ഡീസൽ എസ്‌യുവിക്ക് പോലുമില്ല ഇത്രയും, എലിവേറ്റിന്റെ മൈലേജ് പുറത്തുവിട്ട് ഹോണ്ട
സെഡാനുകളുമായി കുറേക്കാലും ഓടിത്തിമിർത്തവരാണ് ഹോണ്ട (Honda). എസ്‌യുവികൾ (SUV) വിപണി കീഴടക്കുമ്പോഴും കാഴ്ച്ചക്കാരായി നിന്ന ജാപ്പനീസ് ബ്രാൻഡ് ഒരുപാട് നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം എതിരാളികൾക്ക് പ്രഹരമായി പുത്തനൊരു മിഡ്-സൈസ് എസ്‌യുവിയെ (Mid-size SUV) പുറത്തിറക്കുകയുണ്ടായി. എലിവേറ്റ് (Elevate) എന്നുപേരിട്ടിരിക്കുന്ന മോഡലിന്റെ വരവ് അടുത്തിരിക്കുകയാണ്.രണ്ട് സെഡാനുകളുമായി ഇന്ത്യന്‍ നിരത്തുകളില്‍ അധികകാലം പിടിച്ചു നില്‍ക്കാനാവില്ലെന്ന് മനസിലാക്കിയതോടെയാണ്
എലിവേറ്റിന് കമ്പനി രൂപംകൊടുത്തത്. ഇന്ത്യൻ വാഹന പ്രേമികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള ബ്രാൻഡ് ഇനി ഇതിൽ പിടിച്ചുകയറാനാണ് ശ്രമിക്കുന്നത്. 2023 സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന എലിവേറ്റ് എസ്‌യുവിയുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഹോണ്ടഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങുന്ന എലിവേറ്റിന്റെ ടെസ്റ്റ് ഡ്രൈവുകൾ ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കും.
ഇന്ത്യയിലെ ഹോണ്ടയുടെ ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നങ്ങളിലൊന്നാണ് എലിവേറ്റ് എന്നതിൽ തർക്കമൊന്നുമില്ല. എക്കാലത്തെയും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ അതികായൻമാരെ നേരിടാൻ ഒരുങ്ങുമ്പോൾ എല്ലാത്തരത്തിലും മിടുക്കനാണെന്ന് തെളിയിച്ചുകൊണ്ടാണ് എലിവേറ്റിനെ ജാപ്പനീസ് ബ്രാൻഡ് പണിതെടുത്തിരിക്കുന്നതെന്ന് പറയാതെ വയ്യ.
ഇന്ത്യയിൽ എലിവേറ്റിന് ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് ഹോണ്ട ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സിറ്റി സെഡാനിൽ നിന്നും കടമെടുത്ത1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ NA യൂണിറ്റാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്റ്റെപ്പ് CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെയെത്തുന്ന എഞ്ചിന് 121 bhp കരുത്തിൽ പരമാവധി 145 Nm torque വരെ ഉത്പാദിപ്പിക്കാനാവും.ഹോണ്ട എലിവേറ്റിൽ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ നൽകില്ലെന്ന് ആദ്യമേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ എലിവേറ്റിനെ അടിസ്ഥാനമാക്കി ഒരു ബാറ്ററി ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്നാണ് ഹോണ്ട ഉറപ്പു നൽകിയിട്ടുണ്ട്. ഇനി മൈലേജ് കണക്കുകളിലേക്ക് വന്നാൽ എലിവേറ്റ് എസ്‌യുവിയുടെ മാനുവൽ ഗിയർബോക്‌സ് വേരിയന്റുകൾക്ക് ലിറ്ററിന് 15.31 കിലോമീറ്റർ മൈലേജ് നൽകാനാവും. അതേസമയം സിവിടി ഓട്ടോമാറ്റിക്കിന് 16.92 കിലോമീറ്റർ മൈലേജുമാണ് ഹോണ്ട അവകാശപ്പെടുന്നത്.40 ലിറ്റർ ശേഷിയോടെ ഫുൾ ടാങ്കിൽ എലിവേറ്റ് മാനുവലിന് 612 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. മറുവശത്ത് ഓട്ടോമാറ്റിക് പതിപ്പിന് 679 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. അതായത് ഒരു ഡീസൽ എസ്‌യുവിയിൽ ലഭ്യമാകുന്നതിന് സമാനമായ ഇന്ധനക്ഷമത കണക്കുകളാണ് ഹോണ്ടയുടെ ഈ സ്പോർട് യൂട്ടിലിറ്റി വാഹനം മുന്നോട്ടുവെക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. SV, V, VX, ZX എന്നീ നാല് വകഭേദങ്ങളിൽ എലവേറ്റ് ലഭ്യമാണ്.