ദുബായിയിൽ മലയാളികൾക്ക് ഒടുക്കത്തെ ഭാഗ്യം; ബിഗ് ടിക്കറ്റിൽ 22 ലക്ഷം അടിച്ചത് 5 മലയാളികൾക്ക്
ദുബായി ബിഗ് ടിക്കറ്റിൽ കോടികൾ സമ്മാനമായി ലഭിച്ച ഇന്ത്യക്കാർ നിരവധിയാണ്. ഇതിൽ നിരവധി മലയാളികളും ഉൾപ്പെടുന്നു. നിന്ന നിൽപ്പിൽ ജീവിതം മാറ്റുന്ന ബിഗ് ടിക്കറ്റ് എടുക്കുന്ന കാര്യത്തിൽ അതുകൊണ്ട് തന്നെ മലയാളികളാരും മടികാണിക്കാറുമില്ല. ഇപ്പോഴിതാ ഇത്തരത്തിൽ ടിക്കറ്റെടുത്ത മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ തേടി വീണ്ടും ഭാഗ്യമെത്തിയിരിക്കുകയാണ്. പ്രതിവാര നറുക്കെടുപ്പിൽ 22 ലക്ഷം അടിച്ച 8 പേരിൽ 7 പേരും ഇന്ത്യക്കാരാണ്.
കുവൈത്തിൽ ഡ്രൈവറായ 44കാരനായ അനീഷ് സെബാസ്റ്റ്യനാണ് ഇതിൽ ഒരാൾ. ഈ മാസം ഒന്നാം തീയതി നടന്ന നറുക്കെടുപ്പിലാണ് അനീഷിനെ തേടി ഭാഗ്യമെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് എന്നും ലോട്ടറി എടുക്കാറുണ്ടെന്ന് അനീഷ് പറയുന്നു. എന്തായാലും ഒടുവിൽ ഭാഗ്യം തുണച്ചു. പണം കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വീട് പണി എന്നായിരുന്നു അനീഷിന്റെ ഉത്തരം. പുതിയൊരു വീടെന്ന സ്വപ്നത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അനീഷ്. ഭാഗ്യദേവത കടാക്ഷിച്ചത് കൃത്യസമയത്താണെന്നും അനീഷ് പറയുന്നു.
22 ലക്ഷം കൈയ്യിൽ വന്നതിൽ തുള്ളിച്ചാടുകയാണ് അബുദാബിയിൽ താമസിക്കുന്ന കിരൺ ഗോപിനാഥ് എന്ന 31 കാരൻ. കഴിഞ്ഞ രണ്ട് വർഷമായി സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റ് എടുക്കുന്നുണ്ട് കിരൺ. ചില സാമ്പത്തിക ബാധ്യതകൾ ഉണ്ട് കിരണിന്. സമ്മാനത്തുകകൊണ്ട് കടം വീട്ടുമെന്ന് കിരൺ പറയുന്നു.
മൂന്നാമത്തെ ഭാഗ്യവാനായ ബിബിൻ ബാബു ലുലു ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനാണ്. സുഹൃത്തുക്കളായ 22 പേർക്കൊപ്പമാണ് ബിബിൻ ബാബു ടിക്കറ്റ് എടുത്തത്. സ്വന്തം പേരിലായിരുന്നു ബിബിൻ ടിക്കറ്റ് എടുത്തത്, സമ്മാനവും തേടിയെത്തി. തനിക്ക് ലഭിക്കുന്ന സമ്മാനത്തുക കൊണ്ട് സ്വന്തം വിവാഹം പൊടിപൊടിക്കാനാണ് ബിബിന്റെ പ്ലാൻ.
അബുദാബിയിൽ കഫ്റ്റീരിയയിൽ പാചകക്കാരനായ ബാലൻ നായിടിക്കുന്നത്താണ് സമ്മാനം ലഭിച്ച മറ്റൊരാൾ. കഴിഞ്ഞ ഒരു വർഷമായി 30 കൂട്ടുകാരുമായി ചേർന്നാണ് ബാലൻ ടിക്കറ്റ് എടുത്തിരുന്നത്. സമ്മാനം ലഭിച്ചതിന്റെ സന്തോഷം ബാലനും മറച്ചുവെക്കുന്നില്ല. ഇനിയും ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന് അദ്ദേഹം പറയുന്നു.
ഷാർജയിൽ ബാങ്ക് ജീവനക്കാരനായ സാഹിർ പുതിയാണ്ടി (48)യും ലോട്ടറി അടിച്ച ത്രില്ലിലാണ്. ബന്ധുക്കളായ നാല് പേർക്കൊപ്പമായിരുന്നു അദ്ദേഹം ടിക്കറ്റെടുത്തത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ഷാർജയിലാണ് അദ്ദേഹം കഴിയുന്നത്.22 ലക്ഷം നേടിയ ഒരാൾ ഹൈദരാബ് സ്വദേശിയായ ശ്രീനിലവാസൻ എക്കലദേവി സുദർശൻ ആണ്. അദ്ദേഹം റെയിൽവേ ജീവനക്കാരനാണ്. നാട്ടിൽ നിന്ന് ഓൺലൈനായാണ് ടിക്കെറ്റെടുത്ത്. സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം സമ്മാനത്തുക പങ്കിടുമെന്നും അദ്ദേഹം പറയുന്നു.
ഖത്തറിൽ ജോലി ചെയ്യുന്ന 39കാരനായ കിഷോക് കുമാറാണ് 22 ലക്ഷം നേടിയെ മറ്റൊരു ഭാഗ്യവാൻ. ഗ്രാന്റ് പ്രൈസ് ലഭിക്കുന്നത് വരെ ടിക്കറ്റെടുക്കുന്നത് തുടരുമെന്നാണ് ഇദ്ദേഹം പറയുന്നത്.ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 15 മില്ല്യൺ ദിർഹത്തിന് ഒന്നാം സമ്മാനവും ലഭിച്ചത് ഇന്ത്യക്കാരനായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ സക്കീല്‍ ഖാന്‍ സര്‍വീര്‍ ഖാന്‍ ആയിരുന്നു വിജയി. 191115 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് 33 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് സമ്മാനം