ചൊവാഴ്ച്ചയും വിജയകഥ തുടരുകയാണ് ഓഹരി വിപണി.
മുംബൈ: ചൊവാഴ്ച്ചയും വിജയകഥ തുടരുകയാണ് ഓഹരി വിപണി. ഇന്നലത്തെ വ്യാപാരത്തില്‍ പിന്നാക്കം പോയ സാമ്ബത്തിക, ബാങ്കിങ് ഓഹരികള്‍ നേരിയ ഉണര്‍വോടെ ഇന്ന് തിരിച്ചെത്തി. അവസാന മണി മുഴങ്ങുമ്ബോള്‍ 16,600 പോയിന്റും മറികടന്ന് 16,615 എന്ന നിലയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. ചരിത്രത്തില്‍ ആദ്യമായാണ് നിഫ്റ്റി ഇത്രയേറെ ഉയരുന്നതും. സെന്‍സെക്‌സിലും കാണാം വന്‍മുന്നേറ്റം. 210 പോയിന്റ് അഥവാ 0.38 ശതമാനം നേട്ടം കുറിക്കാന്‍ ബോംബെ സൂചികയ്ക്ക് സാധിച്ചു. 55,792 പോയിന്റ് എന്ന നിലയിലാണ് സെന്‍സെക്‌സില്‍ ഇടപാടുകള്‍ക്ക് വിരാമമായത്.
ഇന്നത്തെ പ്രകടനം കൂടി അടിസ്ഥാനപ്പെടുത്തുമ്ബോള്‍ തുടര്‍ച്ചയായി ഏഴു ദിനം വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി.ഐടി ഓഹരികളുടെ കുതിപ്പിന്മേലാണ് ഓഹരി വിപണിയുടെ ഇന്നത്തെ നേട്ടം മുഴുവന്‍. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്‌ട്‌സ്, വിപ്രോ, ടെക്ക് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ് എന്നിവര്‍ ചൊവാഴ്ച്ച നിഫ്റ്റിയില്‍ മുന്നിലെത്തി. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, അദാനി പോര്‍ട്‌സ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയ സ്‌റ്റോക്കുകളാണ് പട്ടികയില്‍ താഴേക്ക് പോയതും.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ ഐടിയാണ് ചൊവാഴ്ച്ച ഏറ്റവും മുകളില്‍. 2 ശതമാനത്തിലേറെ നേട്ടം കുറിക്കാന്‍ നിഫ്റ്റി ഐടി സൂചികയ്ക്ക് കഴിഞ്ഞു. എഫ്‌എംസിജി, ഫാര്‍മ ഓഹരികളും ഭേദപ്പെട്ട പ്രകടനമാണ് ഇന്ന് കാഴ്ച്ചവെച്ചത്. ഇതേസമയം, മറ്റു വ്യവസായ വില സൂചികകള്‍ എല്ലാം ചുവപ്പില്‍ ദിനം പൂര്‍ത്തിയാക്കി. കൂട്ടത്തില്‍ നിഫ്റ്റി ലോഹവും പൊതുമേഖലാ ബാങ്കുമാണ് ഏറ്റവും പിന്നിലായത്.
നിഫ്റ്റി ഐടി സൂചികയിലെ പത്തില്‍ എട്ടു സ്റ്റോക്കുകളും ചൊവാഴ്ച്ച വലിയ മുന്നേറ്റം നടത്തി. മൈന്‍ഡ്ട്രീ, എംഫസിസ്, എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്ക്, വിപ്രോ, ടെക്ക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഓഹരികള്‍ കഴിഞ്ഞ 52 ആഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന ഓഹരി വില കണ്ടെത്തി. ആഗോള വിപണികളില്‍ നിന്നും ശക്തമായ ട്രെന്‍ഡ് ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ലാഭനഷ്ടത്തില്‍ ചുവടുവെച്ചായിരുന്നു വിപണിയുടെ ഇന്നത്തെ പ്രയാണം. ആഗോളതലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതും ഇന്റര്‍നെറ്റ് മേഖലയില്‍ ചൈനീസ് സര്‍ക്കാര്‍ പിടിമുറുക്കുന്നതും ആഗോള വിപണിയില്‍ ഇന്ന് ആശങ്കയ്ക്ക് വഴിതെളിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഐടി, എഫ്‌എംസിജി, ഫാര്‍മ മേഖലകള്‍ അടിയുറച്ച പിന്തുണയാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്ക് പ്രദാനം ചെയ്തത്.
സെന്‍സെക്‌സിലെ നേട്ടക്കാരെ ചുവടെ കാണാം.
ടെക്ക് മഹീന്ദ്ര (3.21 ശതമാനം), നെസ്‌ലെ ഇന്ത്യ (2.30 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ് (2.26 ശതമാനം), ടൈറ്റന്‍ (2.18 ശതമാനം), ടിസിഎസ് (2.02 ശതമാനം), ഇന്‍ഫോസിസ് (1.95 ശതമാനം), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (1.80 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (1.76 ശതമാനം), ബജാജ് ഓട്ടോ (1.72 ശതമാനം), പവര്‍ ഗ്രിഡ് (1.27 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് (1.27 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (0.91 ശതമാനം), മാരുതി സുസുക്കി (0.89 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.59 ശതമാനം), എച്ച്‌ഡിഎഫ്‌സി (0.52 ശതമാനം), ബജാജ് ഫൈനാന്‍സ് (0.48 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (0.28 ശതമാനം), സണ്‍ ഫാര്‍മ (0.18 ശതമാനം).
സെന്‍സെക്‌സില്‍ നഷ്ടം നേരിട്ടവരെ ചുവടെ കാണാം.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് (-1.83 ശതമാനം), എന്‍ടിപിസി (-1.43 ശതമാനം), ഭാരതി എയര്‍ടെല്‍ (-1.25 ശതമാനം), ടാറ്റ സ്റ്റീല്‍ (-1.16 ശതമാനം), എല്‍ ആന്‍ഡ് ടി (-1.00 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-0.91 ശതമാനം), എസ്ബിഐ (-0.91 ശതമാനം), ഐടിസി (-0.85 ശതമാനം), എച്ച്‌ഡിഎഫ്‌സി ബാങ്ക് (-0.81 ശതമാനം), റിലയന്‍സ് (-0.52 ശതമാനം), ആക്‌സിസ് ബാങ്ക് (-0.47 ശതമാനം), ഐസിഐസിഐ ബാങ്ക് (-0.21 ശതമാനം).
വിശാല വിപണികളിലും ഇന്ന് നേട്ടം കാണാം. ബിഎസ്‌ഇ മിഡ്ക്യാപ് 0.7 ശതമാനം നേട്ടത്തിലാണ് ദിനം പിന്നിട്ടത്. സ്‌മോള്‍ക്യാപ്പാകട്ടെ 0.3 ശതമാനം നേട്ടത്തിലും ഇടപാടുകള്‍ അവസാനിപ്പിച്ചു.