ടാറ്റ ഗ്രാവിറ്റാസിന്റെ അരങ്ങേറ്റം റിപ്പബ്ലിക് ദിനത്തിൽ  


2019 മാർച്ചിൽ ജനീവ മോട്ടോർ ഷോയിലാണ് ടാറ്റ മോട്ടോർസ് ബസാർഡ് എന്ന പേരിൽ ഗ്രാവിറ്റാസ് എസ്‌യുവിയെ അവതരിപ്പിച്ചത്. 5 സീറ്റർ എസ്‌യുവി മോഡൽ ആയ ഹാരിയറിന്റെ 7 സീറ്റർ വല്യേട്ടനാണ് ഇന്ത്യയിൽ ഗ്രാവിറ്റാസ് എന്ന പേരിൽ എത്തുന്ന ടാറ്റായുടെ പുത്തൻ എസ്‌യുവി. ഈ വർഷം ഫെബ്രുവരിയിൽ തന്നെ ഗ്രാവിറ്റാസ് വില്പനക്കെത്തും എന്നാണ് ടാറ്റ ആദ്യം വ്യക്തമാക്കിയിരുന്നത്. പക്ഷെ കൊവിഡ്-19 വൈറസിന്റെ വരവോടെ ഗ്രാവിറ്റാസിൻ്റെ ലോഞ്ച് നീട്ടിവയ്ക്കാൻ ടാറ്റ നിർബന്ധിതരായി. തുടർന്ന് ഈ വർഷം ഉത്സവ സീസണ് മുൻപായി ഗ്രാവിറ്റാസ് വില്പനക്കെത്തും എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല. എന്നാൽ ഗ്രാവിറ്റാസിന്റെ വരവിനായി കാത്തിരിക്കുന്നവർ നിരാശപ്പെടേണ്ടതില്ല. ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ ഗ്രാവിറ്റാസിൻ്റെ അരങ്ങേറ്റമുണ്ടാകുമെന്ന് ടാറ്റ മോട്ടോർസ് വ്യക്തമാക്കി.സഫാരി എസ്‌യുവിയുടെ പിൻവാങ്ങലോടെ ഒഴിഞ്ഞ ഇടം നികത്താനാണ് ഗ്രാവിറ്റാസിന്റെ വരവ്.

ഗ്രാവിറ്റാസിന്റെയും ഹാരിയറിന്റെയും മുൻഭാഗത്തിന്റെ ഡിസൈൻ ഏറെക്കുറെ ഒരു പോലെ തന്നെയാണ്. റണ്ണിങ് ബോർഡ്, റൂഫ് റെയിലുകൾ, വ്യത്യസ്തമായ ഡിസൈനിലുള്ള വലിപ്പം കൂടിയ അലോയ് വീലുകൾ എന്നിവയാണ് വശങ്ങളിൽ ഗ്രാവിറ്റാസിന്റെ പ്രത്യേകതകൾ. സി-പില്ലറിന് ശേഷമാണ് ഗ്രാവിറ്റാസ് ഹാരിയറിൽ നിന്നും തികച്ചും വ്യത്യസ്തമാവുന്നത്. പരമ്പരാഗത എസ്‍യുവി സങ്കല്പത്തിന് യോജിക്കുംവിധം ബോക്‌സിയാണ് ഗ്രാവിറ്റാസിന്റെ പിൻവശം. പുതിയ ബൂട്ട് ലിഡ്, ഡിസൈനിൽ അല്പം മാറ്റം വരുത്തിയ ടെയിൽ ലാംപ്, പുതിയ സ്പോയ്ലർ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team