തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല : മന്ത്രി ടി.പി. രാമകൃഷ്ണൻ  

തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളും തൊഴിലും സംരക്ഷിക്കുന്നതിലും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽ സ്ഥാപനങ്ങളുടെ മികവിനു നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽമേഖലയിൽ നിലനിന്നിരുന്ന അരാജക പ്രവണതകൾ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ അവസാനിപ്പിക്കുകയും പുതിയ തൊഴിൽസംസ്‌കാരം രൂപപ്പെടുത്തുകയും ചെയ്തത് സർക്കാരിന്റെ വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ പൂർണ സഹകരണം ഉറപ്പാക്കിയുള്ള വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ് .തൊഴിൽ മേഖലയിൽ വലിയ മാറ്റമുണ്ടാക്കാൻ സർക്കാരിനു കഴിഞ്ഞു. തൊഴിലാളികളേയും തൊഴിലുടമകളേയും ഒന്നിച്ചു കണ്ടുള്ള ക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. സംരംഭകർക്ക് സർക്കാരിന്റെയും തൊഴിലാളികളുടെയും അതത് പ്രദേശത്തെ ജനങ്ങളുടെയും സഹകരണവും പിന്തുണയും ലഭിക്കുന്ന അന്തരീക്ഷം ഇന്നു കേരളത്തിലുണ്ട്. ഇനി കേരളത്തിൽ നിന്ന് സംരംഭകരെയും നിക്ഷേപകരെയും അകറ്റാൻ ആർക്കും കഴിയില്ല. സംരംഭകർ കേരളത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. തൊഴിൽ നിയമങ്ങളെയും തൊഴിലാളി സംഘടനകളെയും സർക്കാർ നയങ്ങളെയും നിയമ വ്യവസ്ഥയേയും അംഗീകരിക്കില്ലെന്ന ചിലരുടെ ധാർഷ്ട്യം കേരളത്തിൽ വിലപ്പോകില്ല. സമാധാനപരവും സുഗമവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്താൻ തൊഴിലാളികൾക്കൊപ്പം തൊഴിലുടമകൾക്കും ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.വ്യാപാര-വാണിജ്യ-വ്യവസായ മേഖലയുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാ പ്രോത്സാഹനവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

മിനിമം വേതന നിയമത്തിന്റെ പരിധിയിൽ വരുന്ന മേഖലകളിൽ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് വേതനം പുതുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 36 തൊഴിൽമേഖലകളിൽ ഇതിനോടകം മിനിമം വേതനം പുതുക്കി. സ്ത്രീകളടക്കമുള്ള ജീവനക്കാർക്ക് ഇരിപ്പിടം അവകാശമാക്കിയതും അൺഎയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകർക്കും ജീവനക്കാർക്കും മെറ്റേണിറ്റി ബെനഫിറ്റ് ബാധകമാക്കാനുള്ള തീരുമാനവും തൊഴിലാളി ക്ഷേമനടപടികളിലെ നാഴികക്കല്ലുകളാണ്. തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്ലാന്റേഷൻ നയം പ്രഖ്യാപിക്കും. പ്ലാന്റേഷൻ ഡയറക്ടറേറ്റും ഉടൻ നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വ്യാപാര-വാണിജ്യ-വ്യവസായ മേഖലയിൽ പുതിയ ഉണർവ് സൃഷ്ടിക്കുന്നതിന് തൊഴിൽ വകുപ്പിന്റെ ഗ്രേഡിംഗ് വഴിയൊരുക്കിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഗ്രേഡിംഗ് സംവിധാനത്തിൽ സംസഥാനത്തെ എല്ലാ കച്ചവടക്കാരെയും സ്ഥാപന ഉടമകളെയും കൊണ്ടുവരുക എന്നതാണ് സർക്കാരിന്റെ ലക്‌ഷ്യം . കഴിഞ്ഞ തവണ 941 അപേക്ഷകരാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 1502 അപേക്ഷകൾ ലഭിച്ചു. തൊഴിൽനിയമങ്ങൾ പാലിക്കുന്നതിനും തൊഴിൽസൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സ്ഥാപനങ്ങൾ സ്വമേധയാ മുന്നോട്ടുവരുന്നത് പ്രതീക്ഷ പകരുന്ന കാര്യമാണ്. ആശുപത്രികൾ, സെക്യൂരിറ്റി മേഖല, നിർമാണ മേഖല, മറ്റുള്ളവ എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചാണ് ഓൺലൈൻ മുഖേന അപേക്ഷകൾ സ്വീകരിക്കുന്നത്. ഓരോ മേഖലയിലും ഏറ്റവും മികച്ച മാർക്ക് കരസ്ഥമാക്കിയ സ്ഥാപനങ്ങൾക്ക് വജ്ര സർട്ടിഫിക്കറ്റിനു പുറമേ പ്രത്യേക അംഗീകാരം കൂടി നൽകുന്നതിനും തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊഴിൽ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന്റെയും ജീവനക്കാർക്ക് നൽകിവരുന്ന മികച്ച സേവന വേതന വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് ഗ്രേഡിങ് നടത്തി വജ്ര, സുവർണ്ണ, രജത പുരസ്‌കാരങ്ങൾ നൽകുന്നത്. മികച്ച തൊഴിൽദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽനൈപുണ്യ-വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദാന്തരീക്ഷം, തൊഴിലാളിക്ഷേമം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവയാണ് ഗ്രേഡിംഗിന്റെ മാനദണ്ഡങ്ങൾ. 2018ലെ ഗ്രേഡിംഗിൽ 497 സ്ഥാപനങ്ങളാണ് മികവു പുലർത്തിയത്. 308 സ്ഥാപനങ്ങൾ വജ്ര, 112 സ്ഥാപനങ്ങൾ സുവർണ, 77 സ്ഥാപനങ്ങൾ രജത ഗ്രേഡുകൾ കരസ്ഥമാക്കി. വജ്ര പുരസ്‌കാര ജേതാക്കളിൽ ഓരോ മേഖലയിലും ഏറ്റവും മികവു പുലർത്തിയതിന് ശ്രീധരീയം ആയൂർവേദിക് ഐ ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് സെന്റർ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, ബ്രോഡ് ബീൻ, എ ഗീരിപൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, സ്റ്റാൽ ഹെൽത്ത് ആൻഡ് അലയ്ഡ് ഇൻഷ്വറൻസ് കമ്പനി, അബാദ് ടർട്ടിൽ റിസോട്ട്, കുമരകം ലേക് റിസോട്ട്, മലബാർ ഗോൾഡ് പാലസ്, കീസ് ഹോട്ടൽ തിരുവനന്തപുരം, പി.എ. സ്റ്റാർ സെക്യൂരിറ്റി സർവീസ് എന്നിവയ്ക്ക് പ്രത്യേക മൊമെന്റോയും മന്ത്രി സമ്മാനിച്ചു.

കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലേബർ കമ്മീഷണർ സി.വി. സജൻ അധ്യക്ഷത വഹിച്ചു .അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാൽ സ്വാഗതം ആശംസിച്ചു .

ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എം. രാജൻ, എഐടിയുസി ജില്ലാ സെക്രട്ടറി പി.കെ. നാസർ, ബിഎംഎസ് ജില്ലാ സെക്രട്ടറി അരിക്കുളത്ത് രാജൻ ,എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു. പോക്കർ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ, കേരള സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എം. അബ്ദുറഹിമാൻ, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എ. ശ്യാം സുന്ദർ, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുബൈർ കൊളക്കാടൻ, ക്രഡായ് കോഴിക്കോട് പ്രസിഡന്റ് ബൈജു എം നായർ, മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഹംസ മേലടി, എകെജിഎസ്എംഎ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, കേരള പാരാ മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷൻ വൈസ് പ്രസിഡണ്ട് അസീസ് എന്നിവർ പ്രസംഗിച്ചു .റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ കെ എം സുനിൽ കൃതജ്ഞത അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team