ചൈനയ്ക്കിത് ചരിത്രനേട്ടം, ചൊവ്വാ ദൗത്യം വൻ വിജയമെന്ന് പ്രഖ്യാപനം
ഒരു വര്‍ഷത്തോളമായി ചൊവ്വയെ ഭ്രമണം ചെയ്യുന്ന ചൈനീസ് പേടകം ടിയാന്‍വെന്‍ 1ന്റെ ചരിത്ര നേട്ടം പുറത്തുവിട്ട് ചൈനീസ് ദേശീയ ബഹിരാകാശ ഏജന്‍സി. ടിയാന്‍വെന്‍ 1 ചൊവ്വയുടെ ഉപരിതലത്തിന്റെ പൂര്‍ണകായ ചിത്രം എടുക്കുന്നതില്‍ വിജയിച്ചുവെന്നാണ് ചൈന അറിയിക്കുന്നത്. ആദ്യ വിക്ഷേപണത്തില്‍ തന്നെ ചൊവ്വയെ ചുറ്റുന്ന ഓര്‍ബിറ്ററും ചൊവ്വയില്‍ ഇറങ്ങുന്ന റോവറും അയക്കാന്‍ കഴിഞ്ഞുവെന്ന നേട്ടം നേരത്തേ തന്നെ ടിയാന്‍വെന്‍ 1 സ്വന്തമാക്കിയിരുന്നു.

സ്വര്‍ഗീയ സത്യം തേടുന്ന- എന്നര്‍ഥം വരുന്ന ടിയാന്‍വെന്‍ 1ന് ആറ് പ്രധാന ഭാഗങ്ങളാണുള്ളത്. ചൊവ്വയ്ക്ക് ചുറ്റും കറങ്ങുന്ന ഓര്‍ബിറ്റര്‍, പ്രത്യേകം വിന്യസിക്കാനാവുന്ന രണ്ട് ക്യാമറകള്‍, ചൊവ്വയില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ഒരു റിമോട്ട് ക്യാമറ, ചൊവ്വയില്‍ സഞ്ചരിക്കുന്ന സുറോങ് റോവര്‍ എന്നിവയാണവ. ഓര്‍ബിറ്റര്‍ ചൊവ്വയ്ക്കു ചുറ്റും 1344 തവണ ഭ്രമണം ചെയ്യുന്നതിനിടെയാണ് പല വശങ്ങളില്‍ നിന്നുള്ള ചിത്രങ്ങളെടുത്തത്. തങ്ങളുടെ ദൗത്യം എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കിയതായും ചൈനീസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു.
കോവിഡ് 19 കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് 2020 ജൂലൈ 23 നായിരുന്നു ടിയാന്‍വെന്‍ 1 ചൈന വിക്ഷേപിച്ചത്. ഇതിന് മുൻപ് 1975ല്‍ വിക്ഷേപിച്ച അമേരിക്കയുടെ വൈകിംങ് 1, വൈകിംങ് 2 ദൗത്യങ്ങള്‍ മാത്രമായിരുന്നു ഒരൊറ്റ തവണയില്‍ റോവറും ഓര്‍ബിറ്ററും വിജയകരമായി ചൊവ്വയിലേക്ക് എത്തിച്ചതും വിവരങ്ങള്‍ ശേഖരിച്ചതും.
പടുകൂറ്റന്‍ മണല്‍കൂനകള്‍, മറഞ്ഞിരിക്കുന്ന അഗ്നിപര്‍വ്വതങ്ങള്‍, വലിയ കിടങ്ങുകള്‍, ഉത്തരധ്രുവം എന്നിങ്ങനെ ചൊവ്വയുടെ വ്യത്യസ്ത ഭാവങ്ങള്‍ ടിയാന്‍വെന്‍ 1 തന്റെ ദൗത്യത്തിനിടെ പകര്‍ത്തിയിരുന്നു. ഈ സമയം ചൊവ്വയുടെ ഉപരിതലത്തിന്റെ ഘടന, കാലാവസ്ഥ, പരിസ്ഥിതി, മണ്ണ് എന്നിവയെക്കുറിച്ചെല്ലാം സുറോങ് പേടകം വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
ചൊവ്വയെക്കുറിച്ച് ആകെ 1040 ജിബി വിവരങ്ങള്‍ ടിയാന്‍വെന്‍ 1 പേടകം ഭൂമിയിലേക്ക് എത്തിച്ചു. 2021 ഫെബ്രുവരി 10നാണ് ടിയാന്‍വെന്‍ 1 ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തുന്നത്. സുറോങ് റോവര്‍ ആ വര്‍ഷം തന്നെ മേയ് 14ന് മാത്രമാണ് ചൊവ്വയുടെ ഉപരിതലം തൊട്ടത്. നാസയുടെ വൈക്കിംങ് 2 പേടകം ഇറങ്ങിയ യുട്ടോപ്യ പ്ലാനിറ്റിയയിലായിരുന്നു സുറോങ് റോവര്‍ ഇറങ്ങിയത്.
ചൊവ്വയില്‍ വിപുലമായ ലക്ഷ്യങ്ങളാണ് ഭാവി പദ്ധതികളായി ചൈന പ്രഖ്യാപിച്ചിട്ടുള്ളത്. 2031ല്‍ ചൊവ്വയില്‍ നിന്നും സാംപിള്‍ ഭൂമിയിലേക്കെത്തിക്കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. നേരത്തേ നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും മാത്രമാണ് ഈ ദൗത്യത്തില്‍ വിജയിച്ചിട്ടുള്ളത്.
റോബോട്ടിക്ക് ദൗത്യത്തിന് പിന്നാലെ 2033ല്‍ മനുഷ്യനെ ചൊവ്വയിലേക്കെത്തിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുമുണ്ട്. തുടര്‍ച്ചയായി ചൊവ്വയിലേക്ക് ദൗത്യങ്ങള്‍ അയക്കാനും ചൊവ്വയില്‍ ബേസ് ക്യാംപ് സ്ഥാപിക്കാനും ചൈനക്ക് പദ്ധതിയുണ്ട്. ഈ പ്രഖ്യാപനം അമേരിക്ക അടക്കമുള്ള രാജ്യങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്. കാരണം 2030കളുടെ അവസാനത്തിലോ 2040കളുടെ തുടക്കത്തിലോ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുമെന്ന ഒഴുക്കന്‍ പ്രഖ്യാപനമാണ് അമേരിക്ക നടത്തിയിട്ടുള്ളത്. ചൈന വളരെ ഗൗരവത്തിലാണ് ബഹിരാകാശ പദ്ധതികളെ കാണുന്നത്. അവരുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തില്‍ മൂന്ന് യാത്രികര്‍ താമസിക്കുന്നുണ്ട്. അവസാനത്തെ ബഹിരാകാശ സഞ്ചാരികളുടെ സംഘം കഴിഞ്ഞ മാസമാണ് എത്തിയത്