ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും തഴുകിക്കൊണ്ടുള്ള ബജറ്റ്!
പ്രതീക്ഷിച്ചതു പോലെ ജനപ്രിയമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ധനമന്ത്രി തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ച പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റ്. പുതിയ നികുതി ഭാരങ്ങളോ വിലക്കയറ്റമോ അടിച്ചേല്‍പ്പിക്കാത്ത, അതേസമയം സാധാരണക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതാണ് ബജറ്റ്. ക്ഷേമ പെന്‍ഷന്‍ 1,600 രൂപയാക്കി ഉയര്‍ത്തി. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ.് സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇത് സൗജന്യ നിരക്കില്‍ ലഭ്യമാക്കും. 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ ജോലി, ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 2021-22 വര്‍ഷം 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട്, നീല, വെള്ള കാര്‍ഡുടമകള്‍ക്ക് 15 രൂപ നിരക്കില്‍ പത്ത് കിലോ അധിക അരി, സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ മരുന്ന് സൗജന്യം, ജേര്‍ണലിസ്റ്റ്- നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനുകളില്‍ 1,000 രൂപയുടെ വര്‍ധന എന്നിങ്ങനെ നീളുന്നു ബജറ്റ് വാഗ്ദാനങ്ങള്‍.ഒരു വര്‍ഷം നടപ്പാക്കേണ്ട പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചതെങ്കിലും സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാറായതിനാല്‍ നാല് മാസത്തെ ചെലവുകള്‍ക്കാവശ്യമായ വോട്ട് ഓണ്‍ അക്കൗണ്ടേ ഈ സഭയില്‍ പാസ്സാക്കുകയുള്ളൂ.
മൂന്ന് വ്യാവസായിക ഇടനാഴികളാണ് ബജറ്റിലെ ശ്രദ്ധേയമായ മറ്റൊരിനം. കൊച്ചി – പാലക്കാട് വ്യാവസായിക ഇടനാഴി, കൊച്ചി- മെംഗളൂരു വ്യാവസായിക ഇടനാഴി, ക്യാപിറ്റല്‍ റീജ്യന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നിങ്ങനെയാണ് മൂന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 50,000 കോടി മുടക്കു മുതല്‍ വരുന്ന ഈ വ്യാവസായിക ഇടനാഴികളുടെ നിര്‍മാണം 2021-22 വര്‍ഷങ്ങളിലായി ആരംഭിക്കുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം. വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ദ്രവീകൃത പാചക വാതകത്തിന്റെ (എല്‍ എന്‍ ജി, സി എന്‍ ജി) വാറ്റ് നികുതി അഞ്ച് ശതമാനം കുറക്കുകയും ചെയ്തു. നിലവില്‍ 14.5 ശതമാനമാണ് ഇവയുടെ വാറ്റ് നികുതി.
ആരോഗ്യ മേഖലയിലും ശ്രദ്ധയൂന്നുന്നു ബജറ്റ്. റോഡപകടത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ, എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഉച്ചക്ക് ശേഷവും ഒ പി സംവിധാനം, മരുന്നുത്പാദനത്തിന് കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക്, ക്യാന്‍സറിനുള്ള മരുന്ന് നിര്‍മാണത്തിന് പ്രത്യേക പാര്‍ക്ക്, മെഡിക്കല്‍ കോളജുകളുടെ നവീകരണത്തിന് 3,222 കോടി രൂപ, തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക്, ആയുര്‍വേദ മേഖലക്ക് 78 കോടി, ജീവിതശൈലീ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്ന വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തിച്ചു കൊടുക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ അടങ്ങിയ കാരുണ്യ അറ്റ് ഹോം തുടങ്ങിയവ ഈ മേഖലയിലെ പ്രഖ്യാപനങ്ങളാണ്. വയനാട് മെഡിക്കല്‍ കോളജ് 2022ല്‍ യാഥാര്‍ഥ്യമാകുമെന്നും ഇതിനായി കിഫ്ബിയില്‍ നിന്ന് 3,00 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറയുന്നു. കാര്‍ഷിക, വിദ്യാഭ്യാസ, അടിസ്ഥാന വികസന മേഖലകളിലുമുണ്ട് വാഗ്ദാനങ്ങള്‍ നിരവധി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറെ സന്തോഷത്തിന് വക നല്‍കുന്നു ബജറ്റ്. ശമ്ബള പരിഷ്‌കരണ റിപ്പോര്‍ട്ട് ജനുവരി അവസാനം ലഭിക്കുമെന്നും കമ്മീഷന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മുതല്‍ ശമ്ബളവും പെന്‍ഷനും പരിഷ്‌കരിച്ചുകൊണ്ട് ഉത്തരവ് ഇറക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ശമ്ബള പരിഷ്‌കരണത്തിലെന്നപോലെ ശമ്ബള കുടിശ്ശിക മൂന്ന് ഗഡുക്കളായി പിന്നീട് നല്‍കും. നിലവിലുള്ള രണ്ട് ഡി എ ഗഡു കുടിശ്ശികയില്‍ ഒരു ഗഡു ഏപ്രില്‍ മുതലും രണ്ടാമത് ഗഡു 2021 ഒക്ടോബറിലും നല്‍കും. പ്രവാസികളെയും തലോടുന്നു മന്ത്രി. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി നടപ്പാക്കും. ഇതിലേക്ക് 100 കോടി രൂപ വകയിരുത്തും. പ്രവാസി ക്ഷേമനിധിക്ക് ഒമ്ബത് കോടി രൂപയും അനുവദിക്കും. പ്രവാസി പെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്.
ജനങ്ങളുടെ മേല്‍ പുതിയ ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കാതെ ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും തഴുകിക്കൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചതില്‍ ധനമന്ത്രിയും സര്‍ക്കാറും അഭിനന്ദനമര്‍ഹിക്കുന്നു. അതേസമയം, കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനമെന്ന് വ്യാഴാഴ്ച അവതരിപ്പിച്ച സാമ്ബത്തികാവലോകന റിപ്പോര്‍ട്ടില്‍ ധനമന്ത്രി തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി. 2018-19 കാലത്ത് കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49 ശതമാനം ആയിരുന്നത് 2019-20 വര്‍ഷത്തില്‍ 3.45 ശതമാനമായി കുത്തനെ ഇടിഞ്ഞു. 2020-21 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്ബദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും സാമ്ബത്തികാവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധവും മുന്നൊരുക്കമില്ലാത്ത നികുതി പരിഷ്‌കരണവും പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളും കൊവിഡും സൃഷ്ടിച്ച സാമ്ബത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറുക അത്ര എളുപ്പമല്ല. സംസ്ഥാനത്തിന്റെ കടബാധ്യത ഭീമമാണ്. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടിയോളം രൂപയുടെ കടക്കാരായി മാറിയിട്ടുണ്ട് സംസ്ഥാനം. റവന്യൂ വരുമാനത്തിന്റെ ഏതാണ്ട് 87 ശതമാനം ജീവനക്കാരുടെ ശമ്ബളത്തിനും പെന്‍ഷനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി ചെലവിടുകയുമാണ്. വരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാകുന്നില്ലെന്നതാണ് അനന്തര ഫലം. കടമെടുപ്പാണ് മാറിമാറി വരുന്ന സര്‍ക്കാറുകളെല്ലാം ഇതിന് കണ്ടെത്തുന്ന പ്രതിവിധി. കടമെടുപ്പിന് കേന്ദ്രം നിശ്ചയിച്ച പരിധിയെത്തിയാല്‍ കിഫ്ബിയെപ്പോലെയുള്ള ഏജന്‍സികളെ സമീപിക്കുന്നു.
ഭരണച്ചെലവുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുക, ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ധൂര്‍ത്ത് ഒഴിവാക്കുക, പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി അടങ്കല്‍ തുക പിന്നെയും വര്‍ധിപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കുക തുടങ്ങി ഭരണ രംഗത്ത് കടുത്ത സാമ്ബത്തിക അച്ചടക്കമാണ് ഇതിന് ചെറിയ തോതിലെങ്കിലും ഒരു പരിഹാരം. പത്ത് വര്‍ഷം മുമ്ബ് ഒരു എം എല്‍ എക്കു വേണ്ടി പൊതുഖജനാവില്‍ നിന്ന് വര്‍ഷാന്തം ചെലവഴിച്ചിരുന്നത് 21 ലക്ഷം രൂപയായിരുന്നുവെങ്കില്‍ ഇന്ന് 60 ലക്ഷത്തോളമായി ഉയര്‍ന്നു കഴിഞ്ഞു. ഇതിനൊക്കെ ഒരു നിയന്ത്രണം ആവശ്യമല്ലേ? ഇല്ലെങ്കില്‍ കേരളത്തിന്റെ കടബാധ്യത ഇനിയും കുത്തനെ ഉയരുകയും സാമ്ബത്തിക പ്രതിസന്ധി പൂര്‍വോപരി രൂക്ഷമാകുകയും ബജറ്റ് പ്രഖ്യാപനങ്ങള്‍ കേവല വാഗ്ദാനങ്ങളില്‍ ഒതുങ്ങുകയും ചെയ്യും.