ചരിത്രപരമായ തീരുമാനം! ഇരുചക്ര ടാക്സികള്‍ക്ക് പ്രത്യേക അനുമതി നല്‍കി കേന്ദ്രസര്‍ക്കാർ
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി രാജ്യത്തുടനീളം നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കൂടുതല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. 69,000 പെട്രോള്‍ പമ്ബുകളില്‍ ചാര്‍ജിംഗ് കിയോസ്‌ക്കുകള്‍ സ്ഥാപിക്കുമെന്ന് അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വിപ്ലവകരമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ഇരുചക്ര ടാക്സികള്‍ക്ക് പ്രത്യേക അനുമതി നല്‍കിയിരിക്കുകയാണ് ഗതാഗത മന്ത്രാലയം .എഫ്‌എഡിഎ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളുമായുള്ള ഓണ്‍ലൈന്‍ സംവാദത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇലക്‌ട്രിക്, ബയോ ഫ്യൂവല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഇലക്‌ട്രോണിക് മീറ്ററുള്ള ടാക്‌സിയായി ഉപയോഗിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
ഇരുചക്ര വാഹനം ടാക്‌സി എന്ന നിലയില്‍ ഉപയോഗിക്കാന്‍ പ്രത്യേക അനുമതി നല്‍കുന്നു. ഇലക്‌ട്രിക്, ജൈവ ഇന്ധനം ഉപയോഗിക്കുന്ന ഇരുചക്ര വാഹനം, ഇലക്‌ട്രോണിക് മീറ്ററുള്ള ടാക്‌സിയായി ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയാണ്. ഡല്‍ഹി, മുംബയ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതി ആരംഭിക്കുക. ആളുകള്‍ സ്റ്റേഷനിലേക്കോ, വിമാനത്താവളത്തിലേക്കോ ഒക്കെ പോകാന്‍ ഈ സേവനം ഉപയോഗിക്കാം.’- അദ്ദേഹം പറഞ്ഞു.