കർഷകർക്ക് ആശ്വാസമായി റബര്‍ വിപണിവില ഉയര്‍ന്നു.  

കോട്ടയം: കര്‍ഷകര്‍ക്ക് ആശ്വാസമായി റബര്‍ വിപണിവില ഉയര്‍ന്നു. ആര്‍എസ്‌എസ് 4 ഷീറ്റിന് വിപണിയില്‍ 174.50 രൂപ വരെയും സാധാരണ ഷീറ്റിന് 172.50 വരെയുമാണ് വിപണിവില. രാജ്യാന്തര വിപണിവില 138 മുതല്‍ 144 വരെയാണ്.ഇറക്കുമതി റബറിന് ചരക്ക്കടത്ത്കൂലി ഉള്‍പ്പെടെ കിലോയ്ക്ക് 180 രൂപ വരെയാകുമെന്നതിനാല്‍ ആഭ്യന്തരവില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.ലോക്ഡൗണില്‍ വെട്ട് നിര്‍ത്തിയതും പലരും കൃഷി ഉപേക്ഷിച്ചതും വില ഉയരാന്‍ കാരണമായി. കോവിഡ് നിയന്ത്രണം ഇറക്കുമതിയേയും ബാധിച്ചു. ടയര്‍ കമ്ബനികളും മറ്റ് റബറധിഷ്ഠിത വ്യവസായികളും ഓപ്പണ്‍ മാര്‍ക്കറ്റില്‍നിന്ന് ഷീറ്റും പാലും ശേഖരിക്കാന്‍ നിര്‍ബന്ധിതരായി. കോവിഡ് കാലത്ത് ഉത്തരേന്ത്യയിലേക്ക് റബര്‍പാല്‍ (ലാറ്റക്സ്) പോകുന്നില്ല. എങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ കൈയുറയ്ക്കും മറ്റും ഡിമാന്‍ഡ് ഉയര്‍ന്നത് റബര്‍പാലിന്റെയും വില ഉയര്‍ത്തി. വിലയിടിക്കാനുള്ള ശ്രമം വന്‍കിട ടയര്‍ കമ്ബനികളും വ്യവസായികളും നടത്തുന്നുണ്ട്. ബാങ്കോക്കില്‍നിന്ന് ഇറക്കുമതിയാണ് ലക്ഷ്യം. അവിടെ ആര്‍എസ്‌എസ് 4 റബറിന് 144 രൂപ വരെയാണ് വില. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങളും കണ്ടെയ്നര്‍ ക്ഷാമവും ഫലത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമാണ്.ചിരട്ടപ്പാല്‍ ഇറക്കുമതി നീക്കത്തോട് കേന്ദ്ര വാണിജ്യ മന്ത്രാലയവും റബര്‍ ബോര്‍ഡും യോജിപ്പ് പ്രകടിപ്പിച്ചത് കര്‍ഷകര്‍ക്ക് വിനയായേക്കാം. ചിരട്ടപ്പാലിനെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സി(ബിഐഎസ്) ന്റെ കീഴില്‍ കൊണ്ടുവരാനാണ് വന്‍കിട വ്യാപാരികളുടെ ശ്രമം. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഏത് ഉല്‍പ്പന്നവും ബിഐഎസ് മാനദണ്ഡത്തിന് വിധേയമായിരിക്കണം. നിലവില്‍ ചിരട്ടപ്പാലിന് ഈ അംഗീകാരമില്ല. ഇത് കര്‍ഷകര്‍ക്ക് അനുകൂലഘടകമാണ്. വ്യാപാരികള്‍ ഈ കടമ്ബ മറികടന്ന് ചിരട്ടപ്പാല്‍ ഇറക്കുമതിക്ക് അനുമതി നേടിയെടുത്താല്‍ റബര്‍ വിപണിയുടെ ഗതിമാറും. രാജ്യാന്തര വിപണിയില്‍ 50 രൂപയ്ക്ക് കിട്ടുന്ന ചിരട്ടപ്പാല്‍ 75 രൂപയ്ക്ക് ഇറക്കുമതി ചെയ്താല്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയാകും. ഉണങ്ങിയ ചിരട്ടപ്പാലിന് ഇവിടെ പരമാവധി 120 വരെ വിലയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team