ചെറുകിട വ്യവസായികൾക്ക് സന്തോഷ വാർത്ത: 40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയം.  

40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിതായി കേന്ദ്ര ധനമന്ത്രാലയം. മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചരക്ക് സേവന നികുതി വിജയകരമായി നടപ്പാക്കുന്നതിനു നല്‍കിയ സംഭാവനകളെ അനുസ്മരിച്ച്‌ അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ആണ് ധനമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. നേരത്തെ ജിഎസ്ടി ഇളവ് പരിധി 20 ലക്ഷം രൂപയായിരുന്നു.

കൊറോണ വൈറസ് വ്യാധിയുടെ പ്രതികൂല ഫലങ്ങളിലൂടെ കടന്നു പോകുന്ന രാജ്യത്തുടനീളമുള്ള ബിസിനസുകള്‍ക്ക് ആശ്വാസമാണ് ഈ നടപടി. ഇത് ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിലെ ഏറ്റവും അടിസ്ഥാനപരമായ പരിഷ്‌കാരങ്ങളിലൊന്നായി ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.

1.5 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് കോമ്ബോസിഷന്‍ സ്‌കീം തിരഞ്ഞെടുത്ത് ഒരു ശതമാനം നികുതി മാത്രം നല്‍കാനും പുതിയ വ്യവസ്ഥ പ്രാബല്യത്തിലായി.

ജിഎസ്ടി നടപ്പാക്കിയതിനു ശേഷം നിരവധി ഇനങ്ങളുടെ നികുതി നിരക്ക് കൊണ്ടുവന്നിരുന്നു. ആഡംബര വസ്തുക്കള്‍ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തി. 28 ശതമാനം നികുതി സ്ലാബുകളില്‍ 230 ഇനങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 200 ഓളം ഇനങ്ങള്‍ ലോവര്‍ സ്ലാബുകളിലേക്ക് മാറ്റിയതായും ധനമന്ത്രാലയം ട്വീറ്റില്‍ അറിയിച്ചു.ഭവന മേഖലയെ അഞ്ച് ശതമാനം സ്ലാബില്‍ ഉള്‍പ്പെടുത്തി. പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മ്മാണത്തിനുള്ള ജിഎസ്ടി നിരക്ക് ഒരു ശതമാനമായും കുറച്ചിട്ടുണ്ട്.

ജിഎസ്ടി പുറത്തിറങ്ങിയതിനുശേഷം നികുതിദായകരുടെ എണ്ണം ഇരട്ടിയായി. ജിഎസ്ടി ആരംഭിക്കുന്ന സമയത്ത് എണ്ണം ഏകദേശം 65 ലക്ഷമായിരുന്നു.ഇപ്പോള്‍ 1.24 കോടി കവിയുന്നു. ജിഎസ്ടിയിലെ എല്ലാ പ്രക്രിയകളും പൂര്‍ണ്ണമായും യാന്ത്രികമാക്കി. ഇതുവരെ 50 കോടി റിട്ടേണ്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യുകയും 131 കോടി ഇ-വേ ബില്‍ സൃഷ്ടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team