ട്വിറ്റെറിനെ വെല്ലാൻ ടൂട്ടർ എത്തി!  

ടിക്‌ടോകും, പബ്‌ജിയും ഉള്‍പ്പടെ ചൈനീസ് ആപ്പുകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ശേഷം രാജ്യത്ത് തന്നെ വികസിപ്പിക്കുന്ന ആപ്പുകള്‍ക്ക് വേണ്ടിയുള‌ള പ്രധാനമന്ത്രിയുടെ ആഹ്വാനം വലിയ ആവേശത്തോടെയാണ് രാജ്യത്തെ ടെക് കമ്പനികള്‍ ഏ‌റ്റെടുത്തത്. ടിക്‌ടോകിന് പകരം ചിങ്കാരി,റോപോസോ,ഖബ്‌രി എന്നിവയുണ്ടായി. എന്തിന് പറയുന്നു ചൈനീസ് കമ്പനി മുഖ്യ ഓഹരി ഉടമസ്ഥരായ പബ്‌ജി നിരോധിച്ചപ്പോള്‍ അതിന് പകരം ഫൗജി ആപ്പ് തന്നെ നാം പുറത്തിറക്കി. ഇപ്പോഴിതാ അമേരിക്കന്‍ മൈക്രോ ബ്ളോഗിംഗ് ആപ്പായ ട്വി‌റ്ററിനും പകരം ആപ്പ് നമ്മള്‍ ഇന്ത്യക്കാര്‍ പുറത്തിറക്കിയിരിക്കുന്നു. ടൂട്ടര്‍ എന്നാണ് പേര്. അക്ഷരങ്ങളില്‍ മാത്രമുള‌ള വ്യത്യാസമല്ല കേട്ടോ ഈ ആപ്പിനുള‌ളത്.ടൂട്ടര്‍ എന്നതിനര്‍ത്ഥം ശംഖ്നാദം എന്നാണ്. പേരിനൊപ്പമുള‌ള ശംഖിന്റെ ചിത്രവുമായി എത്തിയിരിക്കുന്ന ആപ്പ് ട്വി‌റ്റര്‍, ഫേസ്‌ബുക്ക്, റെഡി‌റ്റ് എന്നിവയുടെ ഇടയില്‍ നില്‍ക്കുന്ന ഒന്നാണ്.

മ‌റ്റ് പ്രവര്‍ത്തനങ്ങളെല്ലാം ട്വി‌റ്ററിനെ പോലെ തന്നെയാണ് ടൂട്ടര്‍ക്ക്. @ ഉപയോഗിച്ച്‌ ഒരു യൂസര്‍നെയിം സൃഷ്‌ടിക്കുകയും മ‌റ്റുള‌ളവരെ ഫോളോ ചെയ്യാനും ഇതിലൂടെ സാധിക്കും.’ടൂട്ടുകള്‍’ പങ്കുവയ്‌ക്കാം. ഗൂഗിള്‍ പ്ളേസ്‌റ്റോറില്‍ ലഭ്യമായ ടൂട്ടര്‍ പക്ഷെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല. ചൈനീസ് ആപ്പുകള്‍ നിരോധിച്ച ജൂണ്‍ മാസത്തിലാണ് ടൂട്ടര്‍ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, അമിതാഭ് ബച്ചന്‍, വിരാട് കൊഹ്‌ലി, സ്‌മൃതി ഇറാനി, യോഗി ആദിത്യനാഥ്,കിരണ്‍ബേഡി, രാജ്നാഥ് സിംഗ് എന്നിവര്‍ക്ക് ടൂട്ടര്‍ അക്കൗണ്ടുണ്ട്.

ടൂട്ടറില്‍ അക്കൗണ്ട് തുടങ്ങിയാലുടന്‍ ന്യൂസ്, സി.ഇ.ഒ എന്നീ അക്കൗണ്ടുകള്‍ ഉപഭോക്താക്കളെ പിന്തുടര്‍ന്ന് തുടങ്ങും. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള‌ള വലതുപക്ഷ സമൂഹമാദ്ധ്യമമായ ‘പാര്‍ലെര്‍’ ന് സമാനമാണ് ടൂട്ടര്‍ എന്നും കരുതുന്നവരുണ്ട്. ട്രംപിനെ അനുകൂലിക്കുന്നവരുടെ അക്കൗണ്ടുകളും ടൂട്ടറില്‍ ഏറെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team