ജില്ല വിട്ട് യാത്രചെയ്യാനുള്ള പാസ് ഇനി മുതൽ ഓൺലൈനിൽ!  

ജില്ല വിട്ട് യാത്ര ചെയ്യുന്നവർക്ക് പാസ് ലഭിക്കാനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. www.pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അപേക്ഷകരുടെ മൊബൈൽ ഫോണിലേക്ക് പാസിന്റെ ലിങ്ക് ലഭിക്കുമെന്നും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

അതത് പോലീസ് സ്റ്റേഷനുകളെ ബന്ധപ്പെട്ട് പാസ് ലഭിക്കാൻ ജനങ്ങൾക്ക് ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാറിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരുടെ തിരക്ക് നീക്കാൻ പരിശോധന വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടുകാണി ചുരം വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന ആവശ്യം പ്രാദേശികമായി ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കർണാടക സർക്കാറുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗൺ ലംഘനവും ജാഗ്രതയില്ലായ്മയും ഇപ്പോഴും പ്രകടമാകുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിലെ ലോക്ക്ഡൗൺ ലംഘനം കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പോലീസ് കർക്കശ നിലപാടെടുക്കുമ്പോൾ പരാതികൾ സ്വാഭാവികമാണ്. പോലീസിനെ അത്തരമൊരു നിലാപടിലേക്ക് നയിക്കാത്ത സമീപനം ജനങ്ങൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team