ചരിത്രം കുറിക്കാൻ ജിയോ -2500 രൂപക്ക് 5ജി സ്മാർട്ട് ഫോൺ!
ന്യൂഡല്‍ഹി: 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ 2,500 രൂപയ്‌ക്ക് ലഭ്യമാക്കാന്‍ ജിയോ പദ്ധതിയിടുന്നുവെന്നു സൂചന. തുടക്കത്തില്‍ 5000 രൂപ നിലവാരത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുകയെങ്കിലും വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് 2,500-3000 രൂപ നിലവാരത്തിലേയ്‌ക്ക് വില കുറയ്‌ക്കാനാണ് നീക്കം.
നിലവില്‍ 27,000 രൂപാ മുതലാണ് 5ജി ഫോണുകളുടെ വില രാജ്യത്ത് ആരംഭിക്കുന്നത്. രാജ്യത്ത് 5ജി സേവനം ആരംഭിച്ചിട്ടുമില്ല. 5ജി സെപ്‌ക്‌ട്രം മൊബൈല്‍ കമ്ബനികള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തുകയും ക്രമേണ വില കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ടെലികോം കമ്ബനികള്‍ക്ക് പരീക്ഷണം നടത്താന്‍ പോലും 5ജി സ്‌പെക്‌ട്രം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.5ജി സാങ്കേതികവിദ്യക്കുള്ള ആഭ്യന്തര അന്തരീക്ഷം വികസിപ്പിക്കാന്‍ ഫീല്‍ഡ് പരീക്ഷണം ആവശ്യമാണ്.
സ്വന്തം നിലക്ക് 5ജി നെറ്റ്‌വര്‍ക്ക് ഉപകരണം വികസിപ്പിക്കാന്‍ ജിയോ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പരീക്ഷണത്തിന് സ്‌പെക്‌ട്രം നല്‍കണമെന്ന് റിലയന്‍സും ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 35 കോടിയോളംവരുന്ന 2ജി ഉപഭോക്‌താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ പുതിയ നീക്കം.അതേസമയം, ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയന്‍സ് തയാറായിട്ടില്ല. ഇന്ത്യയെ ‘2ജി വിമുക്‌ത്’ രാജ്യമാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ 43-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.