ദിവസവും ഒരു മണിക്കൂർ ജോലി, വാർഷിക ശമ്പളം 1.2 കോടി’; ഗൂഗിൾ ജീവനക്കാരന്റെ വെളിപ്പെടുത്തൽ
ആരും കൊതിച്ചുപോകുന്ന തൊഴിലിടമാണ് ഗൂഗിൾ. ഏത് കമ്പനികളെയും വെല്ലുന്ന ഗൂഗിളിലെ തൊഴിൽ സാഹചര്യങ്ങളും ശമ്പളവും പലരീതിയിൽ ജീവനക്കാരിലൂടെ തന്നെ പുറംലോകമറിയുന്നുണ്ട്. ദിവസവും വെറും ഒരു മണിക്കൂർ നേരം ഗൂഗിളിന് വേണ്ടി ജോലി ചെയ്ത് പ്രതിവർഷം 150,000 ഡോളർ (ഏകദേശം 1.2 കോടി രൂപ) ശമ്പളം കൈപ്പറ്റുന്ന 20 വയസുകാരനായ ടെക്കിയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാവിഷയം.
ഡെവൺ എന്ന് പേരായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണ് തന്റെ ഗൂഗിളിലെ ജോലിയെ കുറിച്ചും ശമ്പളത്തെ കുറിച്ചുമൊക്കെ തുറന്നുപറഞ്ഞത്. ഫോർച്യൂൺ മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തലുകൾ. താൻ ഒരു ദിവസം ഒരു മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നും പ്രതിവർഷം ഏകദേശം 1.2 കോടി രൂപ ശമ്പളം തനിക്ക് ശമ്പളമായി ഗൂഗിളിൽ നിന്ന് ലഭിക്കുന്നുണ്ടെ ന്നുമാണ് ഡെവൺ പറയുന്നത്.
രാവിലെ 9 മണിക്ക് എഴുന്നേൽക്കുന്ന ഡെവൺ പ്രഭാത കർമങ്ങൾ ചെയ്ത് ഭക്ഷണം പാകം ചെയ്യും. തുടർന്ന് ഗൂഗിളിന് വേണ്ടി 11 മണിവരെയോ ഉച്ച വരെയോ ജോലിചെയ്യും. അതിന് ശേഷം സ്വന്തം സ്റ്റാർട്ടപ്പിന് വേണ്ടിയുള്ള ജോലികളിലേക്ക് തിരിയും. തനിക്ക് കഠിനാധ്വാനം ചെയ്യുന്നതിനെ ന്യായികരിക്കാനാവില്ലെന്നാണ് ഡെവൺ പറയുന്നത്. കൂടുതൽ നേരമിരുന്ന് ജോലി ചെയ്യുന്നുണ്ടെങ്കിൽ, അത് സ്വന്തം സ്റ്റാർട്ടപ്പിന് വേണ്ടി മാത്രമായിരിക്കുമെന്നും യുവാവ് അഭിമുഖത്തിൽ പറഞ്ഞു.
തങ്ങളുടെ ടൂളുകൾക്കും ഉൽപ്പന്നങ്ങൾക്കും വേണ്ടിയുള്ള കോഡിങ് തയ്യാറാക്കാനാണ് ഡെവണിനെ ഗൂഗിൾ ജോലിക്കെടുത്തത്. അതിന് വേണ്ടിയാണ് 20-കാരൻ സമയം മുഴുവൻ ചിലവഴിക്കേണ്ടതും. എന്നാൽ, ഒരു പ്രവർത്തി ദിനത്തിൽ രാവിലെ 10 മണി സമയത്തായിരുന്നു ഫോർച്യൂൺ മാഗസിൻ യുവാവിന്റെ അഭിമുഖമെടുത്തത്.
അപ്പോൾ, താൻ ഇതുവരെ ലാപ്‌ടോപ്പ് തുറന്നിട്ടില്ലെന്നും ജോലി ആരംഭിച്ചിട്ടില്ലെന്നും ഡെവൺ തുറന്നുപറയുകയും ചെയ്തു. മാനേജരിൽ നിന്ന് പ്രധാനപ്പെട്ട സന്ദേശം വല്ലതും വന്നാൽ, അത് നഷ്‌ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ എന്ന് ചോദിച്ചപ്പോൾ, – അങ്ങനെ സംഭവിച്ചാൽ, “അത് ലോകാവസാനമൊന്നുമല്ല –ഞാൻ ഇന്ന് രാത്രി തന്നെ അതിൽ പറയുന്ന കാര്യങ്ങൾ ചെയ്യും.” -ഇങ്ങനെയായിരുന്നു യുവാവിന്റെ മറുപടി.വളരെ വേഗത്തിൽ ജോലി ചെയ്യാൻ കഴിയുന്ന ഡെവൺ തന്റെ ഓരോ ആഴ്ചയും ആരംഭിക്കുന്നത് തന്നെ ഏൽപ്പിച്ച ജോലിയുടെ വലിയൊരു ഭാഗത്തിന് വേണ്ടിയുള്ള കോഡിങ് തയ്യാറാക്കിക്കൊണ്ടാണെന്ന് വെളിപ്പെടുത്തി.
അത് ആഴ്ചയിലെ ബാക്കിയുള്ള ദിവസങ്ങളിൽ കൂടുതൽ നേരവും മറ്റ് കാര്യങ്ങൾ ചെയ്യുന്നതിനായി വിനിയോഗിക്കാൻ സഹായിക്കും. ഗൂഗിളിൽ ഇന്റേൺഷിപ്പ് ചെയ്ത കാലത്ത് തന്നെ തനിക്കവിടെ കഠിനാധ്വാനം ചെയ്യേണ്ടി വരില്ലെന്ന് മനസിലായതായി 20-കാരൻ പറയുന്നു. ഇന്റേൺഷിപ്പിനിടെ, എല്ലാ കോഡുകളും നേരത്തെ എഴുതി പൂർത്തിയാക്കിയത് കാരണം, ഹവായിലേക്ക് ഒരാഴ്ച നീണ്ട യാത്ര പോകാനും ഡെവണ് കഴിഞ്ഞു.”ഞാൻ ദീർഘനേരം ജോലി ചെയ്യണമെങ്കിൽ, അതൊരു സ്റ്റാർട്ടപ്പിൽ മാത്രമായിരിക്കും,” ഡെവൺ ഫോർച്യൂണിനോട് പറഞ്ഞു. “മിക്ക ആളുകളും ഗൂഗിൾ തിരഞ്ഞെടുക്കുന്നത് ജോലി-ജീവിത ബാലൻസും ആനുകൂല്യങ്ങളും കാരണമാണ്.
നിങ്ങൾക്ക് വേണമെങ്കിൽ ആപ്പിളിൽ ജോലി ചെയ്യാം, ആപ്പിളിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർക്ക് അത്തരം ആരാധകരുണ്ട്. അവർ മണിക്കൂറുകളോളം ജോലി ചെയ്യുന്നു… എന്നാൽ ഗൂഗിളിൽ, തങ്ങൾ ചെയ്യുന്നത് ഒരു ജോലിയാണെന്ന് മിക്കവർക്കും അറിയാം. – ഡെവോൺ കൂട്ടിച്ചേർത്തു.