ജിയോയോടും എയർടെലിനോടും ജയിക്കാൻ വിഐ; വരിക്കാർക്ക് ഇനി എന്ത് കളിയും കാണാം, പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചു
ഇന്ത്യയിലെ സ്പോർട്സ് പ്രേമികൾക്ക് ഇനി ഏത് പ്രമുഖ കായിക മത്സരങ്ങളും ആവേശം ചോരാതെ സ്മാർട്ട്ഫോണിൽ കാണാം. കാരണം രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനികളിൽ ഒന്നായ വൊഡാഫോൺ ഐഡിയ (VI) പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. ഇത് ഉപയോഗിച്ച് വിഐയുടെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന T20 ക്രിക്കറ്റ് ടൂർണമെൻ്റ്, UEFA യൂറോ 2024, ഫോർമുല 1 എന്നിവ ആസ്വദിക്കാൻ സാധിക്കും. അടുത്തിടെ എയർടെലും ജിയോയും ടി20 ക്രിക്കറ്റ് വേൾഡ്കപ്പ് സ്പെഷൽ പ്ലാനുകൾ പുറത്തിറക്കിയിരുന്നു. ഈ പ്ലാനുകളോട് ഏറ്റുമുട്ടും വിധത്തിലാണ് വിഐയുടെ പുതിയ സ്പോർട്സ് കേന്ദ്രീകൃത സബ്സ്ക്രിപ്ഷൻ പ്ലാനുകൾ എത്തിയിരിക്കുന്നത്.
ഇന്ത്യയിലെ സ്‌പോർട്‌സ് പ്രേക്ഷകർക്ക് ഡിജിറ്റൽ സ്‌പോർട്‌സ് കാഴ്ചാനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ തങ്ങളുടെ പുതിയ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ഉപയോഗിക്കാനാകുമെന്ന് വിഐ പറയുന്നു. ഇന്ത്യയിൽ 678 ദശലക്ഷം കായികപ്രേക്ഷകരുണ്ടെന്ന ഒർമാക്‌സ് മീഡിയയുടെ സമീപകാല റിപ്പോർട്ട് വിഐ ചൂണ്ടിക്കാട്ടുന്നു. 612 മില്യൺ ക്രിക്കറ്റ് കാഴ്ചക്കാരും 305 മില്യൺ ഫുട്ബോൾ ആരാധകരും ഇന്ത്യയിലുണ്ട് എന്നാണ് കണക്ക്.
ഈ കായികപ്രേമികളിൽ കണ്ണുവച്ചുകൊണ്ട് തന്നെയാണ് വിഐ പുതിയ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്. ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ തത്സമയം വിവിധ കായികമത്സരങ്ങൾ ആസ്വദിക്കാൻ പുതിയ വിഐ മൂവീസ് ആൻഡ് ടിവി പ്രോ പ്ലാൻ വഴിയൊരുക്കുമെന്ന് വിഐ പറയുന്നു. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് പ്രതിമാസം 199 രൂപയ്ക്കും പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് പ്രതിമാസം 202 രൂപയ്ക്കും ഈ പ്ലാൻ ലഭ്യമാണ്.