ടാറ്റ മാതൃകയാവുന്നു, കേരളത്തിനായി കൊറോണ ആശുപത്രി ഉടന്‍!  

കോര്‍പ്പറേറ്റ് മേഖലയില്‍ ലാഭക്കൊതിയന്‍മാര്‍ക്കിടയില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി തങ്ങളുടെ മൂല്യമായി കാത്തുസൂക്ഷിക്കുന്ന തീര്‍ത്തും വ്യത്യസ്ഥമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്ത്യയുടെ അഭിമാനം കൂടിയായ ടാറ്റ. ടാറ്റയുടെ എല്ലാ വാത്തകളും ആഗോളതലത്തില്‍ തന്നെ പ്രാധാന്യമേറിയ വാര്‍ത്തയാണ്.

ഇന്ന് കേരളത്തിന് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ടാറ്റയില്‍ നിന്നും വന്നത്. സംസ്ഥാനത്തെ കൊറോണ പ്രതിരോധത്തിന് പ്രതീക്ഷയേകി കാസര്‍കോട്ട് ടാറ്റയുടെ കൊറോണ ആശുപത്രിയുടെ നിര്‍മാണം അതിവേഗം ആരംഭിച്ചു. 15 കോടി രൂപ മുതല്‍മുടക്കില്‍ സജ്ജീകരിക്കുന്ന ആശുപത്രിയില്‍ 450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളുമുണ്ടാകും. കാസര്‍കോട് തെക്കില്‍ വില്ലേജിലെ ചട്ടഞ്ചാല്‍ പുതിയവളപ്പിലാണ് ആശുപത്രിയുടേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ആരംഭിച്ചിരിക്കുന്നത്‌.

ടാറ്റയുടെ സ്റ്റീല്‍ പ്ലാന്റുകളില്‍ നിര്‍മിച്ച പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകള്‍ പുതിയവളപ്പിലെത്തിച്ച്‌ സ്ഥാപിച്ചു തുടങ്ങി. ഇവിടെ ഒരുക്കിയ പെഡസ്റ്റലിലാണ് ഇത് സ്ഥാപിക്കുന്നത്. കണ്ടെയ്‌നറുകളിലെത്തിക്കുന്ന യൂണിറ്റുകള്‍ നേരിട്ട് പെഡസ്റ്റലിലേക്ക് സ്ഥാപിക്കുകയാണ്. ഫരീദാബാദ്, ഹുഗ്ലി, ഹൈദരാബാദ് തുടങ്ങിയ ടാറ്റ സ്റ്റീല്‍ പ്ലാന്റുകളില്‍ നിര്‍മിച്ച യൂണിറ്റുകളാണ് എത്തിക്കുന്നത്. 58 യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.

ഒരു യൂണിറ്റില്‍ അഞ്ച് കിടക്കകളുണ്ട്. ആവശ്യമനുസരിച്ച്‌ കിടക്കകള്‍ ക്രമീകരിക്കാനും എക്‌സ്‌റേ മുറി ഉള്‍പ്പെടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. സ്ഥലപരിമിതി കാരണം മൂന്ന് കെട്ടിടങ്ങളായാണ് നിര്‍മാണം. ആദ്യ കെട്ടിടത്തില്‍ 58, രണ്ടാമത്തേതില്‍ 42, മൂന്നാമത്തേതില്‍ 26 യൂണിറ്റുകള്‍. ഓരോ യൂണിറ്റുകള്‍ക്കും ഓരോ ബയോ ഡൈജസ്റ്ററുകള്‍ (ശുചിമുറി ടാങ്കുകള്‍), യൂണിറ്റുകള്‍ക്കു മുകളില്‍ 2,000 ലിറ്ററിന്റെ ജലസംഭരണി എന്നിവയുണ്ടാകും. എസി ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമുണ്ടാകും. ശുദ്ധജലമുറപ്പാക്കാന്‍ നാല് കുഴല്‍ക്കിണറുകളുമുണ്ട്.

ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ പരമാവധി രണ്ട് മണിക്കൂര്‍ മതിയാകും. കണ്ടെയ്‌നറെത്തുന്ന മുറയ്ക്ക് ഓരോ യൂണിറ്റായി സ്ഥാപിക്കും. പദ്ധതി പ്രദേശത്ത് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ പണി തുടങ്ങി. വിദഗ്ധ എഞ്ചിനീയര്‍മാര്‍ അടക്കം ടാറ്റ യൂണിറ്റിന്റെ 13 പേരാണ് ആശുപത്രി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്റ്റീലും അനുബന്ധവസ്തുക്കളുമുപയോഗിച്ച്‌ നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിന് 50 വര്‍ഷം വരെ പ്രവര്‍ത്തിക്കാനാകും.

ദേശീയപാതയിലെ തെക്കിലില്‍ നിന്ന് ആശുപത്രിയിലേക്ക് നേരിട്ട് 20 മീറ്റര്‍ വീതിയില്‍ 850 മീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ചു. അഞ്ചര മീറ്റര്‍ വീതിയില്‍ ടാറിങ് നടത്തും. റോഡ് നിര്‍മാണം പകുതിയോളം പൂര്‍ത്തിയായി. ആശുപത്രിയുടെ മൂന്ന് കെട്ടിടങ്ങളെയും ബന്ധിപ്പിച്ച്‌ 22 അടി വീതിയിലുള്ള റോഡ് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കും. ഓരോ യൂണിറ്റുകള്‍ക്കിടയിലും 12 അടി വീതിയുള്ള റോഡാണിത്. കെഎസ്‌ഇബി യുദ്ധകാലാടിസ്ഥാനത്തില്‍ ആശുപത്രിക്ക് വേണ്ട വൈദ്യുതിയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. മഴ ചതിച്ചില്ലെങ്കില്‍ ജൂണ്‍ ആദ്യവാരത്തില്‍ ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി യാഥാര്‍ഥ്യമാകുമെന്നാണ് ടാറ്റ അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team