തകർപ്പൻ റെക്കോർഡുമായി എസ്എസ്‌സി റ്റുവാറ്റാര  

ലോകത്തിലെ ഏറ്റവും വേഗമേറിയ കാർ ഏത്? നിങ്ങളൊരു വാഹനപ്രേമിയല്ലെങ്കിൽ ഒരുപക്ഷെ ഉത്തരം ഫെറാറി എന്നോ ലംബോർഗിനി എന്നോ ആവും. വാഹനകമ്പം ഉള്ള കൂട്ടത്തിൽ ആണെങ്കിൽ ഒരുപക്ഷെ കോണിഗ്സെഗ്ഗ് എന്നോ ബുഗാട്ടി എന്നോ ആയിരിക്കും ഉത്തരം. അതെ സമയം അമേരിക്കൻ സൂപ്പർ കാർ നിർമ്മാതാക്കളായ എസ്എസ്‌സിയെപ്പറ്റി അധികം കേട്ടുകാണില്ല. അതിന് കാരണവുമുണ്ട്. മേല്പറഞ്ഞ മറ്റുള്ള സൂപ്പർകാർ ബ്രാൻഡുകളെപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനം വിൽക്കുന്നവർ അല്ല എസ്എസ്‌സി. അമേരിക്ക തന്നെയാണ് പ്രധാന വിപണി. പക്ഷെ സൂപ്പർ കാർ ലോകത്തെ ഈ ദാവീദ് ഒരു കാര്യം ചെയ്തു. ഗോലിയാത്തുകളായ കോണിഗ്സെഗ്ഗ്, ബുഗാട്ടി ബ്രാൻഡുകളെ മലത്തിയടിച്ചു, ലോകത്തിലെ ഏറ്റവും വേഗതയുള്ള കാറിന്റെ കാര്യത്തിൽ.
എസ്എസ്‌സിയുടെ റ്റുവാറ്റാരയാണ് ‘ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർ’ പട്ടം പുതുതായി സ്വന്തമാക്കിയിരിക്കുന്നത്.

മണിക്കൂറിൽ 508 കിലോമീറ്റർ എന്ന മാന്ത്രിക സംഖ്യയാണ് എസ്എസ്‌സി റ്റുവാറ്റാര എത്തിപ്പിടിച്ചത്. ജപ്പാനിൽ ഓടുന്ന ചില ബുള്ളറ്റ് ട്രെയിനുകൾക്കുപോലും ഇതിനേക്കാൾ സ്പീഡ് കുറവാണ്.
കോണിഗ്സെഗ്ഗിൻ്റെ അഗെര ആർഎസ് സ്ഥാപിച്ച മണിക്കൂറിൽ 457.94 കിലോമീറ്റർ ആണ് എസ്എസ്‌സി റ്റുവാറ്റാര തകർത്തത്. അതെങ്ങനെ ശെരി ആവും? ലോകത്തിലെ ഏറ്റവും വേഗതയുള്ള കാർ മണിക്കൂറിൽ 490 കിലോമീറ്റർ പാഞ്ഞ ബുഗാട്ടി ഷിറോൺ അല്ലെ എണ്ണവും ചിലരിപ്പോൾ ചിന്തിക്കുന്നത്. ഇത് പക്ഷെ ഇതുവരെ റെക്കോർഡ് ആയി അംഗീകരിച്ചിട്ടില്ല. ഒരേ ട്രാക്കിൽ ഇരു ഭാഗത്തേക്കും ഡ്രൈവ് ചെയ്ത് രണ്ട് പ്രാവശ്യത്തെയും ശരാശരി വേഗമാണ് റെക്കോർഡ് ആയി അംഗീകരിക്കുക.

ബുഗാട്ടി ഷിറോൺ മണിക്കൂറിൽ 490 കിലോമീറ്റർ വേഗം ഇത്തരത്തിൽ തെളിയിച്ചിട്ടില്ല. ബുഗാട്ടിയുടെ സ്വന്തം ടെസ്റ്റ് ട്രാക്കിൽ ആയിരുന്നതുകൊണ്ട് ഇത് റെക്കോർഡ് ആയി അംഗീകരിച്ചിട്ടില്ല.
11.2 കിലോമീറ്റർ നെടുനീളൻ റോഡുള്ള ലാസ് വെഗാസ് നെവാഡയിലെ പഹ്‌റുമ്പ് എന്ന സ്ഥലത്താണ് എസ്എസ്‌സി റ്റുവാറ്റാര തലങ്ങും വിലങ്ങും പാഞ്ഞ് മണിക്കൂറിൽ 508 കിലോമീറ്റർ വേഗ റെക്കോർഡ് സ്ഥാപിച്ചത്. ആദ്യ ശ്രമത്തിൽ മണിക്കൂറിൽ 484.53 കിലോമിറ്ററും രണ്ടാം ശ്രമത്തിൽ മണിക്കൂറിൽ 532.93 കിലോമിറ്റർ വേഗവുമാണ് എസ്എസ്‌സി റ്റുവാറ്റാര കൈവരിച്ചത്. ഇതിന്റെ ശരാശരിയാണ് മണിക്കൂറിൽ 508 കിലോമീറ്റർ വേഗം.
1,350 എച്ച്പി പവർ നിർമ്മിക്കുന്ന 5.9 ലിറ്റർ വി8 എൻജിൻ ആണ് എസ്എസ്‌സി റ്റുവാറ്റാരയുടെ ഹൃദയം. 1,735 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിൻ 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team