തലവേദനയില്ലാതെ പണം നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍- കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നിങ്ങള്‍ക്ക് അനുയോജ്യമാകും!
ജനങ്ങളില്‍ ചിട്ടയായ സമ്ബാദ്യ ശീലം വളര്‍ത്തിയെടുക്കാന്‍ നിരവധി നിക്ഷേപ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. നികുതി ആനകൂല്യങ്ങളും നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും സര്‍ക്കാര്‍ പദ്ധതികളുടെ പ്രധാന സവിശേഷകതകളാണ്.
രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, തപാല്‍ ഓഫീസുകള്‍ എന്നിവയുമായി സഹകരിച്ചാണ് വൈവിധ്യമാര്‍ന്ന നിക്ഷേപ പദ്ധതികള്‍ കേന്ദ്രം നടപ്പിലാക്കുന്നത്. കുറഞ്ഞ റിസ്കില്‍ മെച്ചപ്പെട്ട ആദായം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന്റെ നിക്ഷേപ പദ്ധതികള്‍ സഹായിക്കും.
തലവേദനയില്ലാതെ പണം നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചുവടെ പരിചയപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നിങ്ങള്‍ക്ക് അനുയോജ്യമാകും.1. ഗവണ്മെന്റ് സെക്യൂരിറ്റികള്‍ (ജി-സെക്സ്)
ഗവണ്മെന്റ് സെക്യൂരിറ്റികള്‍ (ജി-സെക്സ്)
വിവിധ തരത്തിലുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങാന്‍ ചെറുകിട നിക്ഷേപകര്‍ക്ക് അവസരമുണ്ട്. ട്രഷറി ബില്ലുകളായും (ടി-ബില്‍) ഇന്ത്യാ സര്‍ക്കാരിന്റെ ബോണ്ടുകളായുമെല്ലാം ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങാം. 91 ദിവസം മുതല്‍ 40 വര്‍ഷം വരെയാണ് സെക്യൂരിറ്റി നിക്ഷേപങ്ങളുടെ കാലാവധി. ഈ നിക്ഷേപങ്ങളുടെ പലിശ വരുമാനത്തില്‍ കേന്ദ്രം ടിഡിഎസ് പിടിക്കില്ല.
നിലവിലുള്ള ഡീമാറ്റ് അക്കൗണ്ടില്‍ ഗവണ്മെന്റ് സെക്യൂരിറ്റികള്‍ സൂക്ഷിക്കാം. ഓഹരി വിപണിയില്‍ ഇവ എളുപ്പം വില്‍ക്കാമെന്നതും സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ മാറ്റ് കൂട്ടുന്നു. റീപോ വിപണിയില്‍ നിന്നും പണം വായ്പയെടുക്കാനും ഗവണ്മെന്റ് സെക്യൂരിറ്റികള്‍ സഹായിക്കും.
സ്വര്‍ണ ബോണ്ടുകള്‍ (സോവറീന്‍ ഗോള്‍ഡ് ബോണ്ട്)
സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ് സര്‍ക്കാരിന്റെ സ്വര്‍ണ ബോണ്ട് പദ്ധതി. പണം കൊടുത്ത് സ്വര്‍ണം വാങ്ങുന്നതിന് പകരം നല്കുന്ന പണത്തിന് തത്തുല്യമായ സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റാണ് (സ്വര്‍ണ ബോണ്ട്) നിക്ഷേപകന് ഇവിടെ ലഭിക്കുക. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്നാണ് സ്വര്‍ണ ബോണ്ടുകള്‍ പുറത്തിറക്കുന്നത്. സ്വര്‍ണത്തിന്റെ വിപണി വിലയ്ക്ക് പുറമെ 2.50 ശതമാനം അധിക പലിശ നിക്ഷേപകന് ലഭിക്കും.
പദ്ധതിയില്‍ ചേരുന്നവര്‍ ഏറ്റവും കുറഞ്ഞത് ഒരു ഗ്രാം സ്വര്‍ണമെങ്കിലും ബോണ്ടായി വാങ്ങണം. ബോണ്ട് രൂപത്തില്‍ നാലു കിലോ വരെ സ്വര്‍ണം വാങ്ങാന്‍ അവസരമുണ്ട്. ഡീമാറ്റ് അക്കൗണ്ടിലാണ് സ്വര്‍ണ ബോണ്ട് സൂക്ഷിക്കപ്പെടുക. സ്വര്‍ണ ബോണ്ടിന് ടിഡിഎസ് ബാധകമല്ല. സ്വര്‍ണ ബോണ്ടുകള്‍ ഈടുവെച്ച് ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനും അവസരമുണ്ട്. എട്ടു വര്‍ഷമാണ് സ്വര്‍ണ ബോണ്ടിന്റെ കാലാവധി. എന്നാല്‍ അഞ്ചാമത്തെയും ആറാമത്തെയും ഏഴാമത്തെയും വര്‍ഷം ബോണ്ട് തിരികെ വാങ്ങാം.
അടല്‍ പെന്ഷന് യോജന
ഇന്ത്യയിലെ അസംഘടിത തൊഴിലാളികള്‍ക്ക് വേണ്ടി കേന്ദ്രം അവതരിപ്പിക്കുന്ന പദ്ധതിയാണ് അടല്‍ പെന്ഷന് യോജന. പദ്ധതിയില്‍ വരിക്കാരാവുന്നവര്‍ക്ക് 60 വയസ്സിന് ശേഷം സര്‍ക്കാര്‍ നിശ്ചിത തുക പെന്ഷന് ഉറപ്പുവരുത്തും. അടല്‍ പെന്ഷന് യോജനയിലേക്കുള്ള സമര്‍പ്പണം അടിസ്ഥാനപ്പെടുത്തിയാണ് പെന്ഷന് തുക നിശ്ചയിക്കപ്പെടുക. 42 രൂപ മുതല്‍ 210 രൂപ വരെ നിക്ഷേപിക്കുന്നവര്‍ക്ക് നിശ്ചിത കാലാവധി തികഞ്ഞാല്‍ പ്രതിമാസം 1,000 മുതല്‍ 5,000 രൂപ വരെ പെന്ഷന് ലഭിക്കും.
18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാനാവുക. വരിക്കാരന് മരണപ്പെട്ടാല്‍ പെന്ഷന് നോമിനിയായ ജീവിത പങ്കാളിക്ക് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സിസിഡി പ്രകാരമുള്ള നികുതി ഇളവുകള്‍ നിക്ഷേപത്തില്‍ നേടാം. അടല്‍ പെന്ഷന് യോജനയില്‍ പങ്കാളികളാകുന്നവര്‍ നല്കുന്ന തുകയുടെ 50 ശതമാനമോ അല്ലെങ്കില്‍ പ്രതിവര്‍ഷം 1,000 രൂപയോ ആണ് സര്‍ക്കാര്‍ വിഹിതമായി അടയ്ക്കുക.
ദേശീയ പെന്ഷന് പദ്ധതി
ജനങ്ങള്‍ക്ക് വാര്‍ധക്യകാല വരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പങ്കാളിത്ത പെന്ഷന് പദ്ധതിയാണ് ദേശീയ പെന്ഷന് പദ്ധതി (എന്‍പിഎസ്). രാജ്യത്തെ എല്ലാ പൗരന്മാര്ക്കും പദ്ധതിയില്‍ പങ്കാളിയാവാം. വരിക്കാര്‍ക്ക് വ്യക്തിഗത പെന്ഷന് അക്കൗണ്ടുകള്‍ ലഭിക്കും. മാസതവണകളായാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അവസരം. നല്കുന്ന തുക പെന്ഷന് ഫണ്ട് മാനേജര്‍മാര്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കും.
വിരമിക്കല്‍ പ്രായമെത്തുമ്ബോള്‍ അക്കൗണ്ടിലുള്ള തുകയുടെ ഒരു ഭാഗം വരിക്കാരന് മൊത്തമായി കിട്ടും. മിച്ചമുള്ള ഭാഗം തിരഞ്ഞെടുത്ത ഇന്‍ഷുറന്‍സ് കമ്ബനിയുടെ ലൈഫ് ആനുവിറ്റി പ്ലാനിലേക്കാണ് കൈമാറ്റം ചെയ്യപ്പെടുക. തുടര്‍ന്ന് പ്ലാനിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്‍ഷുറന്‍സ് കമ്ബനിയാണ് വരിക്കാരന് പെന്ഷന് നല്‍കുക.
- സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ആദായ നികുതി നിയമത്തിലെ 80 സി സെക്ഷന്‍ പ്രകാരം സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപങ്ങളില്‍ നികുതി പിടിക്കില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങള്‍ക്ക് മാതാപിതാക്കളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. രാജ്യത്തെ എല്ലാ തപാല്‍ ഓഫീസുകളിലും സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറക്കാന്‍ സൗകര്യമുണ്ട്.
250 രൂപയാണ് പദ്ധതിയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം. അക്കൗണ്ട് തുടങ്ങി 14 വര്‍ഷം വരെ നിക്ഷേപം നടത്തിയാല്‍ മതി. മകള്‍ക്ക് 21 വര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. നിലവില്‍ 7.60 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. മകള്‍ക്ക് 18 വയസ്സ് കഴിഞ്ഞാല്‍ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നിക്ഷേപത്തിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം. പെണ്‍കുട്ടിയുടെ വിവാഹസമയത്താണ് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ കഴിയുക.
പബ്ലിക് പ്രോവിഡന്റ് ഫണ്ട്
രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്). ഉയര്‍ന്ന വരുമാനവും നികുതി ആനുകൂല്യങ്ങളും പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ സവിശേഷതകളാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഒന്നരലക്ഷം രൂപ വരെയുള്ള വാര്‍ഷിക പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതിയില്ല. 15 വര്‍ഷത്തേക്കാണ് പിപിഎഫിലെ ലോക്ക് ഇന്‍ കാലാവധി.
പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ടേം ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. ലൈഫ് കവറോട് കൂടി കുടുംബത്തിന്റെ ഭാവി സുരക്ഷിതത്വമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതായത് വരിക്കാരന് ഏതെങ്കിലും കാരണത്താല്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് ലൈഫ് ഇന്‍ഷുറന്‍സ് കവര്‍ ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം പ്രീമിയം അടവുകള്‍ക്ക് നികുതിയിളവുണ്ട്. 2 ലക്ഷം രൂപയാണ് ‘ഡെത്ത് കവറേജ്’.
ദേശീയ സമ്ബാദ്യ സര്‍ട്ടിഫിക്കറ്റ്
തപാല്‍ വകുപ്പ് നടത്തുന്ന പ്രമുഖ സമ്ബാദ്യ പദ്ധതിയാണ് ദേശീയ സമ്ബാദ്യ സര്‍ട്ടിഫിക്കറ്റ്. 5 വര്‍ഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപങ്ങള്‍ക്ക് 6.8 ശതമാനം പലിശ നിരക്ക് ദേശീയ സമ്ബാദ്യ സര്‍ട്ടിഫിക്കറ്റ് ഉറപ്പു നല്‍കും. ഒപ്പം ഒന്നരലക്ഷം രൂപ വരെയുള്ള വാര്‍ഷിക നിക്ഷേപങ്ങള്‍ക്ക് സെക്ഷന്‍ 80 സി പ്രകാരമുള്ള ആദായ നികുതി ആനുകൂല്യങ്ങളും നിക്ഷേപകന് ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായതുകൊണ്ട് നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും റിട്ടേണും ദേശീയ സമ്ബാദ്യ സര്‍ട്ടിഫിക്കറ്റിന്റെ സവിശേഷതയാണ്.