുന്നതിന് 96 മണിക്കൂർ മുൻപ് പിസിആർ പരിശോധന നടത്തണം. അബുദാബിയിൽ എത്തുമ്പോഴും പിസിആർ ഉണ്ടാകും. പരിശോധനാ ഫലം ലഭ്യമാകുന്നത് വരെ വിമാനത്താവളങ്ങളിൽ നിന്ന് പുറത്ത് പോകാൻ പാടില്ല. എല്ലാവിധ മുൻകരുതലുകൾ പാലിക്കുമെന്ന് വ്യക്തമാക്കിയുള്ള ഫോം പൂരിപ്പിച്ച് നൽകണം. താമസസ്ഥലത്തെ മുഴുവൻ അഡ്രസും മറ്റൊരു ഫോൺ നമ്പറും നൽകുകയും വേണം. മാസ്‌ക്, സാമൂഹ്യ അകലം എന്നിവ നിർബന്ധമായും പലിച്ചിരിക്കണം. കൃത്യമായ ഇടവേളകളിൽ കൈകൾ ശുചിയാക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.