കോളജ് അധ്യാപകര്‍ക്ക് ഇനി വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസെടുക്കാം
തേഞ്ഞിപ്പലം: കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് കൊറോണ വ്യാപനത്തെ ചെറുത്തുനിര്‍ത്താനുള്ള പ്രവര്‍ത്തനം സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും കൊണ്ടുപിടിച്ചു നടത്തുമ്പോള്‍ പല സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളിലും നിര്‍ബന്ധിച്ച് അധ്യാപകരെ വിളിച്ചുവരുത്തി മറ്റു ജോലികള്‍ ചെയ്യിക്കുന്ന സ്ഥിതിയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വരുന്ന മുഴുവന്‍ അധ്യാപകര്‍ക്കും വീട്ടില്‍ ഇരുന്നു ഓണ്‍ലൈന്‍ ക്ലാസുകളെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. തീരുമാനം നൂറുക്കണക്കിനു അധ്യാപകരുടെ പരാതികള്‍ക്കു പരിഹാരമാവുകയാണ്.
കണ്ടെയ്ന്മെന്റ് സോണില്‍ താമസിക്കുന്ന അധ്യാപകരോടു പോലും പ്രിന്‍സിപ്പല്‍മാര്‍ നിര്‍ബന്ധമായും കോളജില്‍ ഹാജരാകാന്‍ ആവശ്യപ്പെടുന്നുണ്ടെന്നു നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെല്‍ഫ് ഫിനാന്‍സ് കോളജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന് സര്‍വകലാശാലയില്‍ പരാതി നല്കി. ഇതേ തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
സംസ്ഥാനത്ത് പൊതുഗതാഗതം സാധാരണ നിലയില്‍ ആകുന്നതുവരെ അധ്യാപകര്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യാനുള്ള അവസരം നല്‍കണമെന്ന് സെല്‍ഫ് ഫിനാന്‍സ് കോളജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ പി അബ്ദുള്‍ അസീസ് ആവശ്യപ്പെട്ടു.