തിരിച്ചെത്തുന്ന പ്രവാസികൾക്കും യുവാക്കൾക്കും മികച്ച സംരംഭക അവസരം, ഇനിയുള്ള കാലം ഇവരുടേത്!
പ്രവാസ ലോകത്തു നിന്നും കോവിഡ് ഭീതിയിൽ തിരിച്ചെത്തുന്ന പ്രാവാസികളെ തൊഴിലില്ലായ്മയോ ഭാവി ജീവിത സാഹചര്യങ്ങളോ ഒക്കെ വലിയ വെല്ലുവിളികളായി ചർച്ച ചെയ്യപ്പെടുകയാണ്. ഈ അവസരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി ഏറെ പ്രാധാന്യം നൽകി വാർത്താ സമ്മേളനത്തിൽ അവതരിപ്പിക്കുകയും കൃഷി വകുപ്പും മറ്റു അനുബന്ധ വകുപ്പുകളും ഉദ്യോഗ തലങ്ങളും ഏറെ ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് ഇനി വരാനിരിക്കുന്ന കോവിഡിന് ശേഷമുള്ള കാലത്തിൽ വ്യാപാര മേഖലയിൽ കുതിപ്പ് രേഖപ്പെടുത്താൻ പോവുന്നത്.
ഭക്ഷ്യ ക്ഷാമമാണ് ഇനി വരാൻ പോവുന്ന കേരളം നേരിടേണ്ട പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം. ഇത് നേരത്തേ കണ്ടുകൊണ്ട് കേരള സർക്കാർ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി കൃഷി വകുപ്പ് രൂപരേഖ തയ്യാറാക്കുകയും സർക്കാർതലത്തിൽ അത് അംഗീകരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നു.
ഇതിനായി സർക്കാർ തലത്തിൽ നിന്നും നൽകുന്ന പ്രോത്സാഹനങ്ങളും സഹായങ്ങളും ഏതൊരു കാലത്ത് ലഭ്യമാവുമെന്നതിനേക്കാളും വളരെ വലിയ അളവിലാണ്. ഈ പദ്ധതിക്കായി പ്രത്യേക ശ്രദ്ധയും സർക്കാർ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ഇനി ജന്മ നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കും നാട്ടിലെ യുവാക്കൾക്കും ഏറെ പ്രതീക്ഷ നൽകുന്ന ഒരു സംരംഭക അവസരം!!!
സർക്കാരിന്റെ ഈ പുതിയ പദ്ധതി പ്രകാരം തരിശുഭൂമിയില്‍ കൃഷിയിറക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ്. അടുത്ത മാസം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയ്ക്കു പുതുജീവന്‍ നല്കി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ അവസരത്തിൽ പ്രവാസികളെയും യുവാക്കളെയും കൃഷിയിലേക്ക് ആകര്‍ഷിക്കാനും സർക്കാർ ഉദ്ദേശിക്കുന്നു.
കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ കോവിഡ് ആഘാതം മറികടന്ന് കൃഷിയില്‍ മുന്നേറ്റമുണ്ടാക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അതോടൊപ്പമാണ് കൃഷി വകുപ്പ് തയാറാക്കിയ പദ്ധതി മന്ത്രിസഭാ യോഗം പരിഗണിച്ചത്. പുതിയ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് പദ്ധതിക്ക് അന്തിമരൂപം നല്‍കും. കന്നുകാലി സന്പത്തിന്റെ വര്‍ധനവ്, മത്സ്യകൃഷി, മുട്ട എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്.
പദ്ധതിയുടെ രൂപരേഖ
പഞ്ചായത്തിലെ തരിശുഭൂമി സംബന്ധിച്ചു വ്യക്തമായ വിവരം സര്‍ക്കാരിന്റെ കൈയിലുണ്ട്. ഇതിന് അനുസരിച്ച് കൃഷിയിറക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഉടമയ്ക്കു കൃഷി ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ കുടുംബശ്രീ, പഞ്ചായത്ത് നേതൃത്വത്തിലുള്ള കമ്മിറ്റി, സഹകരണ സംഘങ്ങള്‍ എന്നിവ വഴി കൃഷിയിറക്കും. എല്ലാ പ്രവര്‍ത്തനവും കൃഷിവകുപ്പ് ഏകോപിപ്പിക്കും. കൃഷിക്ക് വായ്പയും സബ്സിസിയും മറ്റു പിന്തുണകളും സര്‍ക്കാര്‍ നല്‍കും. പലിശരഹിതമായോ കുറഞ്ഞ പലിശയിലോ വായ്പ നല്‍കുന്നതിന് സഹകരണ സംഘങ്ങള്‍ ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതെല്ലാം പ്രവാസികൾ അവസരമാക്കി മാറ്റാവുന്നതാണ്.
പച്ചക്കറി ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കണം. ഈ പച്ചക്കറികള്‍ സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനത്തിന് വ്യക്തമായ പദ്ധതി തയാറാക്കണം. കൃഷി കൂടുതലുള്ള ഇടങ്ങളില്‍ ശീതീകരണി അനിവാര്യമാണ്. അടുത്ത ജൂണ്‍ മുതല്‍ സെപ്റ്റംവര്‍ വരെയുള്ള മാസങ്ങളില്‍ വിള ലഭിക്കുന്ന ഹ്രസ്വകാല പദ്ധതിയും തോടുകളും കൈവഴികളും നന്നാക്കുന്ന ദീര്‍ഘകാല പദ്ധതികളും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
1.9 ലക്ഷം ഹെക്ടറാണ് സംസ്ഥാനത്ത് ആകെയുള്ള തരിശുഭുമി. ഇതില്‍ 1.4 ലക്ഷം ഹെക്ടറില്‍ ഇടവിള കൃഷി ചെയ്യും. ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാര്‍ഷിക ചന്തകള്‍ സംഘടിപ്പിക്കും, ഇതിനു സര്‍ക്കാര്‍ സഹായം നല്‍കും. വിളകളുടെ വില്‍പ്പനയ്ക്കു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംവിധാനം ഉപയോഗിക്കും. ഉത്പന്നങ്ങളുടെ മൂല്യവര്‍ധനവിന് ആവശ്യമായ പദ്ധതികള്‍ വ്യവസായ വകുപ്പ് തയാറാക്കും. കൃഷിക്കായി ആകെ 3000 കോടി രൂപ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾ നിലവിലെ ക്വാറന്റൈൻ കാലാവധിയിൽ ഇതിനായി വ്യക്തതയുള്ള പദ്ധതി രൂപപ്പെടുത്താനും മികച്ച ടീമിനെ കണ്ടെത്താനും മറ്റു ആവശ്യമായ സാഹചര്യങ്ങളും സൗകാര്യങ്ങളും ഒരുക്കാനും വിനിയോഗിക്കുക. ഈ സമയം നിങ്ങളുടെ ഈ പ്രോജെക്ടിനായി ഏറ്റവും നല്ല തുടക്കം ലഭ്യമാവാൻ സഹായിക്കും. കൂടാതെ പഴയ കാലത്ത് മുഖം തിരിച്ച യുവാക്കളും പ്രവാസത്തിലേക്കു പോവേണ്ടതിനാൽ സാധിക്കാതെ പോയവരും എല്ലാം ഇന്ന് ഈ മികച്ച അവസരത്തിലേക്കു തിരിച്ചു വരാൻ ഒരുങ്ങുകയാണ്. ഇതിനെ ഒരു മുഴുവൻ സമയം സംരംഭം ആയും പ്രൊഫഷണൽ സ്വഭാവത്തിൽ തന്നെ രൂപപ്പെടുത്തുന്ന ദീർഘകാലാടിസ്ഥാനത്തിൽ കാണേണ്ട പ്രവർത്തനമായും ആദ്യത്തിലെ ഉറപ്പിക്കേണ്ടതാണ്.
കാര്ഷികാഭിവൃദ്ധിയിലൂടെ തിരിച്ചു വരുന്ന കേരളം, നാളെ പ്രവാസികളും യുവാക്കളും തരിശുഭൂമിയിൽ നെയ്തെടുത്ത മികവിന്റെ സ്വന്തം നാട് ആക്കി മാറ്റുമെന്നത് തീർച്ച!
(തിരിച്ചെത്തുന്ന പ്രവാസികൾക്കായി കൂടുതൽ മികച്ച അവസരങ്ങൾ നമുക്ക് വരും ദിവസങ്ങളിൽ ചർച്ച ചെയ്യാം)