ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ക്ക് സിറ്റിസണ്‍ പോര്‍ട്ടല്‍ !  

 ഉദ്ഘാടനം വെള്ളിയാഴ്ച (സെപ്റ്റംബര്‍ മൂന്ന്)

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതന സോഫ്റ്റ്വെയര്‍ അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായത്തിന്റെ (ഐ.എല്‍.ജി.എം.എസ്) ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സിറ്റിസണ്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (സെപ്റ്റംബര്‍ മൂന്ന്) തദ്ദേശസ്വയംഭരണ, ഗ്രാമവികസന എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ചടങ്ങ്. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ സുരേഷ് അദ്ധ്യക്ഷത വഹിക്കും.

http://citizen.lsgkerala.gov.in ആണ് പോര്‍ട്ടല്‍ വിലാസം. എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഐ.എല്‍.ജി.എം.എസ് അപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് നിലവിലുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 303 ഗ്രാമപഞ്ചായത്തുകളില്‍ സോഫറ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങള്‍ ലഭിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാനും ഓണ്‍ലൈന്‍ പണമടയ്ക്കാനും സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കാനും പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ട്.

ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളില്‍ സേവനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നല്‍കാനുള്ള ഫീസുകള്‍ ഓണ്‍ലൈനില്‍ അടയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഐഎല്‍ജിഎംഎസിന്റെ തന്നെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസണ്‍ പോര്‍ട്ടല്‍. പരിപാടി തല്‍സമയം youtube.com/kilatcr/live, facebook.com/kilatcr/live എന്നീ ലിങ്കുകളില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team