ട്വിറ്ററിന്റെ പേരുമാറ്റി ഇലോൺ മസ്ക്; ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല..
റീബ്രാന്‍ഡിംഗിന്റെ ഭാഗമായി പേരും ലോഗോയും മാറ്റി ട്വിറ്റര്‍. സ്വന്തം പ്രൊഫൈലില്‍ ‘എക്‌സ്’ എന്ന പേരും പ്രൊഫൈല്‍ പികും മാറ്റിയിരിക്കുകയാണ് ട്വിറ്റര്‍. നേരത്തെ നീലനിറത്തിലുള്ള കിളിയായിരുന്നു ട്വിറ്ററിന്റെ ലോഗോ. ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മസ്‌കും ട്വിറ്ററിലെ തന്റെ പ്രൊഫൈല്‍ പിക് മാറ്റിയിട്ടുണ്ട്. വൈകാതെ ട്വിറ്റര്‍ ഡോട്ട് കോം എന്നക് എക്‌സ് ഡോട്ട് കോമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും.
പുതിയ എക്‌സ് ബ്രാന്‍ഡിംഗിന് വഴിയൊരുക്കുന്നതിനുള്ള ക്രമാനുഗതമായ പ്രക്രിയ ട്വിറ്റര്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം പുതിയ മാറ്റത്തെ ഉപയോക്താക്കള്‍ അംഗീകരിച്ചിട്ടിവ്വ. പലരും ഇത് ഒരു മോശമായ ആശയം ആണെന്ന് പറഞ്ഞുകൊണ്ട് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. പലരും ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ് എന്ന പോലും ട്വീറ്റ് ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
2022 ലാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിന് പിന്നാലെ നിരവധി പരിഷ്‌കാരങ്ങള്‍ മസ്‌കിന്റെ നേതൃത്വത്തില്‍ ട്വിറ്ററില്‍ നടപ്പാക്കിയിരുന്നു. ജീവനക്കാരെ പിരിച്ചുവിടലായിരുന്നു ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്‌ക് നടത്തിയ പരിഷ്‌കാരം. ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടാക്കുന്നതിനായി ബ്ലൂ ടിക്കറ്റിന് സബ്സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തി കൊണ്ട് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമമായിരുന്നു മറ്റൊന്ന്.