ടൊയോട്ട യാരിസ് ലിമിറ്റഡ് എഡിഷൻ ബ്ലാക്ക് ഉടൻ വരുന്നു  

പേര് സൂചിപ്പിക്കും പോലെ തന്നെ കറുപ്പ് നിറത്തിലുള്ള ബോഡി കളർ തന്നെയാണ് ടൊയോട്ട യാരിസ് ലിമിറ്റഡ് എഡിഷൻ ബ്ലാക്കിന്റെ ആകർഷണം.ഉത്സവ കാലം അടുത്തതോടെ വാഹന നിർമ്മാതാക്കൾ ലിമിറ്റഡ്, സ്പെഷ്യൽ എഡിഷൻ മോഡലുകളുമായി ഉപഭോക്താക്കളെ ആകർഷിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇക്കൂട്ടത്തിലേക്കുള്ള പുത്തൻ താരമാണ് ടൊയോട്ട. വിറ്റാര ബ്രെസ റീബാഡ്ജിങ് ചെയ്ത് അർബൻ ക്രൂയ്സർ ആയി ലോഞ്ച് ചെയ്യുന്ന തിരക്കിനിടയിലും യാരിസ് സെഡാന് ഒരു ലിമിറ്റഡ് എഡിഷൻ പതിപ്പ് തയ്യാറാക്കി ടൊയോട്ട.

യാരിസ് ലിമിറ്റഡ് എഡിഷൻ ബ്ലാക്ക് എന്നാണ് പുത്തൻ പതിപ്പിന്റെ പേര്. പേര് സൂചിപ്പിക്കും പോലെ തന്നെ കറുപ്പ് നിറത്തിലുള്ള ബോഡി കളർ തന്നെയാണ് യാരിസ് ലിമിറ്റഡ് എഡിഷൻ ബ്ലാക്കിന്റെ ആകർഷണം. ലിമിറ്റഡ് എഡിഷൻ മോഡലിനെപ്പറ്റിയുള്ള വിവരങ്ങൾ ടൊയോട്ട വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തുകഴിഞ്ഞു.

പൂർണമായും കറുപ്പിൽ പൊതിഞ്ഞ ഗ്രിൽ, മുൻ പിൻ ബമ്പറുകൾ, റിയർവ്യൂ മിറർ കവർ, ഫോഗ് ലാംപ് ബെസെൽ, ബി പില്ലർ എന്നിവയാണ് മറ്റുള്ള കറുപ്പ് ഘടകങ്ങൾ. ഹെഡ്‍ലാംപിനും ടെയിൽ ലാമ്പിനും ക്രോം ഗാർണിഷ് നൽകി തിളക്കം വർദ്ധിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക് എഡിഷൻ കറുപ്പ് നിറത്തിൽ മാത്രമല്ല മറൂൺ റെഡ് ബോഡി കളറും, കറുപ്പ് നിറത്തിലുള്ള റൂഫും ചേർന്ന കോമ്പിനേഷനിലും ലിമിറ്റഡ് എഡിഷൻ യാരിസ് ലഭ്യമാണ് എന്നുള്ളത് രസകരമായ വസ്തുത.

യാരിസ് ലിമിറ്റഡ് എഡിഷൻ ബ്ലാക്കിന്റെ ഇന്റീരിയർ വിശദാംശങ്ങൾ ടൊയോട്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ക്യാബിൻ അന്തരീക്ഷത്തിന്‌ ഒരു പ്രീമിയം ലുക്ക് നൽകാൻ ഡോർ എഡ്ജ് ലൈറ്റിംഗ് ലഭിക്കുമെന്ന് ടീസർ ചിത്രം സൂചിപ്പിക്കുന്നു. 7 എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഡിസ്ക് ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ലിമിറ്റഡ് എഡിഷൻ മോഡലിൽ തുടരും.

1.5 ലിറ്റർ, ഇൻലൈൻ 4 സിലിണ്ടർ, ഡ്യുവൽ VVT-i പെട്രോൾ എൻജിൻ തന്നെയാണ് ലിമിറ്റഡ് എഡിഷൻ ബ്ലാക്കിനെയും ചലിപ്പിക്കുക. 108 ബിഎച്ച്പി പവറും 140 എൻഎം ടോർക്കുമാണ് ഈ എൻജിൻ നിർമ്മിക്കുന്നത്. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് സിവിടി ഗിയർബോക്സ് ഓപ്ഷനിൽ യാരിസ് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team