‘ജല്ലിക്കട്ട്’ ഓസ്കറിലേക്ക്!
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്കർ എൻട്രി. അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യാന്തര ചലച്ചിത്ര അവാർഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.
ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിൾ , ശിക്കാര. ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു.
രാജീവ് അഞ്ചൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗുരു ആണ് മലയാളത്തിൽനിന്നും ആദ്യമായി ഓസ്കർ എൻട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011-ൽ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിനും ഇന്ത്യയിൽ നിന്ന് ഓസ്കർ എൻട്രി ലഭിച്ചു.
2021 ഏപ്രിൽ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്കാര ചടങ്ങ് നടക്കുക