ടാറ്റാ ഗ്രാവിറ്റാസ് അടുത്ത വർഷം വിപണിയിൽ എത്തും
ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പിനെ വിപണി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലിനെ ഇനി അധികം വൈകാതെ നിരത്തുകളില്‍ കാണാം എന്നതാണ് ശുഭവാര്‍ത്ത. ഈ വര്‍ഷം ഏപ്രിലില്‍ ഗ്രാവിറ്റാസിന്റെ അവതരണം പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ്-19 മൂലം പദ്ധതിയില്‍ മാറ്റം വരുത്തുകയായിരുന്നു . എംജി ഹെക്‌ടര്‍ പ്ലസിന് എതിരാളിയാകുന്ന ടാറ്റ എസ്‌യുവി അടുത്ത വര്‍ഷം തുടക്കത്തോടെ വിപണിയില്‍ എത്തുമെന്നാണ് ലഭിക്കുന്ന സൂചന. അതായത് നടപ്പ് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഗ്രാവിറ്റാസ് വില്‍പ്പനയ്ക്ക് എത്തിയേക്കുമെന്ന് സാരം. എസ്‌യുവിയെ ഇതിനോടകം തന്നെ നിരവധി പരീക്ഷണയോട്ടത്തിന് കമ്പനി വിധേയമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് മറ്റൊരു ചിത്രമാണ്. മറവുകളൊന്നുമില്ലാത്ത ടാറ്റ ഗ്രാവിറ്റാസിന്റെ ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇത് വാഹനത്തിന്റെ പിന്‍വശത്തെ കുറിച്ചുള്ള വിശദാംശങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ പുറത്തുവിടുന്നു. ഇതിനകം സൂചിപ്പിച്ചതുപോലെ ടാറ്റയുടെ മിഡ്-സൈസ് എസ്‌യുവിയായ ഹാരിയറിന്റെ ഏഴ് സീറ്റര്‍ വകഭേദമാണ് ഗ്രാവിറ്റാസ്. രണ്ട് എസ്‌യുവികളും ഒരേ 2,741 മില്ലീമീറ്റര്‍ വീല്‍ബേസാണ് പങ്കിടുന്നതെങ്കിലും ഗ്രാവിറ്റാസിന് 63 മില്ലീമീറ്റര്‍ നീളവും 80 മില്ലീമീറ്റര്‍ ഉയരവുമാണ് ഹാരിയറിനെക്കാള്‍ ഉള്ളത്. ബി-പില്ലര്‍ വരെ ഗ്രാവിറ്റാസ് ഹാരിയറിനോട് ഏതാണ്ട് സമാനമാണ്. ഇതിനപ്പുറം മുന്‍നിരയില്‍ സവിശേഷമായി രൂപകല്‍പ്പന ചെയ്ത പിന്‍വശമാകും ശ്രദ്ധേയമാവുക.
സ്റ്റെപ്പ്-അപ്പ് മേല്‍ക്കൂരയും മൂന്നാമത്തെ നിര യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനായി നീളമുള്ള റിയര്‍ ഓവര്‍ഹാങ്ങുമാണ് ഗ്രാവിറ്റാസിനെ വ്യത്യസ്‌തമാക്കുന്നത്. കൂടാതെ വ്യത്യസ്‌തമായ അലോയ് വീല്‍ ഡിസൈനുകളും കളര്‍ ഓപ്ഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരവും ഇതിന് ലഭിക്കും. ഏറ്റവും പ്രധാനമായി ഇത് ഹാരിയറിന്റെ അതേ ഒമേഗ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് ഒരുങ്ങുന്നത്. ക്യാബിനകത്ത് അല്പം പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്‌ബോര്‍ഡും ലേഔട്ടും ഗ്രാവിറ്റാസ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സീറ്റുകള്‍ക്കായി ഐവറി നിറമുള്ള അപ്ഹോള്‍സ്റ്ററി, ഡോര്‍ പാഡുകള്‍, ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ ഒരു ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ ഗ്രാവിറ്റാസ് ഏഴ് സീറ്റര്‍ എസ്‌യുവിയിലെ ശ്രദ്ധേയമായ ചില പ്രത്യേകതകളാണ്. ബാക്കി ഘടകങ്ങളെല്ലാം ഹാരിയറിന് സമാനമായി തുടരുമെന്നാണ് സൂചന. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ക്രിയോടെക് ഡീസല്‍ എഞ്ചിനാകും ഗ്രാവിറ്റാസിന്റെ ഹൃദയം. ഇത് 168 bhp കരുത്തില്‍ 350 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരുക്കും. ഈ യൂണിറ്റ് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലേക്ക് ടാറ്റ ജോടിയാക്കും. എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര XUV500 വരാനിരിക്കുന്ന ഏഴ് സീറ്റര്‍ ഹ്യുണ്ടായി ക്രെറ്റ എന്നീ മോഡലുകള്‍ക്കെതിരെയാകും ഗ്രാവിറ്റാസ് മത്സരിക്കുക. ഇതിന് ഏകദേശം 15 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. ഇതിനുപുറമെ ടാറ്റ മോട്ടോര്‍സ് അടുത്ത വര്‍ഷം അവസാനം HBX എന്ന എന്‍ട്രി ലെവല്‍ മിനി എസ്‌യുവിയും വിപണിയിലെത്തിക്കും. നിലവില്‍ അതിന്റെ പരീക്ഷണയോട്ടവും കമ്പനി നടത്തുന്നുണ്ട്.