ജാഗ്രത ! ഈ എസ്എംഎസ് പണം അപഹരിയ്ക്കും
നിങ്ങളുടെ ഫോണിലേയ്ക്ക് അക്കൗണ്ടിലേയ്ക് പണം ക്രെഡിറ്റ് ആയത് സംബന്ധിച്ച് വരാറുള്ള എസ്എംഎസുകൾ പരിശോധിയ്ക്കാറുണ്ടോ? ഉറവിടം അറിയാതെ, പണം ക്രെഡിറ്റ് ആയി എന്നു പറഞ്ഞ് വരുന്ന എല്ലാ എസ്എംഎസുകളും സത്യമാകണമെന്നില്ല.
ഇപ്പോൾ എസ്എംഎസുകളിലൂടെ വ്യാജ സന്ദേശങ്ങൾ നൽകി ആളുകളെ കബളിപ്പിയ്ക്കുന്നത് വ്യാപകമാവുകയാണ്. അക്കൗണ്ടിൽ 3,500 രൂപ എത്തിയതായി പ്രചരിയ്ക്കുന്ന എസ്എംഎസ് ആണ് ഇതിൽ ഏറ്റവും പുതിയത്.
ഇതിനെതിരെ ജാഗരൂകരായിരിക്കണം എന്നും ചുവടെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും കേരള പോലീസ് നിര്‍ദേശം കൊടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ.
അക്കൗണ്ടിൽ 3500 രൂപ ക്രെഡിറ്റ് ആയെന്നും വിവരങ്ങൾ അറിയാൻ ചുവടിൽ ക്ലിക്ക് ചെയ്യുക എന്ന രീതിയിലുള്ള എസ്എംഎസ് ആണ് മൊബൈൽ ഫോണിൽ എത്തുക. ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടമാകുന്നതാണ് അവസ്ഥ. രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സംഘമാണ് പണം തട്ടിപ്പിന് പിന്നിൽ. 3,500 രൂപ മാത്രമല്ല പല തുകയും ക്രെഡിറ്റ് ആയി എന്ന് പറഞ്ഞ് വ്യാജ സന്ദേശങ്ങൾ എത്താറുണ്ട്.
സംസ്ഥാനത്ത് നിരവധി പേര്‍ക്കാണ് ദിവസേന ഇത്തരം വ്യാജ സന്ദേശങ്ങൾ ലഭിയ്ക്കുന്നത്. ഫോൺകോളുകളിലൂടെയും ഇത്തരം തട്ടിപ്പ് നടത്താറുണ്ട്. അവസാനം നടത്തിയ പണം ഇടപാടുകളുടെ വിവരങ്ങൾ ചോര്‍ത്തി നടത്തുന്ന സംഭാഷണങ്ങൾക്കൊടുവിൽ ക്യൂആര്‍ കോഡ് സ്കാൻ ചെയ്യാൻ തട്ടിപ്പുകാര്‍ ആവശ്യപ്പെടാറുണ്ട്. എന്നാൽ ക്യൂആര്‍ കോഡ് സ്കാൻ ചെയ്താൽ ഉടൻ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകും.