ഥാറിനെ പൂട്ടാൻ ജിംനിക്ക് 3.30 ലക്ഷത്തിന്റെ ഓഫറിട്ട് മാരുതിയുടെ ‘പടവെട്ട്’
ഏറെ പ്രതീക്ഷകളുമായി ഇന്ത്യയിൽ എത്തിയ സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നു (SUV) മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny). മലമറിക്കുമെന്ന പ്രതീക്ഷകളായിരുന്നുവെങ്കിലും വണ്ടി ക്ലിക്കായില്ല. വിലയാണോ വലിപ്പമാണോ തിരിച്ചടിയായതെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകാൻ ഒരുപക്ഷേ ആർക്കും സാധിച്ചേക്കില്ല. ശരിക്കും നമ്മളിൽ പലരും ആവശ്യപ്പെട്ടിട്ടാണ് ജിപ്സിയുടെ (Gypsy) പിൻഗാമിയായ ജിംനിയെ മാരുതി ഇങ്ങ് കൊണ്ടുവരുന്നത് തന്നെ. വിദേശത്ത് 3-ഡോർ പതിപ്പിൽ മാത്രം പുറത്തിറക്കിയിരുന്ന കമ്പനി നമ്മുടെ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിൽ 5-ഡോറാക്കി എസ്യുവിയെ കൂടുതൽ പ്രായോഗികമാക്കുകയും ചെയ്തു.
എന്നിട്ടും ജിംനിയെ സ്വീകരിക്കാൻ വണ്ടിഭ്രാന്തൻമാരായ ഇന്ത്യക്കാർ തയാറാവാതെ പോയത് ശരിക്കും നിരാശപ്പെടുത്തുന്ന കാര്യമാണ്. മൂങ്ങാ ഓട്ടോറിക്ഷയുടെ വലിപ്പവും മറ്റും വെച്ച് ജിംനിയെ പരിഹസിക്കാനും സോഷ്യൽ മീഡിയ സമയം കണ്ടെത്തി. എന്നാൽ മലയാള സിനിമാക്കാർക്കിടയിൽ ഏറെ ഫാൻസുള്ള വാഹനമായി മാറാൻ മോഡലിനായിട്ടുണ്ട്. ഒതുക്കമുള്ള രൂപവും സിറ്റി സാഹചര്യങ്ങളിൽ എളുപ്പത്തിൽ കൊണ്ടുനടക്കാനാവുന്നതുമെല്ലാം ജംനിയുടെ കരുത്താണ്
പക്ഷേ മാരുതി സുസുക്കിയുടെ മറ്റ് വാഹനങ്ങളെ പോലെ സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ ജിംനിക്കാവാതെ പോയി. ഇപ്പോൾ എങ്ങനെയും വിൽപ്പന പിടിക്കാനുള്ള ശ്രമമാണ് ബ്രാൻഡ് നോക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏതാനും മാസങ്ങളായി കിടിലൻ ഓഫറുകളാണ് ഓഫ്-റോഡർ എസ്യുവിയിൽ അവതരിപ്പിച്ചിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ജൂലൈ മാസത്തേക്കായി ഇതുവരെ കിട്ടാത്തൊരു ആനുകൂല്യമാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടെ ജിംനിയുടെ വിലയിലുണ്ടാവുന്ന കുറവ് ആളുകളെ മാരുതി ഷോറൂമുകളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്.
നേരത്തത്തെ പോലെ ചെറിയ ഓഫർ ഒന്നുമല്ല കേട്ടോ, ഇത്തവണ 3.30 ലക്ഷം രൂപയാണ് ജിംനിക്ക് ഡിസ്കൗണ്ടിട്ടിരിക്കുന്നത്. 2023 ജൂലൈയിൽ 3,778 യൂണിറ്റായിരുന്നു വിൽപ്പനയെങ്കിൽ ഒരു വർഷം തികയുന്നതിനു മുമ്പ് വിൽപ്പന കുത്തനെ കുറഞ്ഞു. പോയ 2024 മെയ് മാസം എസ്യുവിയുടെ വെറും 274 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് നിരത്തിലെത്തിക്കാനായത്