ഡിജിറ്റൽ പണം ഇടപാടുകൾ അതിവേഗം കുതിക്കുമേന്ന് പഠനം!
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 3 വര്‍ഷത്തിനുള്ളില്‍, 20 ലക്ഷം കോടിയിലേറെ രൂപയുടെ ഇടപാടുകള്‍ കറന്‍സി നോട്ടില്‍നിന്ന് കാര്‍ഡിലേക്കോ മറ്റു ഡിജിറ്റല്‍ മാര്‍ഗങ്ങളിലേക്കോ മാറുമെന്നു പഠന റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ഡിജിറ്റല്‍ ആകുന്ന ഇടപാടുകളുടെ എണ്ണം 6660 കോടിയാണ്. 2030 ആകുന്നതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ 64 ലക്ഷം കോടി രൂപ കവിയുമെന്നും ആക്സഞ്ചര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്താകെ 42000 കോടി ഇടപാടുകളാണ് (മൂല്യം 525 ലക്ഷം കോടി രൂപ) ഇങ്ങനെ 3 കൊല്ലത്തിനകം കറന്‍സിയില്‍നിന്ന് ഡിജിറ്റലിലേക്കു മാറുക. 2030 ആകുന്നതോടെ ഇങ്ങനെ മാറുന്ന ഇടപാടുകളുടെ മൂല്യം 3600 ലക്ഷം കോടി രൂപ കവിയും. കോവിഡ് കാലത്ത് ഡിജിറ്റല്‍ പണമിടപാട് അതിവേഗം കുതിച്ചതു കണക്കിലെടുത്ത് ബാങ്കുകള്‍ക്ക് പണമിടപാടുരീതികള്‍ സമഗ്രമായി നവീകരിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.ജനങ്ങള്‍ ഇത്രവേഗത്തിലും വ്യാപകമായും ഡിജിറ്റല്‍ രീതികള്‍ സ്വീകരിക്കുമെന്നത് ബാങ്കുകളുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തായിരുന്നു എന്നും ആക്സഞ്ചര്‍ പറയുന്നു.