ഗ്രാമ-നഗര ഉപഭോക്തൃ വില സൂചിക പ്രസിദ്ധീകരിച്ചു!  

അടിസ്ഥാന വർഷമാക്കി 2020 ജനുവരി മുതൽ 2021 മാർച്ച് വരെയുള്ള ഗ്രാമ-നഗര ഉപഭോക്തൃ വില സൂചിക സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് പ്രസിദ്ധീകരിച്ചു. ജനങ്ങളുടെ വാങ്ങൽശേഷിയിലുള്ള വ്യതിയാനം, വിപണിയിലുള്ള വിലക്കയറ്റം, പണപ്പെരുപ്പത്തിന്റെ തോത് എന്നിവ യഥാസമയം അറിയുന്നതിനും സംസ്ഥാന വരുമാനം നിർണ്ണയിക്കുന്നതിനും സൂചിക പ്രധാന പങ്ക് വഹിക്കുന്നു.സംസ്ഥാനത്ത് തെരഞ്ഞെടുത്ത 149 കമ്പോളകേന്ദ്രങ്ങളിൽ നിന്നും പ്രതിമാസം ശേഖരിക്കുന്ന 453 ഉത്പന്നങ്ങളുടേയും, പൊതുവിതരണശൃംഖല വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെയും, റെസിഡൻഷ്യൽ ഉപയോഗത്തിലുള്ള വീടുകളുടെ വാടകച്ചെലവ്, മറ്റു സേവനങ്ങൾക്ക് ചെലവഴിക്കേണ്ടിവരുന്ന തുക എന്നിവയുടെ വിവരശേഖരണം നിർവഹിച്ച് ശാസ്ത്രീയമായി വിശകലനം നടത്തിയാണ് സൂചിക തയ്യാറാക്കുന്നത്.ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടീക്കാറാം മീണ 2020 ജനുവരി മുതൽ 2021 മാർച്ച് വരെയുള്ള ഗ്രാമ-നഗര ഉപഭോക്തൃ വില സൂചികയുടെ പ്രകാശനം നിർവഹിച്ചു. ദേശീയ സർവ്വേ ഓഫീസ് കേരള റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്‌കർ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ പി.വി ബാബു എന്നിവർ പങ്കെടുത്തു.ജില്ല തിരിച്ച്, നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലെയും സൂചികകൾ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് മാസംതോറും പ്രസിദ്ധീകരിക്കുമെന്ന് വകുപ്പ് ഡയറക്ടർ പി.വി ബാബു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team