കോവിഡ് ബ്രിഗേഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം
കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ സംസ്ഥാനത്തെ കോവിഡ് ബ്രിഗേഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.2020ലാണ് ബ്രിഗേഡ് ആരംഭിച്ചത്. 2021 മാര്‍ച്ചില്‍ അംഗങ്ങളുടെ കാലാവധി കഴിഞ്ഞുവെങ്കിലും ആറുമാസംകൂടി നീട്ടി. എന്നാല്‍, കേന്ദ്രം ശമ്ബളത്തിനായി ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ അവസാനത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്.
മൂന്നാം തരംഗമുണ്ടാകുന്ന സാഹചര്യത്തില്‍ കുറച്ചുപേരുടെ സേവനം തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ദേശീയ ആരോഗ്യദൗത്യത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബ്രിഗേഡ് രൂപീകരിച്ചത്. 2021ലെ പ്രവര്‍ത്തനത്തിനായി അനുവദിച്ച കേന്ദ്രഫണ്ടില്‍ ബ്രിഗേഡിനുള്ള തുക കേന്ദ്രം ഒഴിവാക്കി. നിലവിലുള്ള 19,796 അംഗങ്ങള്‍ക്കായി ഒരു മാസം 35 കോടി രൂപ ശമ്ബളമായി നല്‍കണം. കേരളത്തിലെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കുന്നതാണിത്.
ഡോക്ടര്‍മുതല്‍ ശുചീകരണതൊഴിലാളിവരെ
ബ്രിഗേഡിലുണ്ടായിരുന്നത് ഡോക്ടര്‍മാര്‍മുതല്‍ ശുചീകരണ തൊഴിലാളികള്‍വരെ. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഡെന്റല്‍, ഹോമിയോ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എംഎസ്ഡബ്ല്യു, എംബിഎ, എംഎസ്സി, എംഎച്ച്‌എ ബിരുദധാരികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഡാറ്റ എന്‍ട്രി ജീവനക്കാര്‍, സെക്യൂരിറ്റി, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയവര്‍ ബ്രിഗേഡിന്റെ ഭാഗമായിരുന്നു. 14 ജില്ലയിലായി പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രം, രണ്ടാംതല കോവിഡ് ചികിത്സാ കേന്ദ്രം, ഗാര്‍ഹിക പരിചരണ കേന്ദ്രം, കണ്‍ട്രോള്‍ റൂം, ആശുപത്രികള്‍ എന്നിവിടങ്ങളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. രോഗവ്യാപനം ഗുരുതരമായ സമയത്തടക്കം പ്രതിരോധപ്രവര്‍ത്തനത്തില്‍ ഇവര്‍ പ്രധാന പങ്കുവഹിച്ചു.