ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിനോട് പൊരുതാൻ കേരളവും ഒരുങ്ങുന്നു!
തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ മുന്‍കരുതലുകള്‍ ആവശ്യമുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ജാഗ്രതാ നടപടികള്‍ കൈകൊള്ളാന്‍ തീരുമാനമായി. അതിന്‍റെ ഭാഗമായി എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. എയര്‍പോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുമെന്നും അവര്‍ അറിയിച്ചു.നാല് എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും കിയോസ്‌കുകള്‍ ആരംഭിക്കും. യു.കെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ കോവിഡ് പരിശോധന ശക്തമാക്കും.യു.കെ.യില്‍ നിന്ന് നേരിട്ടോ മറ്റേതെങ്കിലും രാജ്യങ്ങള്‍ വഴിയോ വരുന്നവരെ കണ്ടെത്താന്‍ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.14 ദിവസത്തിനുള്ളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കുന്നതാണ്. 14 ദിവസത്തന് മുമ്പ് ഇവിടെ എത്തിച്ചേര്‍ന്ന ആളുകളേയും പ്രത്യേക നിരീക്ഷണത്തല്‍ കൊണ്ടുവരേണ്ടതാണ്. ഇവിടെ നിന്നും വന്നവരുടെ ക്വാറന്റൈന്‍ ശക്തിപ്പെടുത്തും. ക്വാറന്റൈനിലുള്ള എല്ലാവരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരും നിരന്തരം കാര്യങ്ങള്‍ വിലയിരുത്തുമെന്നും ജീവനക്കാര്‍ കര്‍ശനമായും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.