ഡിസംബര്‍ പാദത്തിലെ സാമ്ബത്തികഫലം ബാങ്ക് ഓഫ് ബറോഡ 1,061 കോടി രൂപ അറ്റാദായം കുറിച്ചു!
ഡിസംബര്‍ പാദത്തിലെ സാമ്ബത്തികഫലം ബാങ്ക് ഓഫ് ബറോഡ ബുധനാഴ്ച്ച പുറത്തുവിട്ടു. ഒക്ടോബര്‍ – ഡിസംബര്‍ ത്രൈമാസപാദം 1,061 കോടി രൂപയാണ് ബാങ്ക് അറ്റാദായം കുറിച്ചത്. മുന്‍ സാമ്ബത്തികവര്‍ഷം ഇതേ കാലത്ത് 1,407 കോടി രൂപ നഷ്ടത്തിലായിരുന്നു ബാങ്ക് മൂന്നാം പാദം പിന്നിട്ടിരുന്നതെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
ഇത്തവണ മുടക്കം വരുന്ന വായ്പാ തിരിച്ചടവുകള്‍ പരിമിതപ്പെടുത്തിയതും വ്യാപാര നേട്ടവും ബാങ്ക് ഓഫ് ബറോഡയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി. ഇതേസമയം, നടപ്പു സാമ്ബത്തികവര്‍ഷം സെപ്തംബര്‍ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്താല്‍ ബാങ്കിന്റെ അറ്റാദായം 37 ശതമാനം കുറഞ്ഞതായി കാണാം. ജൂലായ് – സെപ്തംബര്‍ കാലയളവില്‍ 1,679 കോടി രൂപ അറ്റാദായം കണ്ടെത്താന്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് സാധിച്ചിരുന്നു.വര്‍ഷാവര്‍ഷമുള്ള കണക്ക് വിലയിരുത്തിയാല്‍ ഡിസംബര്‍ പാദത്തില്‍ മൊത്തം പലിശ വരുമാനം 9 ശതമാനം വര്‍ധിച്ച് 7,749 കോടി രൂപയിലെത്തി. മുന്‍ സാമ്ബത്തികവര്‍ഷം ഇതേ കാലത്ത് 7,132 കോടി രൂപയായിരുന്നു പലിശ വരുമാനം. ബ്രോക്കറേജ്, കമ്മീഷന്‍, ഫീസ്, നിക്ഷേപങ്ങളുടെ വില്‍പ്പന, എഴുതിത്തള്ളിയ അക്കൗണ്ടുകളില്‍ നിന്നുള്ള വീണ്ടെടുക്കല്‍ തുടങ്ങിയ മറ്റു വരുമാന മാര്‍ഗ്ഗങ്ങളില്‍ നിന്നും 2,896 കോടി രൂപ കണ്ടെത്താനും ബാങ്ക് ഓഫ് ബറോഡയ്ക്ക് സാധിച്ചു. വര്‍ഷാവര്‍ഷമുള്ള ചിത്രം അടിസ്ഥാനപ്പെടുത്തുമ്ബോള്‍ 6 ശതമാനം വര്‍ധനവ് ഇവിടെയും ബാങ്ക് രേഖപ്പെടുത്തി.
നിഷ്‌ക്രിയാസ്തികളുടെ കണക്കുകള്‍ കുറഞ്ഞതും ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ വളര്‍ച്ചയെ തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ ത്രൈമാസപാദം മൊത്തം നിഷ്‌ക്രിയാസ്തി 8.48 ശതമാനം കുറഞ്ഞ് 2,516 കോടി രൂപയായി നിജപ്പെട്ടു. സെപ്തംബര്‍ പാദത്തെ അപേക്ഷിച്ച് ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ മൊത്തം പലിശ മാര്‍ജിന്‍ 2.96 ശതമാനത്തില്‍ നിന്നും 3.07 ശതമാനമായി മെച്ചപ്പെട്ടതും കാണാം. ആഗോള വായ്പ 6.30 ശതമാനം കൂടി 7.45 ലക്ഷം കോടി രൂപയിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ആഗോള നിക്ഷേപവും സമാനമായി വര്‍ധിച്ചിട്ടുണ്ട്. 6.52 ശതമാനം വര്‍ധനവോടെ 9.54 ലക്ഷം കോടി രൂപയാണ് ബാങ്ക് ഓഫ് ബറോഡയിലുള്ള ആഗോള നിക്ഷേപം.
നേരത്തെ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കും ഡിസംബര്‍ പാദത്തിലെ സാമ്ബത്തികഫലം പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ – നവംബര്‍ കാലയളവില്‍ 8.758.3 കോടി രൂപ അറ്റാദായമാണ് എച്ച്‌ഡിഎഫ്സി ബാങ്ക് മാത്രം കുറിച്ചത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിച്ചാല്‍ ഡിസംബറില്‍ 18.1 ശതമാനം കുതിപ്പ് ബാങ്ക് നടത്തി. പലിശയിതര വരുമാനവും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭവും മുന്‍നിര്‍ത്തിയാണ് പോയപാദം എച്ച്‌ഡിഎഫ്സി ബാങ്ക് വന്‍നേട്ടം കയ്യടക്കിയത്. ബാങ്കിന്റെ മൊത്തം പലിശവരുമാനം 15.1 ശതമാനം വര്‍ധനവോടെ 16,317.6 കോടി രൂപയിലെത്തി.