കോവിഡ് 19 ൻ്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ ഇൻഷുറൻസ് 6 മാസത്തേക്ക് നീട്ടി  

ഡൽഹി: കൊറോണ വൈറസിനെതിരെ മുൻനിരയിൽനിന്ന് പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻ‌ഷുറൻസ് പരിരക്ഷ 6 മാസത്തേക്ക് നീട്ടി. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജ് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തുടനീളമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്. 50 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന ഇൻഷുൻസ് പദ്ധതിയാണിത്.

കൊവിഡ് -19നെ നേരിടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജ് ഇൻഷുറൻസ് പദ്ധതി മാർച്ച് 30 നാണ് ആരംഭിച്ചത്. 90 ദിവസത്തേക്ക് ആരംഭിച്ച പദ്ധതിയുടെ കാലാവധി സെപ്തംബർ 25ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ആറുമാസത്തേക്ക് അതായത് 180 ദിവസത്തേക്ക് നീട്ടിയത്. ഇതുവരെ 61 ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുകയും പേയ്‌മെന്റുകൾ നടത്തുകയും ചെയ്തതായി ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

156 ക്ലെയിമുകൾ ന്യൂ ഇന്ത്യ അഷ്വറൻസ് (എൻ‌ഐ‌എ) കമ്പനി ലിമിറ്റഡ് പരിശോധിച്ച് വരികയാണ്. 67 കേസുകളുടെ ക്ലെയിം ഫോമുകൾ സംസ്ഥാനങ്ങൾ ഇനിയും സമർപ്പിച്ചിട്ടില്ല. കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെടുകയും പരിചരണത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിനാൽ രോഗബാധിതരാകാൻ സാധ്യതയുള്ള കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കാണ് കേന്ദ്രസർക്കാർ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചത്
സ്വകാര്യ ആശുപത്രി ജീവനക്കാർ, വിരമിച്ചവർ, സന്നദ്ധപ്രവർത്തകർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, കരാർ ജീവനക്കാർ, ദൈനംദിന വേതനം പറ്റുന്നവർ, താൽക്കാലിക ജീവനക്കാർ, സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന ഔട്ട്‌സോഴ്‌സ്ഡ് സ്റ്റാഫ്, കേന്ദ്ര ആശുപത്രികൾ, കേന്ദ്രത്തിലെ സ്വയംഭരണ ആശുപത്രികൾ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, എയിംസ്, ഐ‌എൻ‌ഐ, കൊറോണ വൈറസ് ചികിത്സ നൽകുന്ന മറ്റ് ആശുപത്രികൾ എന്നിവയ്ക്കും ഈ പദ്ധതി പരിരക്ഷ നൽകുന്നുണ്ട്.

പദ്ധതിക്ക് കീഴിൽ നൽകിയിരിക്കുന്ന ഇൻഷുറൻസ് പരിരക്ഷ ഗുണഭോക്താവ് ലഭ്യമാക്കുന്ന മറ്റേതൊരു ഇൻഷുറൻസ് പരിരക്ഷയ്ക്കും മുകളിലാണ്. പദ്ധതിയിൽ ചേരുന്നതിന് പ്രായപരിധിയില്ലെന്നും വ്യക്തിഗത പ്രവേശനം ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. ഇൻഷുറൻസിന്റെ മുഴുവൻ പ്രീമിയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team